പത്തനംതിട്ട: റേഷന്‍ സബ്സിഡിക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു. പാചകവാതക വിതരണത്തെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിച്ച ശേഷമാകും ഈ നടപടി. എല്‍പിജി മേഖലയിലെ 80 ശതമാനത്തിലധികം ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍തന്നെ റേഷന്‍ സബ്സിഡി പുതിയ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത്. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിച്ച പദ്ധതിയാണിത്.
കേരളത്തില്‍ 80 ലക്ഷത്തിലധികം കാര്‍ഡ് ഉടമകളാണുള്ളത്. പുതിയ സംവിധാനം നിലവില്‍വരുമ്പോള്‍ അത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. റേഷന്‍ വാങ്ങുന്ന ഗ്രഹനാഥന്റെ പേരില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പല കുടുംബങ്ങളിലേയും ഗൃഹനാഥന്മാര് പ്രായമേറിയവരും ആധാര്‍ കൈവശം ഇല്ലാത്തവരുമാകാം. ഇതുകൂടാതെ ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നുമില്ല. സാക്ഷരത പൂര്ണ്ണതയിലെത്തിയിട്ടും ആവശ്യമുള്ള രേഖകള്‍ കൈവശം സൂക്ഷിക്കുന്നതില്‍ സമൂഹം പിന്നോക്കമാണ്, ഇതു കൂടുതലും ബാധിക്കുക ബിപിഎല്‍ കുടുംബങ്ങളെയാകും.
400 മുതല്‍ 500 വരെ കുടുംബങ്ങള്‍ ഒരു റേഷന്‍ കടയുടെ പരിധിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇതില്‍ നൂറില്‍ താഴെ കുടുംബങ്ങളാണ് റേഷന്‍ സാധനങ്ങള്‍ കൃത്യമായി വാങ്ങാറുള്ളത്. ബാക്കിവരുന്ന അരി, ഗോതമ്പ്, പഞ്ചസാര ഇവയെല്ലാം പലസ്ഥലങ്ങളിലും മറിച്ചുവില്‍ക്കുന്നതായി പരാതിയുണ്ട്. ചില സ്ഥലങ്ങളില്‍ ഇതുസംബന്ധിച്ച് കേസുകളും നിലവിലുണ്ട്. ഈ പരാതികള്‍ ഒഴിവാക്കി പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് സബ്സിഡിയ്ക്കായി ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഇതോടൊപ്പം ആധാര്‍ ഇല്ലാത്ത ബിപിഎല്‍ കുടുംബങ്ങളിലെ ഗ്രഹനാഥന്മാരുടെ റേഷന്‍ നിഷേധിക്കപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം സംബന്ധിച്ചും തര്‍ക്കമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി സ്വീകരിക്കുന്ന നിലപാടുകള്‍ വ്യത്യസ്ഥമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം 32.29 ലക്ഷം പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ ഇതു വളരെ കൂടുതലാണ്. ഇത് റേഷന്‍ സാധനങ്ങളുടെ വിതരണത്തെ ദോഷകരമായി ബാധിക്കും. ഭൂരിപക്ഷംപേരും ഇപ്പോള്‍ റേഷന്‍ വാങ്ങാത്തതിനാലാണ് കേരളത്തില്‍ ഇപ്പോള്‍ പ്രതിസന്ധിയില്ലാത്തത്.
ആധാറുമായി കാര്‍ഡുകള്‍ ബന്ധപ്പെടുത്തുന്നതോടെ ഈ രംഗത്തെ അഴിമതി ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വിശ്വസിക്കുന്നു. വ്യാജ കാര്‍ഡുകളുടെ ഉപയോഗം തടയുന്നതിനും ഇത് വഴിയൊരുക്കുന്നു. മികച്ച വിതരണ ശൃംഖല സൃഷ്ടിക്കുന്നതോടൊപ്പം സൂക്ഷ്മപരിശോധനകള്ക്കും കൂടുതല്‍ അവസരമൊരുങ്ങും. അരി, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവ എത്തുമ്പോള്‍ ഉപഭോക്താവിന്റെ മൊബെയില്‍ ഫോണിലേക്ക് ഇതിന്റെ വിവരങ്ങള്‍ ഇനി എസ്എംഎഎസ് ആയി ലഭിക്കും.
ജി.സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: