തിരുവനന്തപുരം: ജനങ്ങളുടെ കൂടെ നിന്ന ഏറ്റവും വലിയ ജനകീയനായ മഹാരാജാവായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെന്ന് നടന് സുരേഷ്ഗോപി. തിരുവിതാംകൂര്‍ രാജവംശത്തില്‍ അധികാരമില്ലാതെ സാധാരണക്കാരനായി ജനങ്ങളോടൊപ്പം നിന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചരിത്രത്തിലെന്നും നിറഞ്ഞുനില്ക്കും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കൊപ്പം ചെലവഴിക്കാന്‍ ലഭിച്ച ചില മുഹൂര്‍ത്തങ്ങളും സുരേഷ്ഗോപി അനുസ്മരിച്ചു.
ഒരിക്കല്‍ തനിക്കൊരു ഫോണ്‍ കാള്‍. മറുവശത്ത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ്. ‘ സുരേഷ്ഗോപി ആറന്മുള വള്ളസദ്യയ്ക്കു പോകുന്നുണ്ടോ? ‘ഉണ്ട് തമ്പുരാന്’. ‘എന്നേയും കൂടി സുരേഷിന്റെ കാറില്‍ കൊണ്ടു പോകാമോ എന്നായി തമ്പുരാന്. കുറച്ചു നേരത്തിനുള്ളില്‍ പട്ടം കൊട്ടാരത്തിനു മുന്നില്‍ താനെത്തി. അവിടെ നിന്നും യാത്ര തുടങ്ങി. കാര്‍ സാധാരണ സ്പീഡിലാണ് പോകുന്നത്. ‘ഞാന്‍ വിചാരിച്ചു സുരേഷ് ഗോപി കാര്‍ പറപ്പിക്കുമെന്ന് ‘തമ്പുരാന്റെ കമന്റ്. ഞാന്‍ 100 ലൊക്കെ വിടുമായിരുന്നു. പക്ഷേ തമ്പുരാന് ഒപ്പമില്ലേ അതാ. ഒരു കുഴപ്പവും കൂടാതെ തിരികെ കൊട്ടാരത്തിലെത്തിക്കണം എന്ന് മറുപടി പറഞ്ഞു. പിന്നെ യാത്രയിലുടനീളം സംസാരം കാറുകളെ കുറിച്ചായിരുന്നു.
ആറന്മുളയിലെത്തിയപ്പോള് ഉത്രാടം തിരുനാളിനെ കാണാനും തൊഴാനും വേണ്ടി ജനം ഇരച്ചു കയറി. വിനയത്തോടെ കൂനിക്കൂടി നില്ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മയെ തള്ളിലില് നിന്നും രക്ഷിക്കാന്‍ താന്‍ നന്നേ പാടുപെട്ടു. വള്ളസദ്യ ഉണ്ടു. തിരികെ മടങ്ങും നേരം ഒരാഗ്രഹം ഉത്രാടം തിരുനാള്‍ തന്നോടു പറഞ്ഞു. അടുത്ത വര്‍ഷം എന്റെ വക വള്ള സദ്യ വേണം.
അമ്പലങ്ങളിലേക്ക് ശുദ്ധമായ ഭസ്മം മതാചാര പ്രകാരം സംസ്കരിച്ചെടുക്കാന്‍ ഗോശാലകള്‍ വ്യാപകമാക്കണമെന്ന് തന്നോടു ഉത്രാടം തിരുനാള്‍ പറഞ്ഞിരുന്നുവെന്ന് സുരേഷ്ഗോപി പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ ഗോശാലയില്‍ നിന്നും ഈ പദ്ധതി തുടങ്ങണമെന്നും ഇങ്ങനെ നിര്‍മ്മിച്ചെടുക്കുന്ന ഭസ്മം നഗരത്തിലെ ക്ഷേത്രങ്ങളില്‍ ആദ്യം വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമ്പുരാന്റെ ആഗ്രഹ പ്രകാരം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനായി പരിശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
ക്ഷേത്രത്തില്‍ നിധി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദത്തില്‍ ഉത്രാടം തിരുനാളിനെതിരെ ചില രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഉണ്ടായ മോശം പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ വിഷമിച്ചിരുന്നു എന്ന് നിര്‍മ്മാതാവ് ജി. സുരേഷ്കുമാര്‍ പറഞ്ഞു. ‘ഞാന്‍ പത്മനാഭ സ്വാമിയുടെ സ്വത്തിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. ക്ഷേത്രത്തില്‍ നിന്നും ഇറങ്ങിയാല്‍ കാലില്‍ പുരണ്ട മണ്ണു പോലും തട്ടികുടഞ്ഞിട്ടാണ് മടങ്ങുന്നത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഡച്ചുകാരെ പരാജയപ്പെടുത്തിയ ഏഷ്യന്‍ രാജ്യത്തെ രാജവംശമെന്ന നിലയില്‍ കുളച്ചലിലുള്ള സ്മാരകം വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെടാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. തിരുവട്ടാര്‍ അമ്പലത്തിന്റെ ജീര്‍ണാവസ്ഥ മാറ്റണമെന്നതും അമ്പലങ്ങളില്‍ ശുദ്ധമായ പാലും ഭസ്മവും സാമ്പ്രാണിയും ലഭ്യമാക്കാന്‍ ഗോശാലകള്‍ വേണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളായിരുന്നുവെന്നും സുരേഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: