പെര്‍ത്ത്: ആഷസ് പരമ്പരയില്‍ തിരിച്ചുവരവിനു കൊതിക്കുന്ന ഇംഗ്ലണ്ടിന്റെ ദിവസമാകേണ്ടതായിരുന്നു ഇന്നലെ. നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ മുന്‍നിര വിക്കറ്റുകള്‍ കടപുഴക്കിയ ഇംഗ്ലീഷ് പട അതിനുള്ള ആദ്യ പാത വെട്ടുകയും ചെയ്തു. എന്നാല്‍ സ്റ്റീവന്‍ സ്മിത്തും ബ്രാഡ് ഹാഡിനും നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന്റെ ആധിപത്യ മോഹത്തെ തച്ചുടച്ചു.
സ്മിത്തിന്റെ സെഞ്ച്വറിയുടെയും (103 നോട്ടൗട്ട്, 13 ഫോര്‍, രണ്ട് സിക്സ്) ഹാഡിന്റെ (55) അര്‍ധ ശതകത്തിന്റെ പിന്‍ബലത്തില്‍ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം കങ്കാരുപ്പട ആറു വിക്കറ്റ് നഷ്ടത്തില്‍ 326 എന്ന ഭേദപ്പെട്ട നിലയില്‍ എത്തി. ഡേവിഡ് വാര്‍ണറും (60) തിളങ്ങി. കളിയവസാനിപ്പിക്കുമ്പോള്‍ മിച്ചല്‍ ജോണ്സന് (39) സ്മിത്തിനു കൂട്ടായി ക്രീസിലുണ്ട്.
?ടോസ് നേടി ബറ്റ്ടുത്ത ഓസീസിന്റെ തുടക്കം ദുരന്തപൂര്‍ണമായിരുന്നു. 143 റണ്‍സിനിടെ ആതിഥേയരുടെ അഞ്ച് ബാറ്റിങ് സ്റ്റാറുകള്‍ കൂടാരം പൂകി. ക്രിസ് റോജേഴ്സ് (11), വാര്‍ണര്‍, ഷെയ്ന് വാട്സന് (18) ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് (24), ജോര്‍ജ് ബെയ്ലി (7) അക്കൂട്ടത്തില്‍ ഇടംപിടിച്ചു. ജയിംസ് ആന്‍ഡേഴ്സനും സ്റ്റ്യുവര്‍ട്ട് ബ്രോഡും ഗ്രെയിം സ്വാനുമൊക്കെ കൃത്യതയോടെ പന്തെ റിഞ്ഞതാണ് ഓസീസിനെ കുഴപ്പിച്ചത്.
റോജേഴ്സും വാര്‍ണറും അങ്കലാപ്പില്ലാതെ ബാറ്റ് വീശിത്തുടങ്ങിയപ്പോള്‍ എല്ലാം ശുഭകരമാകുമെന്ന് ഓസീസ് വിശ്വസിച്ചു. ബ്രോഡിനെ ഫ്ലിക്ക് ചെയ്ത റോജേഴ്സ് ഫോം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇല്ലാത്ത റണ്‍സിന് ക്രീസ് വിട്ട റോജേഴ്സിനെ ആന്ഡേഴ്സന് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. മറുവശത്ത് സാങ്കേതികത്തികവ് വരച്ചുകാട്ടിയ വാര്‍ണര്‍ തുടര്‍ ബൗണ്ടറികള്‍ കണ്ടെത്തിക്കൊണ്ടിരുന്നു.
ബ്രോഡിന്റെ ഓവര്പിച്ചുകളില് ഉശിരന്‍ കവര്‍ ഡ്രൈവുകള്‍ വാര്‍ണര്‍ തൊടുത്തു. എന്നാല്‍ വാട്സനെ സ്വാനിന്റെ കൈകളിലെത്തിച്ച് ബ്രോഡ് താത്കാലിക ആശ്വാസംനേടി. ക്ലാര്‍ക്കും വാര്‍ണറും ചേര്‍ന്നപ്പോഴും അനായാസം റണ്ണൊഴുകി. പക്ഷേ സ്വാനെ വിളിക്കാനുള്ള കുക്കിന്റെ തീരുമാനം കളിയുടെ ഗതിമാറ്റിക്കളഞ്ഞു. സ്വാന്റെ ഫ്ലൈറ്റ് ചെയ്ത പന്തില്‍ ഡ്രൈവിനു ശ്രമിച്ച ക്ലാര്‍ക്ക് അലിസ്റ്റര്‍ കുക്കിന്റെ കൈയില്‍ കുടുങ്ങി. വാര്‍ണറും സ്വാനെനമിച്ചു; ബെയ്ലി ബ്രോഡിനെയും.
പിന്നെയായിരുന്നു സ്മിത്ത് ചുക്കാന്‍ പിടിച്ച രക്ഷാപ്രവര്‍ത്തനം. സമചിത്തതയോടെ ബാറ്റു ചെയ്ത സ്മിത്ത് ഇംഗ്ലീഷ് ആക്രമണത്തിന്റെ മുനയൊടിച്ചു. അധികം സാഹസികതകള്‍ക്കൊന്നും മുതിരാത്ത സ്മിത്ത് ഷോട്ട് സെലക്ഷനിലും മികവു പുലര്‍ത്തി. ഇംഗ്ലീഷ് ബൗളര്‍മാര്‍ ലെഗ് സ്റ്റംപിനെ ലക്ഷ്യംവച്ചപ്പോഴെല്ലാം കങ്കാരുക്കളുടെ രക്ഷകന് യഥേഷ്ടം ബൗണ്ടറികള്‍ പായിച്ചു. സ്വാനെ ലോങ്ങ് ഓണിനു മുകളിലൂടെ രണ്ടു തവണ ഗ്യാലറിയില്‍ എത്തിക്കാനും സ്മിത്ത് മറന്നില്ല.
സ്റ്റോക്സിന്റെ ഷോര്‍ട്ട് ബോളുകളെ മനോഹരമായ പുള്ളുകളിലൂടെയും സ്മിത്ത് നിര്വീര്യമാക്കൊണ്ടിരുന്നു. ഭാഗ്യദേവതയുടെ കടാക്ഷത്തോടെ കളിച്ച ഹാഡിനും എതിര് പന്തേറുകാരുടെ മനസു തകര്‍ക്കുന്നതിനു ഒരു പരിധിവരെ സാധിച്ചു. അഞ്ചു ഫോറുകളും രണ്ടു സിക്സറുകളും അടങ്ങിയ ഹാഡിന്റെ ഇന്നിങ്ങ്സ് ബെന്‍ സ്റ്റോക്സ് അവസാനിപ്പിച്ചെങ്കിലും സ്മിത്തിന് കൂട്ടായി ജോണ്സന് ഒരറ്റം കാത്തു. ബ്രോഡും സ്വാനും രണ്ടിരകളെ വീണ്ടും കണ്ടെത്തി. സ്റ്റോക്സിന് ഒരു വിക്കറ്റ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: