തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം 60 എങ്കിലുമാക്കണമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. 65 ആക്കണമെന്നാണ് തന്റെ എക്കാലത്തെയും അഭിപ്രായം. ബ്രിട്ടീഷുകാരാണ് പെന്‍ഷന്‍പ്രായം 55 നിശ്ചയിച്ചത്. ആയുര്‍ ദൈര്‍ഘ്യം 45 ഉള്ളപ്പോഴാണ് 55 ആക്കിയത്. ഇപ്പോള്‍ മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം 70-75 ആണ്. അതിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍പ്രായം പുതുക്കി നിശ്ചയിക്കണമെന്നും കെ.ടി.തോമസ് പറഞ്ഞു. കേരളാ എന്‍ജിഒ സംഘിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രായത്തിലാണ് ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിക്കുന്നത്. ഞാന്‍ സുപ്രീംകോടതി ജഡ്ജിയായി വിരമിച്ചത് 65-ാം വയസ്സിലാണ്. എനിക്കു വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. കേരളത്തില്‍ വന്ന് സ്വാശ്രയകോളേജുകളുമായി ബന്ധപ്പെട്ട രണ്ട് സമിതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. നല്ല രീതിയില്‍ ജോലി ചെയ്യാനും കഴിഞ്ഞു. പ്രവേശനത്തില്‍ നടന്നുവരുന്ന കോഴ ഇടപാടുകള്‍ ഒരു പരിധിവരെ തടയാനുള്ള ഇടപെടല്‍ നടത്തി. അപ്പോഴാണ് സര്‍ക്കാര്‍ നിയമസഭയില്‍ പുതിയ നിയമം കൊണ്ടുവന്ന് സമിതിയെ ഇല്ലാതാക്കിയത്. സുപ്രീംകോടതി ജഡ്ജിയുടെ ശമ്പളം സര്‍ക്കാര്‍ വാഗാദാനം ചെയ്തെങ്കിലും ഒരു പൈസപോലും വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ 55 വയസ്സില്‍ വിരമിക്കുന്ന ഒരാള്‍ക്ക് ധാരാളം കാര്യങ്ങള്‍ സര്‍ക്കാരിനു വേണ്ടി, ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയും. പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിച്ചാല്‍ സര്‍ക്കാരിന് അതിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. യുവജനങ്ങളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭരണഘടന അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കേണ്ടവരാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ളവരാണ് ഉദ്യോഗസ്ഥര്‍. നിയമപ്രകാരമുള്ള ഉത്തരവുകള്‍ മാത്രം അനുസരിച്ചാല്‍ മതി. വാക്കാല്‍ പറയുന്ന ഒരുത്തരവും അംഗീകരിക്കേണ്ടതില്ല. ജീവനക്കാര്‍ക്കിടയിലുള്ള അഴിമതി മാറ്റിയെടുത്താല്‍ തന്നെ പൊതുസമൂഹത്തിന്റെ ധാരണ മാറ്റാന്‍ കഴിയും. അഴിമതിയുടെ കാര്യത്തില്‍ ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നില്ക്കുന്ന രാജ്യമാണ് നമ്മുടേത്. സ്വിസ്ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ തിരിച്ചു പിടിക്കാന്‍ നമുക്കു കഴിയണം. ആ പണം ഇന്ത്യയിലെ ബാങ്കുകളിലേക്ക് വരുത്തിയാല്‍ അതുമാത്രം മതിയാകും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നികുതി ഭാരം ഒഴിവാക്കാന്‍. അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് അഖിലേന്ത്യാസെക്രട്ടറി ദ്വരൈരാജ് ആശംസയര്‍പ്പിച്ചു. സ്വാഗതസംഘം ചെയര്മാന് ഡോ.ജെ.ഹരീന്ദ്രനാഥന്‍നായര്‍ സ്വാഗതവും എസ്.കെ.ജയകുമാര്‍ നന്ദി യും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: