ന്യുദല്‍ഹി: സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ.കെ. ഗാംഗുലിക്കെതിരായ യുവ അഭിഭാഷകയുടെ ലൈംഗികപീഡന പരാതിയിലെ നിര്‍ണ്ണായക മൊഴി പുറത്തായി. ജസ്റ്റിസ് ഗാംഗുലി കടന്നുപിടിക്കുകയും കൈകളില്‍ ചുംബിക്കുകയും ചെയ്തെന്നും രാത്രി ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചതായും സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ന്യായാധിപ സമിതിക്കു മുമ്പാകെ നല്കിയ മൊഴിയില്‍ യുവ അഭിഭാഷക പറയുന്നു. ദല്‍ഹിയില്‍ ബസ്സിനുള്ളില്‍ പെണ്‍കുട്ടി അതിക്രൂരമായി പീഡനത്തിനിരയായതിന്റെ വാര്‍ഷിക ദിനത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ്ങാണ് യുവ അഭിഭാഷകയുടെ മൊഴി അപ്രതീക്ഷിതമായി പുറത്തുവിട്ടത്. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് സ്ഥാനത്തുനിന്നും രാജിവയ്ക്കാതിരിക്കാനുള്ള ജസ്റ്റിസ് ഗാംഗുലിയുടെ ശ്രമങ്ങള്‍ക്ക് പരാതിക്കാരിയുടെ മൊഴി പുറത്തുവന്നത് തിരിച്ചടിയായി.
ജസ്റ്റിസ് ഗാംഗുലിയുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന പെണ്‍കുട്ടിയെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കഴിഞ്ഞ ഡിസംബര്‍ 24നാണ് ദല്‍ഹിയിലെ ലേ മെറി ഡിയന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. റൂമിലുണ്ടായിരുന്ന ഫെഡറേഷന് പ്രതിനിധിയും സ്റ്റെനോഗ്രാഫറായ സ്ത്രീയും പോയ ശേഷം തന്റെ മുറിയില്‍ രാത്രി തങ്ങണമെന്ന് ജസ്റ്റിസ് ആവശ്യപ്പെട്ടതായി യുവ അഭിഭാഷകയുടെ മൊഴിയില്‍ പറയുന്നു. റിപ്പോര്‍ട്ട് പിറ്റേന്ന് രാവിലെ തന്നെ നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞാണ് തന്നോട് രാത്രി നില്ക്കാന് ആവശ്യപ്പെട്ടത്. ആദ്യം പ്രത്യേകം മുറി നല്‍കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ജസ്റ്റിസിന്റെ മുറിയില്‍ത്തന്നെ താമസിക്കാന്‍ നിര്‍ബന്ധിച്ചു. കുടിക്കാനായി വൈന്‍ നല്‍കിയെങ്കിലും ഒഴിഞ്ഞുമാറിക്കൊണ്ട് കംപ്യൂട്ടറില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലെന്ന കാരണം പറഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങാനായി എണീറ്റു. അപ്പോള്‍ പിന്നാലെ വന്ന ജസ്റ്റിസ് ഇരു കൈകളിലും പിടിച്ച് നീ വളരെ സുന്ദരിയാണെന്നും ഞാന്‍ നിന്നില്‍ ആകൃഷ്ടയാണെന്നും പറഞ്ഞ് കൈകളില്‍ ചുംബിക്കുകയായിരുന്നു. കൈകള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കടന്നു പിടിക്കുകയും ചെയ്തു.
ഒടുവില്‍ പിടി വിടുവിച്ച് റൂമിനു പുറത്തിറങ്ങിയ തനിക്കു പിന്നാലെ അഭ്യര്‍ത്ഥനയായി റിസപ്ഷന് വരെ ജസ്റ്റിസ് എത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. പിറ്റേന്നു തന്നെ ഇന്റേണ്‍ഷിപ്പ് മതിയാക്കി മടങ്ങി. പലതവണ ജസ്റ്റിസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തിരുന്നില്ലെന്നും സുപ്രീംകോടതി സമിതിക്കു മുമ്പാകെ നല്കിയ മൊഴിയില്‍ യുവതി പറയുന്നു. നിര്‍ണ്ണായക മൊഴി പുറത്തു വന്നതോടെ മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതിനുള്ള സമ്മര്‍ദ്ദം ജസ്റ്റിസിനുമേല്‍ ഏറിയിട്ടുണ്ട്.
യുവ അഭിഭാഷക ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പെണ്‍കുട്ടി തനിക്കു മകളെപ്പോലെയാണെന്നും പറഞ്ഞ് മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തു കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന ജസ്റ്റിസ്, പൊതു രംഗത്തെ സ്വാധീനം കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ് മൊഴിയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
അതിനിടെ ജസ്റ്റിസ് ഗാംഗുലിക്കെതിരെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതി സമിതി തന്നെ പ്രഥമദൃഷ്ട്യാ ഗാംഗുലിക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനം ഗാംഗുലി രാജിവയ്ക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: