സന്ധ്യ
ജനങ്ങളുടെ പ്രതികരണശേഷി ഇനിയും പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന് വാക്കുകള്കൊണ്ടറിയിച്ച തിരുവനന്തപുരം സ്വദേശി സന്ധ്യ എന്ന വീട്ടമ്മയാണ് ഈ ആഴ്ചയിലെ വാര്‍ത്തയിലെ സ്ത്രീ. മുഖ്യമന്ത്രിയെ തടയാനെന്ന പേരില്‍ നാല് ദിവസമായി ക്ലിഫ്ഹൗസ് റോഡ് ഉപരോധിക്കുന്ന എല്‍ഡിഎഫ് നേതാക്കളെ സമരത്തിലൂടെയല്ല വാക്കിലൂടെയാണ് ഈ വീട്ടമ്മ പ്രതിരോധത്തിലാക്കിയത്.
നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് ഉപരോധം നടത്തുന്നതിനെ ഇടതുമുന്നണി നേതാക്കളെ രൂക്ഷഭാഷയിലാണ് സന്ധ്യ വിമര്‍ശിച്ചത്. സ്ക്കൂട്ടറിലെത്തിയ സന്ധ്യക്ക് ബാരിക്കേഡ് മൂലം മുന്നോട്ടുപോകാനാവാത്ത സ്ഥിതിയുണ്ടായപ്പോഴാണ് നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്.
പൊതുജനത്തിനു ദുരിതം വിതച്ചുകൊണ്ടുള്ള സമരം ആര്‍ക്കുവേണ്ടിയാണെന്നു ചോദിച്ച സന്ധ്യ ഉപരോധത്തിന്റെ പേരില്‍ ഇനിയും വഴിമുട്ടിച്ചാല് പ്രദേശത്തെ സ്ത്രീകള്‍ ഇറങ്ങി കല്ലെറിഞ്ഞ് ഓടിക്കുമെന്നും മുന്നറിയിപ്പ് നല്കി. 10 വയസുള്ള പെണ്‍കുട്ടികളെ വരെ പീഡിപ്പിക്കുന്നു. അതിനെതിരെയൊന്നും സമരം നടത്താന്‍ ഇവിടാരുമില്ലേ എന്നും വീട്ടമ്മ ചോദിച്ചു. തുടര്‍ന്നു വീട്ടമ്മയ്ക്കുനേരെ ഒരുപറ്റം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ സംഭവം കാമറയില്‍ പകര്‍ത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ നേതാക്കള്‍ പ്രതിരോധത്തിലായെങ്കിലും പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകരോ ബാരിക്കേഡ് മാറ്റാന്‍ പോലീസോ തയാറാകാത്തതിനെത്തുടര്‍ന്നു വീട്ടമ്മക്ക് തിരികെപ്പോകേണ്ടിവന്നെങ്കിലും ഉപരോധത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയത് നേതാക്കളേ കൂടുതല്‍ വലച്ചു.
സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ താരമായി മാറിയിരിക്കുകയാണ്. കോളജ് വിദ്യാര്‍ഥികളും യുവാക്കളും യുവതികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകളാണ് സന്ധ്യയെ അഭിനന്ദിച്ച് സെറ്റുകളില്‍ പ്രതികരിച്ചിരിച്ചത്. സന്ധ്യയുടെ പ്രതികരണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് സഞ്ചാര സ്വാതന്ത്യത്തിന് വേണ്ടി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ ആ സമരം വിജയം കണ്ടു. പോലീസും ഇടതു നേതാക്കളും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി തരാമെന്ന ധാരണയിലെത്തുകയും ചെയ്തു. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നും, ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങളുണ്ടെന്നും തിരിച്ചറിവ് നല്കിയ വീട്ടമ്മയായ സന്ധ്യ തീര്‍ച്ചയായും അഭിനന്ദനത്തിന് അര്‍ഹയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: