കോട്ടയം: സര്‍ദാര്‍ പട്ടേലിന്റെ ചരമദിനത്തില്‍ രാജ്യമെങ്ങും നടന്ന ഐക്യത്തിനായുള്ള കൂട്ടയോട്ടം പരിപാടിയില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പങ്കെടുത്തു. ഇതിനെ ബിജെപി പരിപാടിയില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ചു പി.സി.ജോര്‍ജ്ജ് പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ പ്രതികരിക്കാന്‍ ഇറങ്ങിയവര്‍ നാണം കെട്ടു. ഇതില്‍ പി.സി.യുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ നേതാക്കളും ഉള്‍പ്പെടുന്നു.
സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ പരിപാടി ആര് സംഘടിപ്പിച്ചാലും താന്‍ പങ്കെടുക്കുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. ഗുജറാത്ത് സര്‍ക്കാരാണ് അത് നടത്തുന്നത്. ജസ്റ്റിസ് കെ.ടി തോമസിന് സംഘാടകനായ കമ്മിറ്റിയാണ് കേരളത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇത് രാഷ്രീയമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമനിര്മാണത്തിനാണ് രാജ്യമെങ്ങും റണ്‍ ഫോര്‍ യൂണിറ്റി നടത്തുന്നത്. ബിജെപിയുടെ ചടങ്ങിലല്ല പങ്കെടുത്തത്. താന്‍ ഏറെ ആദരിച്ചിരുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കാനായി നടന്ന കൂട്ടയോട്ടമാണിത്. മോദിയുടെ ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയെന്നത് പച്ചക്കള്ളമാണ്. ഒരു വ്യക്തി വില്‍പ്പനക്കു തയ്യാറാക്കിയ ടീഷര്‍ട്ടിന്റെ ആദ്യവില്പന ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തത്. ആ ടീഷര്‍ട്ട് കൊണ്ടുവന്ന പത്തുവയസുകാരിക്ക് അതില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. മോദിയുടെ ചിത്രമുണ്ടെന്നു കരുതി ഷര്‍ട്ട് വലിച്ചെറിയാനാകില്ല.
രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ആളുകളും ഇതിനോട് സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: