സി.എന്‍. കരുണാകരന്റെ മരണം ഭാരതീയ ചിത്രകലാ പൈതൃകത്തെ സ്നേഹിക്കുന്നവര്‍ക്കാകെ ദുഃഖമുണ്ടാക്കുന്നതാണ്. ചിത്രകലാ രംഗത്ത് തനതുശൈലിയില്‍, തനതു പ്രവര്‍ത്തനം കാഴ്ചവച്ച പ്രതിഭാധനനായ ചിത്രകാരനായിരുന്നു അദ്ദേഹം. ഭാരതീയ ചിത്രകലാപാരമ്പര്യത്തോട് അളവറ്റ സ്നേഹം പുലര്‍ത്തുകയും ആ ശൈലിയില്‍ ജീവിക്കുകയും ചെയ്ത അദ്ദേഹം ഭാരതത്തിലെ ജനകീയ കലാമാരന്മാരുടെ ശ്രേണിയില്‍ മികവുറ്റ ചിത്രകാരനാണ്.മദിരാശി കോളേജില്‍ പഠിച്ച് കേരളത്തിന്റെ പരമ്പരാഗത ചുമര് ചിത്രരീതിയിലെ വരയും വര്‍ണവും രൂപസൗകുമാര്യവും പഠനവിധേയമാക്കി, അതിന്റെ തുടര്‍ച്ചയായി വരുന്ന തനത് ചിത്രശൈലി കാഴ്ചവച്ച പ്രത്യേക വ്യക്തിത്വമാണ് സിഎന്നിന്റേത്.
ചിത്രകല പ്രൊഫഷണല്‍ ജോലിയായി പിന്തുടര്ന്ന് ജീവിതം നയിക്കാന്‍ മറ്റു ചിത്രകാരന്മാര്ക്ക് കൂടി ആവേശം പകരുന്ന രീതിയില്‍ ജീവിതസാഫല്യം സ്വായത്തമാക്കിയ കലാകാരന് കൂടിയായിരുന്നു അദ്ദേഹം. സിനിമാ കലാസംവിധാനത്തിലും ചിത്രീകരണ വിഭാഗത്തിലും പരസ്യകലാവിഭാഗത്തിലും സര്‍ഗാത്മക ചൈതന്യം അദ്ദേഹം കാഴ്ചവച്ചു. മലയാളി അത് അളവറ്റ് ആസ്വാദിക്കുകയും ചെയ്തു. എവിടെയും സിഎന്നിന്റെ ചിത്രങ്ങളെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ചിത്രീകരണ ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. മറ്റു ചിത്രകാരന്മാരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതും അതാണ്. ചില കവിതകളുടെയും കഥകളുടെയും മറ്റും ചിത്രീകരണത്തില്പോലും ആ പ്രത്യേകത അദ്ദേഹം സൂക്ഷിച്ചു. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് അനുകരിക്കാന്‍ കഴിയാത്തതും ആസ്വാദക ഹൃദയത്തില്‍ സ്ഥാനം നേടിയതുമാണ് സിഎന്നിന്റെ ശൈലി. കേരളീയ കലാരംഗത്തിനാകെ അദ്ദേഹത്തിന്റെ മരണം നികത്താനാകാത്ത വിടവാണ്. സിഎന്നിനു പകരം മറ്റൊരാളില്ല.
കാട്ടൂര്‍ നാരായണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: