തിരുവനന്തപുരം: സ്വവര്‍ഗ്ഗരതിയെ കുറ്റകരമായി പ്രഖ്യാപിക്കുന്ന സുപ്രീം കോടതിവിധിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ കൊടുങ്കാറ്റും ഏറ്റവും നല്ല മാതാവിന് പുരസ്കാരമേര്പ്പെടുത്തിയിട്ടുള്ള കോഴിക്കോട് സര്‍വ്വകലാശാല “സ്ത്രീ പഠന വിഭാഗത്തിന്റെ” നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ശക്തമായ എതിര്‍പ്പുകളും മന:സ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പി പരമേശ്വരന്. രണ്ടും എതിര്‍ക്കാന്‍ രംഗത്ത് വന്നിട്ടുളളത് മനുഷ്യാവകാശ സംരക്ഷകരും അവരുടെ സംഘടനകളുമാണ്. മനുഷ്യന്റെ അവകാശങ്ങള്‍ എല്ലാവിധ നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്നും അവയുടെ മേല്‍ സമൂഹത്തിന്റെ യാതൊരുവിധ വിധിനിഷേധങ്ങളും ഏര്പ്പെടുത്താവുന്നതല്ലെന്നും ഉള്ള വാദമാണ് ഇവരുടെത്. എല്ലാവിധ മൂല്യസങ്കല്പങ്ങളെയും കാറ്റില്‍പ്പറത്തുന്ന അവകാശവാദങ്ങള്‍ സമൂഹത്തിന്റെ നിലനില്പിനെയും അംഗീകൃത സാംസ്കാരികമൂല്യങ്ങളെയും തകര്‍ച്ചയിലേക്ക് നയിക്കും. ഒരു തരം അരാജകത്വത്തിന് വഴിതെളിക്കും. പരമേശ്വരന് പ്രസ്താവനയില്‍ പറഞ്ഞു.
ഭാരതീയവിശ്വാസമനുസരിച്ച് ജീവിതം – വ്യക്തിയുടെതായാലും സമൂഹത്തിന്റെതായാലും – ധര്മ്മാതിഷ്ഠിതമായിരിക്കണം എന്നാണ്. രണ്ടിനെയും സമന്വയിച്ച് ആരോഗ്യകരമായി നിലനിര്‍ത്തുന്നതാണ് ധര്‍മ്മം. ധര്‍മ്മം പാലിക്കപ്പെടുന്നില്ലെങ്കില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷയും വളര്‍ച്ചയും അപകടത്തില്‍പ്പെടും. പ്രപഞ്ചത്തിന്റെ തന്നെ നിലനില്‍പ്പ് ശാശ്വതമായ ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അവയുടെ പ്രതിഫലനം തന്നെയാണ് വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യത്തെയും നിയന്ത്രിക്കുന്നത്.
കാലം മാറ്റത്തിന് വിധേയമാണെന്നും അതു കൊണ്ട് നിയമങ്ങളും കാലാനുസൃതമായി മാറ്റപ്പെടേണ്ടതാണെന്നും ഉള്ള വാദമുണ്ട്. അത് ശരിയാണ്. ആ അടിസ്ഥാനത്തിലാണ് ഭാരതീയ ദാര്ശനികന്മാര് ധര്‍മ്മത്തെ സനാതനധര്‍മ്മമെന്നും യുഗധര്മ്മമെന്നും വ്യവച്ഛേദിച്ചത്. പക്ഷേ, യുഗധര്‍മ്മം സനാതനധര്‍മ്മത്തിന് വിരുദ്ധമാകരുത്. വ്യാഖ്യാനങ്ങളിലൂടെയോ പരിഷ്കാരങ്ങളിലൂടെയോ അവയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താം. അടിസ്ഥാനതത്വങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ കാലാനുകൂലമായ ഭേദഗതികള്‍ വരുത്താം. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ലംഘിക്കാതെയാണല്ലോ പുതിയ പുതിയ നിയമങ്ങള്‍ ഉണ്ടാക്കപ്പെടുന്നത്.
വ്യക്തിസ്വാതന്ത്ര്യം അവന്റെ സമഗ്രവളര്‍ച്ചയ്ക്ക് സഹായകമാവണം. സ്വഭാവത്തില്‍ വൈകൃതങ്ങളുണ്ടാവാം, അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയല്ല, നിയന്ത്രിക്കപ്പെടേണ്ടവയാണ്. അതാണ് സംസ്കാരത്തിന്റെ പങ്ക്. സംസ്കാരസമ്പന്നരായ മനുഷ്യരാണ് സമൂഹത്തിന്റെ കരുത്തും സ്ഥായിത്വവും നിലനിര്‍ത്തുന്നത്. അത്തരക്കാരെ വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വൈകൃതങ്ങളെ പോഷിപ്പിക്കുകയല്ല നിരുത്സാഹപ്പെടുത്തുകയാണ് സമൂഹപുരോഗതിക്കുള്ള മാര്‍ഗ്ഗം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ വൈകൃതങ്ങള്‍ വളര്‍ന്നു വരുന്നതിനെതിരെ സമൂഹം ജാഗരൂകമായിരിക്കേണ്ടതുണ്ട്. ഭരണകൂടത്തിനും അതിന്റെ ഭാഗമായ നീതിവ്യവസ്ഥയ്ക്കുമെതിരെ പരിമിതമായ പങ്കും സാധ്യതയും മാത്രമേ ഉള്ളൂ.
പ്രകൃതിവിരുദ്ധ വൈകൃതങ്ങള്‍ ഏറ്റക്കുറച്ചിലില്‍ എല്ലാകാലത്തും നിലനിന്നിട്ടുണ്ട്. ഭാരതീയ സമൂഹം തനതായ രീതിയില്‍ അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. പൊതുജനാഭിപ്രായം, അധര്മ്മഭീരുത്വം മുതലായവ ആയിരുന്നു സമൂഹത്തിന്റെ കൈയ്യിലെ ഉപകരണം. നിയമം കൊണ്ട് അവ പൂര്‍ണ്ണമായും നിരോധിക്കാനാവില്ല. പക്ഷേ, നിയമം അവയെ പ്രോത്സാഹിപ്പിക്കുന്നതാവരുത്. മനുഷ്യാവകാശവാദികള്‍ സ്വഭാവവൈകൃതങ്ങള്ക്ക് നിയമസാധുത്വം വേണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. അധര്‍മ്മം, അധര്‍മ്മം തന്നെയാണ്. നിയമം കൊണ്ട് അതിനെ ധര്മ്മമാക്കാനാവില്ല.
ഉത്തമമാതൃത്വത്തിന് പുരസ്കാരം നല്കാന് ഉള്ള തീരുമാനം സ്വാഗതാര്‍ഹമാണ്, മാതൃകാപരവുമാണ്. സ്ത്രീയുടെ സര്വോത്കൃഷ്ടഭാവം മാതൃത്വമാണ് എന്നാണ് ഭാരതീയസങ്കല്പം. മാതാവിനെ ആദരിക്കുന്നത് ഭാരതീയ സംസ്കാരത്തിന്റെ ആണിക്കല്ലാണ്. ഭാരതമാതാവ് എന്ന കാഴ്ചപ്പാട് തന്നെ ഇതിന്റെ സൂചകമാണ്. മാതൃദേവി ആയാലും മദര്തെരേസയായാലും മാതാ അമൃതാനന്ദമയിയായാലും ഈ സങ്കല്പത്തിന്റെ ഉജ്ജ്വലപ്രതീകങ്ങളാണ്. മാതൃത്വത്തിന്റെ പേരിലാണ് ഭാരതം മാത്രമല്ല, ലോകം മുഴുവന്‍ അവരെ ആദരിക്കുന്നത്. ആ വിശിഷ്ടസങ്കല്പം ചോദ്യം ചെയ്യപ്പെടുന്നത്, നാമിന്ന് നേരിടുന്ന സാംസ്കാരികച്യുതിയുടെ ദുര്‍ലക്ഷണമാണ്. ലൈംഗികാരാജാകത്വത്തെ പോലെ തന്നെ ഇതും ആത്യന്തികമായി വ്യക്തിയുടെ വളര്‍ച്ചയെയും സമൂഹത്തിന്റെ ഭദ്രതയെയും അപകടത്തിലാക്കും.
മാറുന്ന സമൂഹത്തിന് മാറ്റമില്ലാത്ത ചില മൂല്യങ്ങളുണ്ട്. അവ സംരക്ഷിക്കപ്പെടണം. അപ്പോള്‍ മാത്രമേ ജീവിതം ശുദ്ധമായി മുന്നോട്ടൊഴുകൂ. അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് മലിനീകരണവും വിനാശവുമായിരിക്കും. പരമേശ്വരന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: