തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തോടും സനാതന മൂല്യങ്ങളോടും ആദരവ് പുലര്‍ത്തിയിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ‘ജന്മഭൂമി’ ദിനപത്രത്തോട് അത്യന്തം സ്നേഹവായ്പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ജന്മഭൂമിയില് വരുന്ന ലേഖനങ്ങള്‍ അദ്ദേഹം സശ്രദ്ധം വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നതായി കുടുംബാംഗങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജന്മഭൂമിയില് വന്ന ലേഖനങ്ങള്‍ രാജകൊട്ടാരത്തിനെതിരെന്ന കുടുംബാംഗങ്ങളില്‍ ചിലരുടെ അഭിപ്രായത്തെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തിരുത്തിയിട്ടുണ്ട്. ജന്മഭൂമി നേരിനെ ബോധ്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറയുമായിരുന്നു. ജന്മഭൂമി നിത്യേന പ്രസിദ്ധീകരിക്കുന്ന സംസ്കൃതി പേജ് ഭാരതീയ സംസ്കാരത്തെ അടുത്തറിയാന്‍ കൂടുതല്‍ ഉപകരിക്കുമെന്നതിനാല്‍ ആ പേജ് ശേഖരിച്ച് വായിക്കാനും കരുതിവയ്ക്കാനും കുടുംബാംഗങ്ങള്‍ ശ്രമിക്കണമെന്ന് തമ്പുരാന് ഓര്മപ്പെടുത്തിയിട്ടുള്ളതായി അദ്ദേഹത്തിന്റെ സെക്രട്ടറി പ്രസാദ് വര്‍മ തമ്പുരാന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ ഓണപ്പതിപ്പ് ഇഷ്ടപ്പെട്ട തമ്പുരാന് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളും നല്കി. ഇത്തവണത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തെയും ലക്ഷദീപത്തിന്റെ സവിശേഷതയെയും പറ്റി സവിസ്തരം ജന്മഭൂമിയില് പ്രസിദ്ധീകരിക്കാന്‍ അഭിമുഖം നല്‍കാമെന്നും സമ്മതിച്ചിരുന്നതിനിടയിലാണ് അസുഖം മൂര്‍ച്ഛിച്ചതും വിയോഗം സംഭവിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: