ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരം ഏറ്റെടുത്ത ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന് ആദ്യം ഒപ്പുവച്ചത് പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്നതിനുള്ള പദ്ധതിയിലാണ്. സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത് ചൗഹാന് നടപ്പിലാക്കിത്തുടങ്ങി.
പാവങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി കൂടാതെ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന കൃഷിയിടങ്ങളെ റോഡു മാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി, മധ്യവര്‍ഗ ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി മധ്യവര്‍ഗ് ആയോഗ് എന്ന കമ്മീഷന്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മധ്യപ്രദേശ് വ്യാപാര്‍ സംവര്‍ദ്ധന്‍ മണ്ഡല് തുടങ്ങിയ പദ്ധതികള്‍ 2014 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം ചൗഹാന് പറഞ്ഞു. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി ബോധവത്കരണം ഉള്‍പ്പെടെയുള്ള പരിപാടിക്കും സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. പെണ്‍കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താതെ ഒരു രാജ്യത്തിനും ഉയര്‍ച്ചയിലെത്താന്‍ സാധിക്കുകയില്ലെന്ന് ചൗഹാന് പറഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുമെന്നും സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം വളരെ വലുതാണെന്നും സ്ത്രീശാക്തീകരണം സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മെയ്ഡ് ഇന്‍ മധ്യപ്രദേശ് എന്ന ചിഹ്നത്തില്‍ ലോകത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയെന്നതാണ് തന്റെ ലക്ഷ്യം. എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: