Categories: India

അവള്‍ ജീവിക്കും ഞങ്ങളിലൂടെ; നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും

Published by

ന്യൂദല്‍ഹി: ഞങ്ങളുടെ കണ്ണീര്‍ ഇനിയും വറ്റിയിട്ടില്ല. ഓരോ ദിവസവും കടന്നുപോകുന്നത്‌ അവളുടെ ഓര്‍മ്മകളിലൂടെയാണ്‌. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണിത്‌. ഓടുന്ന ബസ്സില്‍ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അവള്‍ക്കുവേണ്ടി ഒരു രാജ്യം മുഴുവന്‍ തേങ്ങി. രാജ്യത്തെ നടുക്കിയ ധാരുണ സംഭവത്തിന്‌ ഇന്ന്‌ ഒരാണ്ട്‌ തികയുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ മകളുടെ ഓര്‍മ്മകള്‍ നിറകണ്ണുകളോടെ പങ്കുവെക്കുകയാണ്‌ 48 കാരനായ ഈ അച്ഛന്‍.

മകള്‍ വിട്ടുപിരിഞ്ഞിട്ട്‌ വര്‍ഷം ഒന്നു തികയുമ്പോഴും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന്‌ ഈ കുടുംബം ഇതുവരെ കരകയറിയിട്ടില്ല. വധശിക്ഷ ലഭിച്ചെങ്കിലും മകളുടെ മരണത്തിന്‌ കാരണക്കാരായ നാല്‌ കുറ്റവാളികളോടും തീര്‍ത്താ തീരാത്ത വിദ്വേഷമാണ്‌ ഇവര്‍ക്ക്‌.

ജീവിതത്തില്‍ ഒരിക്കലും ഈ ദുരന്തത്തില്‍ നിന്ന്‌ കരകയറാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കില്ല. എങ്കിലും ഞങ്ങളിലൂടെ അവള്‍ എന്നും ജീവിക്കും അച്ഛന്‍ പറഞ്ഞു. അവള്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ലെങ്കിലും എന്റെ ഭാര്യ ഇപ്പോഴും അവള്‍ക്ക്‌വേണ്ടി ഭക്ഷണം ഉണ്ടാക്കാറുണ്ട്‌. ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്നും അവളെക്കുറിച്ച്‌ ഓര്‍ക്കാറുണ്ട്‌. അന്ന്‌ അവള്‍ വീട്ടില്‍ നിന്നു പോകുമ്പോള്‍ രണ്ട്‌ മൂന്ന്‌ മണിക്കൂറിനുശേഷം മടങ്ങിയെത്തുമെന്നാണ്‌ അമ്മയോട്‌ പറഞ്ഞത്‌. എന്നാല്‍ മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഞങ്ങളുടെ കാത്തിരിപ്പ്‌ അസാനിച്ചിട്ടില്ല.

മകള്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ യഥാര്‍ത്ഥ പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്‌. ശരിയായ ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അച്ഛന്‍ പറഞ്ഞു.

ഇതുവരെ ഞങ്ങള്‍ക്ക്‌ നീതി ലഭിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഉള്‍പ്പെടെ എല്ലാവരേയും തൂക്കിലേറ്റിയാല്‍ മാത്രമെ ഞങ്ങള്‍ക്ക്‌ വിശ്രമമുണ്ടാകൂ, അതിനുശേഷം മാത്രമേ സമാധാനമായി കിടന്നുറങ്ങാന്‍ സാധിക്കൂ.

ദല്‍ഹി സംഭവത്തിനുശേഷവും രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകാത്തിടത്തോളം റോഡുകള്‍ പോലും സ്ത്രീകള്‍ക്ക്‌ സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി, നിയമങ്ങള്‍ മാറി, പോലീസ്‌ കൂടുതല്‍ ജാഗരൂകരായി. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഇതുവരെ നിലച്ചിട്ടില്ല. എല്ലാ ദിവസും സ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നു. എവിടെയാണ്‌ മാറ്റം ഉണ്ടായിരിക്കുന്നത്‌. എനിക്ക്‌ ഒരു മാറ്റവും കാണാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ക്ക്‌ അതിന്‌ സാധിക്കുന്നുണ്ടോയെന്നും അച്ഛന്‍ ചോദിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക്‌ നീതി ലഭിക്കണമെന്നാശ്യപ്പെട്ട്‌ രാജ്യത്താദ്യമായി ഏറ്റവും വലിയ ജനമുന്നേറ്റം ഉണ്ടായത്‌ കഴിഞ്ഞവര്‍ഷമാണ്‌. രാഷ്‌ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്സിനക്കുന്ന്‌ ആ ജനമുന്നേറ്റത്തിന്‌ സാക്ഷ്യം വഹിച്ചു. പ്രായഭേദമന്യേ പ്രതിഷേധത്തിന്‌ പിന്തുണയര്‍പ്പിച്ച്‌ പതിനായിരങ്ങളാണ്‌ അവിടേക്ക്‌ ഓടിയെത്തിയത്‌. രാജ്യത്തെ ഭരണസംവിധാനത്തെ സ്തംഭിപ്പിച്ച പ്രതിഷേധം നിയമസംവിധാനത്തിന്റെ തന്നെ മാറ്റത്തിനാണ്‌ കളമൊരുക്കിയത്‌. ഒരാഴ്ച നീണ്ടു നിന്ന ജനരോഷത്തിനൊടുവില്‍ പെണ്‍കുട്ടിക്ക്‌ വേണ്ടതെല്ലാം ചെയ്യാമെന്ന്‌ ഭരണാധികാരികള്‍ വാഗ്ദാനം നല്‍കി. ക്രൂരമായ മുറിവുകള്‍ ഏറ്റുവാങ്ങേണ്ടിവന്ന യുവതിയെ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ ആദ്യം പ്രവേശിപ്പിച്ചത്‌. എന്നാല്‍ ജനരോക്ഷത്തിന്റെ ഫലമായി വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ബലാത്സംഗക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ അതിവേഗക്കോടതി സ്ഥാപിച്ചതും പ്രതിഷേധത്തിനൊടുവിലാണ്‌. ഇത്തരം കേസുകളില്‍ നിയമം കര്‍ക്കശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ്‌ വര്‍മ കമ്മിറ്റിയേയും ഇതിനിടെ നിയോഗിച്ചു. സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ്‌ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ ശിക്ഷ കഠിനമാക്കിയത്‌. ഇത്തരം കേസുകളില്‍ സ്ത്രീകളുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താല്‍ മതിയെന്നും സമിതി റിപ്പോര്‍ട്ട്‌ മുന്നോട്ടുവെച്ചു.

സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച്‌ ഡിസംബര്‍ 29ന്‌ പെണ്‍കുട്ടി മരണത്തിന്‌ കീഴടങ്ങിയപ്പോള്‍ തലസ്ഥാന നഗരം മാത്രമല്ല രാജ്യം മുഴുവന്‍ വിതുമ്പി. ലോകരാഷ്‌ട്രങ്ങള്‍ പോലും പെണ്‍കുട്ടിയുടെ ആത്മധൈര്യത്തിനുമുന്നില്‍ പ്രണാമമര്‍പ്പിച്ച കാഴ്ച നാം കണ്ടു.

രാജ്യത്തെ നടുക്കിയ സംഭവത്തിന്‌ ഒരാണ്ട്‌ തികയുമ്പോഴും നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കുകയാണ്‌ ഈ അച്ഛന്‍. ഇനി ഒരു പെണ്‍കട്ടിക്കുപോലും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും അതിനുവേണ്ടിയാണ്‌ തങ്ങളുടെ പോരാട്ടമെന്നും അച്ഛന്‍ പറഞ്ഞു.

നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്ന്‌ പറയുമ്പോഴും മകളുടെ വേര്‍പാട്‌ തീരാദു:ഖമാണ്‌ ഈ മാതാപിതാക്കള്‍ക്ക്‌. പുറത്തുപോകുന്ന പെണ്‍കുട്ടികളോട്‌ അതീവ ശ്രദ്ധയുണ്ടാകണമെന്ന്‌ മാതാപിതാക്കള്‍ പറഞ്ഞു നല്‍കണമെന്നും അവസാനമായി അച്ഛന്‍ പറഞ്ഞു നിര്‍ത്തി. മകളുടെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 29ന്‌ സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ ബാലിയയിലേക്ക്‌ പോകാനൊരുങ്ങുകയാണ്‌ ഈ കുടുംബം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by