മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ ടീം ബാഴ്സലോണയുടെ കുതിപ്പ്. എന്നാല്‍ ബാഴ്സയുടെ പരമ്പരാഗത വൈരികളായ റയല്‍ സമനിലയില്‍ കുടുങ്ങി. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാഴ്സ അതിജീവിച്ചപ്പോള്‍ റയലിനെ ഒസാസുന 2-2ന് പിടിച്ചു കെട്ടിക്കളഞ്ഞു. ഇതോടെ 43 പോയിന്റുള്ള ബാഴ്സ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. റയല്‍ (38) മൂന്നാമത്.
ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറുടെ ഇരട്ടഗോളുകളാണ് സ്വന്തം തട്ടകത്തില്‍ വിയ്യാറയലിനെതിരെ ബാഴ്സലോണയ്ക്ക് ജയം ഒരുക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെതിരായ ഹാട്രിക്ക് പ്രകടനത്തിന്റെ തിളക്കവുമായെത്തിയ നെയ്മര്‍ ഇത്തവണയും കസറി. ഒന്നാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട് തുറന്ന നെയ്മര്‍ കളിയുടെ രണ്ടാം ഘട്ടത്തില്‍ ക്ലോസ് റേഞ്ചുവഴി ഡബിളും തികച്ചു. ലയണല്‍ മെസിയുടെ അഭാവം നികത്തുന്നതായി നെയ്മറുടെ നീക്കങ്ങള്‍.
എന്നെത്തെയും പോലെ ബാഴ്സ നന്നായി തുടങ്ങി. അലക്സ് സോങ്ങിന്റെ ഉശിരന്‍ വോളിക്കു പോസ്റ്റ് പ്രതിബന്ധം തീര്‍ത്തില്ലായിരുന്നെങ്കില്‍ ബാഴ്സ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡെടുത്തേനെ. എന്നാല്‍ 30-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ ഷോട്ട് മരിയോയുടെ കൈയില്‍ തട്ടി. റഫറി പെനാല്‍റ്റി സ്പോട്ടില്‍ വിരല്‍ ചൂണ്ടി. കിക്കെടുത്ത നെയ്മര്‍ക്കു പിഴച്ചില്ല, ബാഴ്സ 1-0 ത്തിനു മുന്നില്‍.
രണ്ടാം പകുതിയില്‍ വിയ്യാറയല്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടി. 48-ാം മിനിറ്റില്‍ നായകന് മറ്റ്യോ മുസാച്ചിയോയുടെ ഹെഡ്ഡര്‍ സന്ദര്‍ശകരെ ബാഴ്സയുടെ ഒപ്പമെത്തിച്ചു (1-1). എങ്കിലും മികച്ച നീക്കങ്ങള്‍ നടത്തിയ ബാഴ്സ 68-ാം മിനിറ്റില്‍ വിജയ ഗോളിനു പിറവികൊടുത്തു. സെസ്ക് ഫാബ്രഗെസ് നല്കിയ ഉജ്വലമൊരു പന്ത് നെഞ്ചേറ്റിയ അലെക്സി സാഞ്ചസ് നെയ്മറിനു മറിച്ചു നല്കി.സ്റ്റാര്‍ ഫോര്‍വേഡിന്റെ സ്ട്രൈക്ക് വിയ്യാറയലിന്റെ വലതുളച്ചു (2-1).
ഒസാസുനയും റയലും തമ്മില്‍ തീപാറുന്ന പോരാട്ടമായിരുന്നു. റയല്‍ കഷ്ടിച്ചു രക്ഷപ്പെട്ടെന്നു പറയാം. രണ്ടു ഗോളുകള്‍ക്കു പിന്നില്‍ നിന്നശേഷം മുന്‍ ചാമ്പ്യന്മാര് സമനില സമ്പാദിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂര്‍ച്ച കാട്ടാത്തത് റയലിന്റെ പ്രതീക്ഷകളെ പിന്നോട്ടടിച്ചു. ഒറിയോല്‍ റിവേറ (16, 39 മിനിറ്റുകള്‍) ഒസാസനുയ്ക്ക് ലീഡ് നല്‍കിയെങ്കിലും ഇസ്കോയും (45), പെപ്പെയും (80) ചേര്‍ന്ന് റയലിനെ കാത്തു. ലീഗിലെ ആറാം തുടര്‍ ജയമെന്ന റയലിന്റെ സ്വപ്നമാണ് മത്സരഫലം ഇല്ലാതാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: