തിരുവനന്തപുരം : പശ്ചിമഘട്ടത്തെ കുറിച്ചുള്ള മാധവ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കണയണമെന്നും മഞ്ച് ദേശീയ സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതി സന്തുലന വികസനമാണ് വേണ്ടത്. വിനാശകരമായ വികസനത്തെ ഒരിക്കളും അംഗീകരിക്കാനാകില്ല. പശ്ചിമഘട്ടം ഭാരതത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനമായ പ്രദേശമാണ് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം ലോകത്തിലെ തന്നെ പ്രധാന 8 പരിസ്ഥിതി പ്രധാന പ്രദേശങ്ങളിലൊന്നായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ നദികളെല്ലാം ആവശ്യത്തിന് ജലം നിറയ്ക്കുന്നതിനുള്ള മഴ ലഭിക്കാന്‍ കാരണം പശ്ചിമ ഘട്ടത്തിലെ ഇടതൂര്‍ന്ന വനങ്ങളാണ്. ദക്ഷിണേന്ത്യയും സാമ്പത്തിക സാംസ്കാരിക, പാരിസ്ഥിതിക സംവിധാനമെല്ലാം പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി നിലനില്പ്പിനടിസ്ഥാനപ്പെടുത്തിയായാരിക്കും.
സ്വാതന്ത്ര്യം ലഭിച്ചതിനശേഷം ഖാനനം, അണക്കെട്ടു നിര്‍മ്മാണം, വ്യവസായിക മലിനീകരണം തുടങ്ങിയവയിലൂടെ പശ്ചിമഘട്ടം നാശത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതിന് ഒരു പരിധിവരെ തടയിടാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിയും പ്രമേയത്തില്‍ പറയുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വെള്ളം ചേര്‍ത്തുകൊണ്ടുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുപോലും നടപ്പിലാക്കരുതെന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. കര്‍ണാടകവും ഇതേ മാര്‍ഗ്ഗം പിന്തുടര്ന്നേക്കാം. ഇത് അംഗീകരിക്കാനാകില്ല. സ്വദേശി ജാഗരണ്‍ മഞ്ച് പ്രമേയത്തില്‍ വ്യക്തമാക്കി
ലോക വ്യാപാര സംഘടനയുടെ ബാലിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ താത്പര്യങ്ങളെയും കര്‍ഷക താത്പര്യങ്ങളെയും ഒരു പോലെ അടിയറവച്ചുവെന്ന് മറ്റൊരു പ്രമേയത്തില്‍ കുറ്റപ്പെടുത്തി. വ്യാപാരം സുഗമമാക്കാനെന്ന വയാജേന കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഈ ചതി ചെയ്തത്. വികസിത രാജ്യങ്ങളുടെ താളത്തിന് മുന്‍പിന്‍ ചിന്തയില്ലാതെ സര്‍ക്കാര്‍ തുള്ളുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
ഈ കരാറിലൂടെ രാജ്യാന്തര വ്യാപാരരംഗത്തെ തടസ്സങ്ങള്‍ മാറിക്കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ധാന്യങ്ങളുടെ പൊതുശേഖരണത്തില് വികസിത രാജ്യങ്ങള്‍ സഹകരിക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. കുറച്ചു കാലത്തിനു ശേഷം ഭക്ഷ്യ സുരക്ഷയില്‍ നിന്നും ഭാരതം മാറി നില്‍ക്കേണ്ടി വരുമെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചിന് ഈ കരാറിനെക്കുറിച്ചുള്ള ആശങ്കയെന്ന് പ്രമേയം പറയുന്നു. ഭാവിയില്‍ ഈ കരാര്‍ നമുക്ക് ബാധ്യതയായിത്തീരുമെന്നും മഞ്ച് ഭയക്കുന്നു.
കരാറിലെ ഈ വ്യവസ്ഥ ഭാരതത്തിന് സ്വീകാര്യമല്ലെന്ന നിലപാടാണ് തുടക്കത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച കേന്ദ്രവാണിജ്യ മന്ത്രി ആനന്ദശര്‍മ സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ലോക വ്യാപാര സംഘടന ഉണ്ടാക്കിയിരിക്കുന്ന കരാറിലെ ചില വ്യവസ്ഥകള്‍ വികസ്വര രാജ്യങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമം. ഇതെല്ലാം മനസ്സിലാക്കിയിട്ടും ഇന്ത്യന്‍ സംഘം നിലപാട് മയപ്പെടുത്തുകയും കരാറിന്റെ അവസാന കരടിനോട് യോജിക്കുകയും ചെയ്തു. അംഗരാജ്യങ്ങളിലെ ധാന്യ പൊതുശേഖരണത്തെക്കുറിച്ച് കാര്‍ഷിക കമ്മറ്റി വര്‍ഷാവര്‍ഷം പരിശോധന നടത്തി പുതുക്കി നിശ്ചയിക്കണമെന്നും കരാറില്‍ പറയുന്നു. ഇന്ത്യയിലെ ഭക്ഷ്യപരിപാടിയെക്കുറിച്ച് മറ്റ് അംഗരാജ്യങ്ങള്‍ക്ക് വിലയിരുത്താമെന്നും ഇതിന് തടസ്സം വരുത്തുന്നത് കരാര്ലംഘനമാണെന്നും വ്യവസ്ഥയുണ്ട്. ഇത് ഇന്ത്യയുടെ ആഭ്യന്തര നയകാര്യങ്ങളിലുള്ള വിദേശ ഇടപെടലാണെന്ന് വ്യക്തമാണ്. ഇത്തരം ഇടപെടലുകള്‍ നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും പ്രമേയം വ്യക്തമാക്കുന്നു.
ബാലിയില്‍ അംഗീകരിച്ച അവസാന കരാറില്‍ നിരവധി വ്യാപാര സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇറക്കുമതി കൂടുതല്‍ ഉദാരപ്പെടുത്തുന്ന പല നിര്‍ദേശങ്ങളും ഇതിലുണ്ട്. ഇതിലൂടെ വികസിത രാജ്യങ്ങള്‍ക്ക് വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യ പരിപാടിയില്‍ അനായാസം ഇടപെടാന്‍ കഴിയും. വിദേശങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുന്നത് നമ്മുടെ വ്യാപാര കമ്മി അനിയന്ത്രിതമായി പെരുകാനിടയാക്കും.
കരാറിലെ പല വ്യവസ്ഥകളും നടപ്പാക്കുന്നതിലൂടെ ഭരണപരവും സ്ഥാപനപരവുമായ പ്രതിസന്ധി ഉണ്ടാകും. പൊതുജന സേവന മേഖലകള്‍ക്ക് പ്രത്യേകിച്ചും ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള ഫണ്ട് വഴി തിരിച്ചുവിടേണ്ടി വരും. ഇത് വോട്ടു തട്ടാനുള്ള തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. ഈ കരാര്‍ യഥാര്‍ഥത്തില്‍ നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും വരുംകാല ഭരണാധികാരികള്‍ക്ക് മറ്റ് ഭരണാധികാരികള്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിപാടികള്‍ പ്രഖ്യാപിക്കുന്നതിനെ തടസ്സപ്പെടുത്തുന്നതുമാണ്. വാസ്തവത്തില്‍ ഭക്ഷ്യ ധാന്യ ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യന്‍ കര്‍ഷകരുടെ ഭാവി ഇരുളിലാക്കുന്നതും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതുമാണ്. രാജ്യത്തെ ജനങ്ങളെ ഇതേക്കുറിച്ച് ബോധവത്കരിക്കാനാണ് സ്വദേശി ജാഗരണ്‍ മഞ്ച് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ഒമ്പതാമത് ദേശീയ സമ്മേളനം സര്‍ക്കാരിനോട് ചില കാര്യങ്ങള്‍ ആവശ്യപ്പെടുന്നു.
ബാലിയില്‍ ഒപ്പിട്ട കരാറിനെക്കുറിച്ചും അത് രാജ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്നതിനെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കണം.
പൊതു തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ കരാര്‍ പുനപ്പരിശോധിക്കണം. നമ്മുടെ പരമാധികാരത്തെ നിലനിര്‍ത്തി കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും താത്പര്യം സംരക്ഷിക്കുന്ന തീരുമാനവും കൈക്കൊള്ളണം.സമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: