നാല്‍പ്പത് വര്‍ഷത്തെ പരിചയമാണ് സി.എന്‍.കരുണാകരനുമായി എനിക്കുള്ളത്. പെരുമ്പാവൂര്‍ നാടകശാലയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് സി.എന്‍.കരുണാകരനുമായി അടുത്ത് പരിചയപ്പെടാന്‍ സാധിച്ചത്. സമസ്യ, സ്വരം തുടങ്ങിയ ആദ്യകാല നാടകങ്ങള്‍ക്ക് പരസ്യവും നോട്ടീസും തയ്യാറാക്കിയത് സി.എന്‍.കരുണാകരനായിരുന്നു.
പിന്നീട് എറണാകുളത്ത് എംജി റോഡില്‍ ചിത്രകൂടം എന്ന പേരില്‍ സിഎന്‍ ഒരു സ്റ്റുഡിയോ തുടങ്ങി. അക്കാലത്തും ഞങ്ങള്‍ വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സാധാരണ കലാകാരന്മാര്ക്ക് ഉണ്ടാകാവുന്ന ഈഗോ കോംപ്ലക്സുകളൊന്നും സി.എന്‍.കരുണാകരനെ ബാധിച്ചിരുന്നില്ല. സ്നേഹസമ്പന്നനും ലളിതമായ പെരുമാറ്റംകൊണ്ട് ആരെയും ആകര്ഷിക്കുന്നവനുമായിരുന്നു സി.എന്‍. ചിത്രകലയിലെ രാജാക്കന്മാരുടെ രാജാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ് അദ്ദേഹം. പരമ്പരാഗത ശൈലിയില്‍ ആധുനികതയുടെ നിറം ചേര്‍ത്ത് വരച്ച സിഎന്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ മ്യൂറല്‍ കള്‍ച്ചറിന്റെ പിന്തുടര്ച്ചയായി വിലയിരുത്താം. രാജാരവിവര്‍മ്മ പുരസ്ക്കാരമുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
കേന്ദ്ര ലളിതകലാ അക്കാദമി പോലെയുള്ള സ്ഥാപനങ്ങള്‍ അദ്ദേഹത്തെ ആദരിക്കുന്നതില്‍ മടി കാണിച്ചോ എന്ന് സംശയിക്കണം. കേരള ലളിതകലാ അക്കാദമി ചെയര്മാന് എന്ന നിലയില്‍ സിഎന്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അദ്ദേഹവുമായി ഒട്ടേറെ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടായിരുന്നു. കലാകാരന്മാരെ ചെറിയവനെന്നോ വലിയവനെന്നോ വേര്‍തിരിവില്ലാതെ കണ്ടിരുന്ന വലിയ മനസ്സിനുടമായിരുന്നു സി.എന്‍.കരുണാകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: