പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് തോല്‍വിയിലേക്ക് നീങ്ങുന്നു. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 504 റണ്‍സ് വേണ്ട ഇംഗ്ലണ്ട് നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിവസവും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ വിജയിക്കാന്‍ ഇംഗ്ലണ്ടിന് 253 റണ്‍സ് കൂടി വേണം. 52 റണ്‍സോടെ ബെന്‍ സ്റ്റോക്കും റണ്ണൊന്നുമെടുക്കാതെ മാറ്റ് പ്രയറുമാണ് ക്രീസില്‍.
നേരത്തെ 235ന് മൂന്ന് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 6ന് 369 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഷെയ്ന്‍വാട്സന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്നലത്തെ കളിയുടെ സവിശേഷത. 29 റണ്‍സുമായി കളി പുനരാരംഭിച്ച വാട്സണ് ഏകദിന ശൈലിയിലാണ് റണ്‍സ് വാരിക്കൂട്ടിയത്. എന്നാല്‍ സ്മിത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അഞ്ച് റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന സ്മിത്ത് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് സ്റ്റോക്കിന്റെ പന്തില്‍ പകരക്കാരന് ഫീല്‍ഡര്‍ ബെയര്‍സ്റ്റോവിന് ക്യാച്ച് നല്കി മടങ്ങി. പിന്നീടെത്തിയ ബെയ്ലി വാട്സണ് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 331-ല്‍ എത്തിച്ചു.
ഇതിനിടെ വാട്സണ് സെഞ്ച്വറി പൂര്‍ത്തിയാക്കി. 106 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും അഞ്ച് സിക്സറുമടക്കമാണ് വാട്സണ് 100 കടന്നത്. എന്നാല്‍ വ്യക്തിഗത സ്കോര്‍ 103-ല്‍ നില്‍ക്കേ വാട്സണ് റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 340-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ഹാഡിനെ ബ്രസ്നന്റെ പന്തില്‍ സ്വാന് പിടികൂടി. സ്കോര്‍ 369-ല്‍ എത്തിയപ്പോള്‍ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 30 പന്തുകളില്‍ നിന്ന് മൂന്നുവീതം സിക്സറും ബൗണ്ടറികളുമടക്കം 39 റണ്‍സുമായി ബെയ്ലിയും റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ ജോണ്‍സണുമായിരുന്നു ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ബ്രസ്നനും സ്റ്റോക്ക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
504 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സിലെ ആദ്യപന്തില്‍ തന്നെ കുക്കിനെ ഹാരിസ് ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ കാര്‍ബെറിയും റൂട്ടും ചേര്‍ന്ന് മുന്നോട്ടുനയിച്ചെങ്കിലും സ്കോര്‍ 19 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 31 റണ്‍സെടുത്ത കാര്‍ബെറിയെ വാട്സണ് വിക്കറ്റിന് മുന്നില്‍ കുടക്കുകയായിരുന്നു. സ്കോര്‍ 76-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത റൂട്ടിനെ മിച്ചല്‍ ജോണ്സണ് ഹാഡിന്റെ കൈകളിലെത്തിച്ചു. പിന്നീട് പീറ്റേഴ്സണും ഇയാന്‍ ബെല്ലും ചേര്‍ന്ന് സ്കോര്‍ 121-ല്‍ എത്തിച്ചു. 45 റണ്‍സെടുത്ത പീറ്റേഴ്സണെ ലിയോണ്‍ ഹാരിസിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഇയാന്‍ ബെല്ലും സ്റ്റോക്കും ചേര്‍ന്ന് നേടിയ 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ കരകയറ്റിയത്. എന്നാല്‍ സ്കോര്‍ 220-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത ബെല്ലിനെ സിഡില്‍ ഹാഡിന്റെ കൈകളിലെത്തിച്ചു. അവസാന ദിവസമായ ഇന്ന് സ്റ്റോക്കിന്റെയും പ്രയറിന്റെയും ബാറ്റിംഗ് പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇംഗ്ലണ്ടിന്റെ ഭാവി തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: