ശബരിമല: സന്നിധാനത്തെ ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ മധുഗോപിനാഥും വക്കം സജീവും സംഘവും അവതരിപ്പിച്ച സമുദ്രനടനം വിസ്മയമായി. ഭാവാഭിനയത്തിലുപരി ശരീരഭാഷകൊണ്ട് ആശയവിനിമയം നടത്തുന്ന രീതിയാണ് സമുദ്രനടത്തിന്റേത്. ആയോധനകലകള്‍, ക്ഷേത്രകലകള്‍, യോഗ എന്നിവയെല്ലാം കോര്‍ത്തിണക്കിയുള്ള അപൂര്‍വ്വമായ അവതരണരീതി… അത്ഭുതപ്പെടുത്തുന്ന മെയ് വഴക്കത്തോടെ മധുവും സജീവും അരങ്ങില്‍ നിറഞ്ഞാടിയത് കണ്ടു നിന്നവര്‍ക്ക് വിസ്മയക്കാഴ്ച്ചയായി. ശബരീ സന്നിധിയില്‍ ഭക്തിപൂര്‍വ്വം നൃത്തം അവതരിപ്പിക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് മധു ഗോപിനാഥ് പറഞ്ഞു.
സൂര്യനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ആദിത്യഹൃദയമന്ത്രവും ശിവസ്തുതിയുമാണ് അയ്യപ്പസന്നിധിയില്‍ അവതരിപ്പിച്ചത്. സൂര്യന്റെ തേജസ്സിനെ വര്‍ണ്ണിച്ചും ശിവനോടുള്ള ഭക്തിപ്രകടിപ്പിച്ചും മെയ്യ് കണ്ണാക്കിയുള്ള അപൂര്വ്വപ്രകടനം. കോവളത്ത് സമുദ്ര പെര്‍ഫോമിങ്ങ് ആര്‍ട്സ് എന്ന പേരില്‍ ഇവര്‍ കലാസ്ഥാപനം നടത്തുകയാണ്. ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്,പോര്‍ച്ചുഗല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നൃത്ത വേദികളില്‍ പ്രകടനം നടത്തിയിട്ടുണ്ട്. പ്രശസ്തമായ ചില മലയാള ചലച്ചിത്രങ്ങള്‍ക്കായി കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. സൗണ്ട് ഓഫ് സെയിലന്‍സ്, ജലം, കോസ്മിക് ഡാന്‍സ് ഓഫ് ശിവ തുടങ്ങിയ നൃത്ത ശില്പങ്ങളും ഇവര്‍ അവതരിപ്പിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: