മീനങ്ങാടി: സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ‘എ’യിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം ഏജീസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള പോലീസ് സെമിയില്‍ കടന്നു. തുടര്‍ച്ചയായി രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പ്രതിരോധ നിരയിലെ മുഹമ്മദ് മര്‍സൂക്ക് പുറത്തായതിനെത്തുടര്‍ന്ന് മത്സരത്തിന്റെ അവസാന എട്ട് മിനിറ്റില്‍ 10 പേരായിരുന്നു പോലീസ് നിരയില്‍. ഇരു ടീമുകളും പരുക്കന്‍ അടവുകള്‍ പലവട്ടം പുറത്തെടുത്തു. റഫറിക്ക് നാല് തവണ മഞ്ഞക്കാര്‍ഡ് കാട്ടേണ്ടിവന്നു.
കളിയുടെ പതിനഞ്ചാം മിനിറ്റില്‍ പോലീസിന്റെ മധ്യനിരയിലെ കെ.പി. അനീഷാണ് ലോംഗ്ഷോട്ടിലൂടെ ആദ്യഗോള്‍ നേടിയത്. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ ഏജീസിന്റെ ഷെരീഫ് ഗോള്‍ മടക്കി. അറുപത്തിയഞ്ചാം മിനിറ്റില്‍ ജിമ്മി ജോര്‍ജ് ഉയര്‍ത്തി നല്കിയ പാസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ജിംഷാദ് പോലീസിനെ മുന്നിലെത്തിച്ചു. എഴുപത്തിരണ്ടാം മിനിറ്റില്‍ ജിമ്മിയുടെ ക്രോസില്‍ ജിപ്സണ്‍ ജസ്റ്റസിന്റെ കാലില്‍നിന്നായിരുന്നു പോലീസിന്റെ മൂന്നാമത്തെ ഗോള്‍. കളി തീരാന്‍ 10 മിനിറ്റ് ബാക്കിയിരിക്കെ ഇന്റര്‍നാഷണല്‍ താരം ഐ.എം. വിജയന് പോലീസിന്റെ ആക്രമണനിരയില്‍ ഇറങ്ങിയത് തിങ്ങിനിറഞ്ഞ ഗാലറിയില്‍ ആവേശമായി. സംസ്ഥാന ക്ലബ്ബ് ഫുട്ബാളിന്റെ കഴിഞ്ഞ പതിപ്പില്‍ നാലാം സ്ഥാനത്തായിരുന്ന പോലീസിന്റെ ജിമ്മി ജോസഫാണ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: