ബീജിംഗ്: ചൈനയിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 പേര് കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരും അക്രമത്തില്‍ മരിച്ചു. കൊല്ലപ്പെട്ടത് ഭീകരരാണെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
പടിഞ്ഞാറന്‍ ഷിന്‍ജിയാങിലെ ഷുഫുവില് അക്രമികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് പൊലീസുകാര്‍ ആക്രമിക്കപ്പെട്ടത്. തുടര്‍ന്നായിരുന്നു വെടിവെയ്പ്. അക്രമികള്‍ സ്ഫോടകവസ്തുക്കളും കത്തികളുമായിട്ടാണ് തങ്ങളെ നേരിട്ടതെന്ന് പൊലീസ് ആരോപിക്കുന്നു.
പാകിസ്ഥാന് ആസ്ഥാനമായ ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റ് ആണ് ആക്രമണത്തിനു പിന്നിലെന്ന് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് വ്യക്തമാക്കി.
ടിയാനന്മെന് സ്ക്വയറില്‍ ഈയിടെ ജനക്കൂട്ടത്തിനിടയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി രണ്ടു പേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇടിഐഎം എന്ന ഈ സംഘടന ഏറ്റെടുത്തിരുന്നു. ചൈനയിലെ പ്രധാന കേന്ദ്രങ്ങള്‍ തങ്ങള്‍ ആക്രമിക്കുമെന്ന് ഇടിഐഎം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: