തിരുവനന്തപുരം: ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മാണത്തിന് കേരളത്തിലും മികച്ച പ്രതികരണമാണെന്ന് ഗുജറാത്ത് കൃഷിമന്ത്രി ബാബു ഭായി ബൊഖരിയ. പട്ടേലിന്റെ ചരമദിനമായ ഡിസംബര്‍ 15ന് നടക്കുന്ന കൂട്ടയോട്ടം കേരളത്തിലെ 14 ജില്ലകളിലും നടക്കും. എല്ലാ ഗ്രാമങ്ങളില്‍ നിന്നും സന്ദേശാത്മകമായി പഴയ കാര്‍ഷികോപകരണങ്ങള്‍ ശേഖരിക്കുകയും പ്രതിമയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ കണ്ട് പിന്തുണ തേടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഒരോ ഗ്രാമത്തില്‍ നിന്നും ജനങ്ങള്‍ ഉപയോഗിച്ച കാര്‍ഷികോപകരണങ്ങള്‍, പ്രാദേശിക മണ്ണിന്റെ സാമ്പിള്‍, മികച്ച ഭരണം ലക്ഷ്യമിട്ടുള്ള പ്രതീക്ഷകള്‍ വിശദീകരിക്കുന്ന ഒപ്പിട്ട കത്തുകള്‍ എന്നിവ ശേഖരിക്കും. എല്ലാ ഗ്രാമങ്ങളിലെയും ഹൈസ്കൂളുകളില്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ചുള്ള ഉപന്യാസ മത്സരം സംഘടിപ്പിക്കും. ജില്ലാ, സംസ്ഥാന തലങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. രണ്ടരകോടി രൂപയുടെ സമ്മാനമാണ് വിതരണം ചെയ്യുക. ഓരോ ഗ്രാമപഞ്ചായത്തിലും പങ്കാളികളാകുന്നവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് പ്രതിമ നിര്മ്മിക്കുന്നിടത്ത് പ്രദര്‍ശിപ്പിക്കും.
നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സാധുബേട്ടിലാണ് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള , 182 മീറ്റര്‍ ഉയരം വരുന്ന സര്‍ദാര്‍ പട്ടേലിന്റെപ്രതിമ നിര്‍മ്മിക്കുന്നത്. ഐക്യ ഇന്ത്യയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 562 നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച അവിസ്മരണീയ സംഭാവനയാണ് പട്ടേല്‍ നല്‍കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണണ്ഡതയ്ക്കും സ്ഥിരമായ പ്രചോദനമാണ് പട്ടേല്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഈ പ്രതിമ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ ഐക്യത്തെ ചൂണ്ടിക്കാട്ടുന്ന സ്മാരകമായിരിക്കും.
ഡിസംബര്‍ 15ന് രാജ്യത്തെ ഏഴുലക്ഷം ഗ്രാമങ്ങളില്‍ കാമ്പെയിന് ആരംഭിക്കും. ലോകത്തെ ഏറ്റവും ശക്തവും സമൃദ്ധവും ഐക്യമുള്ളതുമായ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ഏക ഭാരതം, ശ്രേഷ്ഠഭാരതം എന്ന ശക്തമായ കാഴ്ചപ്പാടോടെ എല്ലാ കര്‍ഷകരും പൗരന്മാരും ഇതിനായി സഹകരിക്കുമെന്ന് ഗുജറാത്ത് പ്രതിനിധി സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു.
അമേരിക്കയിലെ പ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ മൂന്നിരട്ടി ഉയരത്തിലാവും ഇത്. ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യുള്ള രൂപകല്‍പ്പനയാവും പിന്തുടരുക. 450 അടി ഉയരത്തിലുള്ള സന്ദര്‍ശക ഗാലറിയില്‍ നിന്ന് നര്‍മദ അണക്കെട്ട് വീക്ഷിക്കാനായി ആധുനിക എലവേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും. മോശം കാലാവസ്ഥയെ നേരിടാനും കനത്ത കാറ്റിനെയും ഭൂമികുലുക്കത്തെയും ചെറുക്കാനും സഹായിക്കുന്ന രീതിയില്‍ ഉരുക്കിന്റെ ചട്ടക്കൂടാവും നിര്‍മ്മിക്കുക. ഇവിടെ കാര്‍ഷിക ഗവേഷണകേന്ദ്രവും കാമധേനു സര്‍വകലാശാലയും സ്ഥാപിക്കാനും ഉദ്ദേശിച്ചിട്ടുണ്ട്. നര്‍മദാ തീരത്തെ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനത്തിനുള്ള സമാന അവസരങ്ങളാവും ഒരുക്കുക. സര്‍ദാര്‍ സരോവര്‍ യോജന, ജല ആസൂത്രണം, പട്ടിക വര്‍ഗ്ഗങ്ങളുടെ ഉന്നമനപരിപാടികള് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ വിശദീകരിക്കുന്ന വിര്‍ച്വല്‍ ടൂര്‍ തയ്യാറാക്കും. 2500 കോടി ചെലവില്‍ 3-4 വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ബാബുഭായ് ബുഖരിയയുടെ നേതൃത്വത്തില്‍ കേരളം സന്ദര്‍ശിക്കുന്ന സംഘത്തില്‍ മുന്‍മന്ത്രിമാരായ ഐ.കെ.ജഡേജ, ദര്‍ശന ബന് ജാര്‍ദോഷ്.എംപി എംഎല്‍എമാരായ ഭൂഷണ് ബട്ട്, മോഹന്‍ഭായ് കുണ്ടരിയ, വിഭാവരി ബന്ദേവ്, ദേവുസിംഗ് ചൗഹാന്, ഹബ്ദസരണ് തദ്വി, കേദന്ഭാവ് ജനംദാര്, ജയന്തിഭായ് പട്ടേല്‍, ബച്ചുഭായ് പട്ടേല്‍, സഞ്ജയ്കൗള്‍ ഐഎഎസ്, ജനദേവന്‍ ഐഎഎസ്, മനോജ് ശശിധര്‍ ഐപിഎസ്, ദീപന് ഭദ്രന് ഐപിഎസ് എന്നിവരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: