കോഴിക്കോട്: തിരുവനന്തപുരം കേന്ദ്രമായി ഡോ.കെ.എന്‍.പണിക്കുരടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ സ്ഥാപകാംഗങ്ങളില്‍ കേരളചരിത്രരംഗത്തെ പ്രമുഖരെ ഒഴിവാക്കി. രജിസ്റ്റര്‍ ചെയ്ത ഭരണഘടന ജനാധിപത്യവിരുദ്ധവും സ്ഥാപിതതാല്പര്യ പ്രകാരമാണെന്നും വ്യാപക പരാതി. 25 പേരാണ് സ്ഥാപക അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇടതുപക്ഷ സഹയാത്രികരായ കോളജ് അദ്ധ്യാപകരാണ് ഇതില്‍ ഭൂരിഭാഗവും. സ്ഥാപകഅംഗങ്ങളില് ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ കോഴിക്കോട്ജില്ലാ പ്രസിഡന്റ് പ്രൊഫ. മുജീബ് റഹ്മാനുംപെടുന്നു.
ഡോ.എം.ജി.എസ്. നാരായണന്.ഡോ.കേശവന് വെളുത്താട്ട്,ഡോ.എം. ആര് രാഘവാരിയര്, ഡോ.രാജന് ഗുരുക്കള്‍, ഡോ.കെ. ഗോപാലന്‍കുട്ടി, ഡോ.കെ.കെ.എന്‍ കുറുപ്പ് എന്നിവരൊന്നും സ്ഥാപകാംഗങ്ങളില്‍ പെടുന്നില്ല. എന്നാല്‍ ചില ഗവേഷണവിദ്യാര്‍ത്ഥികളെ വരെ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഡയറ്റിലെ അധ്യാപകനും സ്ഥാപകാംഗങ്ങളില്പ്പെടും. ഇടതുപക്ഷസഹയാത്രികരായ ഒരു വിഭാഗം പ്രമുഖ ചരിത്രകാരന്മാരെപ്പോലും ഒഴിവാക്കിയാണ് ഡോ.കെ.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് രൂപീകരിച്ചതെന്ന വാദത്തെ ശരിവെക്കുന്നതാണ് ഭരണഘടനയും സ്ഥാപക അംഗങ്ങളുടെ ലിസ്റ്റും.
കോഴിക്കോട്ട് ചേര്‍ന്ന കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സ്വതന്ത്രമായ ഒരുചരിത്ര സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അഢോക്ക് സമിതിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ. ഗോപാലന് കുട്ടി പറഞ്ഞു. അതിന്റെ തുടര്പ്രവര്ത്തനങ്ങള്ക്കിടയ്ക്കാണ് തിരുവനന്തപുരത്ത് ഒരു വിഭാഗം യോഗം ചേര്‍ന്ന് സംഘടന രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട്ട് യോഗത്തില്‍ പങ്കെടുത്ത ആരെയും അവര്‍ ബന്ധപ്പെട്ടിട്ടില്ല. രജിസ്റ്റര്‍ കഴിഞ്ഞതിനുശേഷം പത്രത്തില്‍ നിന്നാണ് വാര്‍ത്തയറിഞ്ഞത്. ഞങ്ങള്‍ക്ക് അക്കാദമിക താത്പര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചരിത്രം ഇന്ന് വരണ്ട ഒരു വിഷയമായി പരിഗണിക്കപ്പെടുന്നത് മാറണമെന്നും വൈവിധ്യമാര്‍ന്ന രീതികളിലൂടെ ചരിത്രത്തെ സമീപിക്കണമെന്നും ചരിത്രത്തെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ സമീപിക്കണമെന്നുമായിരുന്നു കോഴിക്കോട് യോഗത്തിന്റെ അഭിപ്രായം. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടായ സംഘടനയുടെ വിശദാംശങ്ങള്‍ അറിയില്ല. പണം തട്ടാന്‍ വേണ്ടി പല സന്നദ്ധ സംഘടനകളും ഉണ്ടാക്കുന്ന രീതി ഇക്കാലത്ത് വ്യാപകമാണ്. പുതിയ സംഘടനയുമായി സഹകരിക്കുമോ എന്നത് ആലോചിച്ചിട്ടില്ല. കോഴിക്കോട് ചേര്‍ന്ന യോഗത്തിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡോ.കെ. ഗോപാലന്‍കുട്ടി ജന്മഭൂമിയോട് പറഞ്ഞു.
കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ബെയിലോയും ചരിത്രകാരന്മാരില് കടുത്ത എതിര്‍പ്പിന് വഴി വെച്ചിരിക്കുകയാണ്. 20 അംഗം എക്സിക്യൂട്ടീവ് അംഗ കമ്മിറ്റിയില്‍ നാലിലൊന്ന് സ്ഥാപകഅംഗങ്ങളില് നിന്നു തന്നെ തെരഞ്ഞെടുക്കണമെന്നതാണ് പ്രധാനവ്യവസ്ഥ.ജനറല്‍ ബോഡിയില്‍ നിന്നല്ല അടുത്ത സെഷന്റെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. മറിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാണ്. ചുരുക്കത്തില്‍ സ്ഥാപകാംഗങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും കേരള ഹിസ്റ്ററി കോണ്‍ഗ്രസെന്ന് വ്യക്തം. ജനാധിപത്യ വിരുദ്ധമാണ് ബെയിലോയിലെ വ്യവസ്ഥകളെന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായം.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: