കൊച്ചി: കോസ്റ്റ്ഗാര്‍ഡിന് ശക്തിപകര്‍ന്ന് പുതിയ ഫാസ്റ്റ് പട്രോള്‍ വെസ്സല്‍ ‘ആദേശ്.’ കൊച്ചിന് ഷിപ്പ്യാര്ഡില് പൂര്‍ണമായും പണിപൂര്‍ത്തിയാക്കിയ വെസ്സല്‍ ഇന്നലെ കമ്മീഷന് ചെയ്തു. 290 ടണ്‍ ഭാരമുള്ള വെസ്സല്‍ 33 നോട്ടിക്കല്‍ മെയില്‍ വേഗതയില്‍ കുതിച്ചുപായാന്‍ ശേഷിയുള്ളതാണ്. 1500 നോട്ടിക്കല്‍ മെയില്‍ ദൂരപരിധിയില്‍ നിയന്ത്രണവും പ്രഹരശേഷിയും ഉള്ളതാണ് വെസ്സല്‍. ആധുനിക ആയുധങ്ങളും രക്ഷാ ഉപകരണങ്ങളും ചികിത്സാസൗകര്യങ്ങളും ആദേശിലുണ്ട്. ഇത്തരത്തിലുള്ള രണ്ടാമത്തെ വെസ്സലാണ് ഇന്നലെ കമ്മീഷന് ചെയ്തത്. ഈ മാസം അവസാനത്തോടെ ഒരെണ്ണംകൂടി കോസ്റ്റ്ഗാര്‍ഡിന് സ്വന്തമാകും.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സതേണ്‍ നേവല്‍ കമാന്‍ഡിംഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ സതീഷ് സോണി ആദേശ് കമ്മീഷന് ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കോസ്റ്റ് ഗാര്‍ഡാണ് നമ്മുടേതെന്നും ആദേശ് സേനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചിന് ഷിപ്പ്യാര്ഡിന് കോസ്റ്റ്ഗാര്‍ഡിന്റെ പുതിയ ഓര്‍ഡറുകള്‍ പ്രതീക്ഷ നല്‍കുന്നുവെന്നും ഇത്തരം കൂടുതല്‍ വെസ്സലുകള്‍ നിര്‍മിക്കാന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഭാഗത്തുനിന്ന് ഓര്ഡറുകളുണ്ടെന്നും ഷിപ്പ്യാര്ഡ് എംഡി കെ. സുബ്രഹ്മണ്യം ചടങ്ങില്‍ പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ശത്രുക്കളെ നേരിടുന്നതിനും പൂര്‍ണ സജ്ജമാണ് ആദേശ്. അഞ്ച് ഓഫീസര്‍മാരും 34 കമാന്‍ഡോകളും ആദേശിലുണ്ടാവും.
മത്സ്യപ്രവര്‍ത്തകരുടെ സുരക്ഷ, തീരദേശ നിരീക്ഷണം, കള്ളക്കടത്ത് തടയല്‍, തെരച്ചിലും രക്ഷാപ്രവര്‍ത്തനവും കടല്‍ക്കൊളളക്കാരെ നേരിടല്‍ എന്നിവയാണ് ആദേശിന്റെ കര്‍ത്തവ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: