കല്‍പ്പറ്റ : മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ലക്ഷ്യം എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയിലൂടെ സൗരോര്‍ജ്ജ വിപ്ലവമായി ഗോത്രഗ്രാമങ്ങളിലെത്തിക്കാനുള്ള തിരക്കിലാണ് വയനാട് മീനങ്ങാടി പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളായ എന്‍.എസ്.സുബിന്, വിപിന്‍ ഗോപാല്‍, അജയ് രാജ്, അഭില്‍ ടി ബാലകൃഷ്ണന്, പി.നിസാര്‍, അബുതാഹിര്‍ എന്നിവരുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളിലെ ചില വീടുകള്‍ തിരഞ്ഞെടുത്ത് സ്വന്തം ചിലവില്‍ അത്യാധുനിക രീതി ഉപയോഗിച്ച് സോളാര്വത്ക്കരിച്ചിരിക്കുകയാണിവര്.
റിപ്പണ്‍, തേന്ക്കുഴി, നായ്ക്കട്ടി, ബീനാച്ചി, കുമ്പളേരി, മീനങ്ങാടി തടുങ്ങിയ സ്ഥലങ്ങളിലാണ് പദ്ധതിയുടെ ആദ്യ പ്രവര്‍ത്തനം നടത്തുക. വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തുന്ന പ്രോജക്ടുകള്‍ നാടിന് ഉപയോഗപ്രദമാകാതെ വിശ്രമിക്കുന്നതിന്റെ പോരായ്മ കണക്കിലെടുത്താണ് ഗ്രാമങ്ങളിലേക്കിറങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. കേവലം 12000 രൂപയില്‍ താഴെമാത്രം മുതല്‍മുടക്കി ഇന്‍വെര്‍ട്ടര്‍ ഒഴിവാക്കികൊണ്ട് 12 വാള്‍ട്ട് ഡിസി യില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് പ്രോജക്ടുകള്‍ക്ക് രൂപകല്‍പ്പന നല്‍കിയിരിക്കുന്നത്. പോര്ട്ടബിള്ലൈറ്റ്, മൊബെയില്‍ ചാര്‍ജര്‍ തുടങ്ങിയവയും വൈകാതെ സോളാറിലേക്ക് മാറ്റും.
മുംബൈ ഐഐടി അധ്യാപകരുടെ സിടിഎആര്എ എന്ന സ്ഥാപനത്തിന് കീഴില്‍ സോളാര്‍ വൈദ്യുതി പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ. മിലന് സോണി, ഡോ. എന്‍.സി.നാരായണന്, ഡോ. അനില്‍ കോട്ടത്തറ എന്നിവരും വയനാട് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം തലവന്‍ താജുദീന് അഹമ്മദ്, മീനങ്ങാടി പോളിടെക്നിക് അധ്യാപകരായ സുന്ദര്‍രാജ് പി, എര്‍ലിന്‍.സി.എം., കെ.കെ.സദാശിവന്, പി.എന്‍.വികാസ് തുടങ്ങിയവരും ഗ്രാമസ്വരാജ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.
എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ സാധാരണക്കാര്‍ക്കായുള്ള ചിലവ് കുറഞ്ഞ സൗരോര്‍ജ സംവിധാനങ്ങള്‍ക്കും ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ സേവനമാണ് പ്രയോജനപ്പെടുത്തുക. വയനാട്ടിലെ സൗരോര്‍ജ കണക്കെടുപ്പിനായി മുംബൈ ഐഐടി ഇവരുടെ സേവനം തേടിയിട്ടുണ്ട്. ഇന്ന് 11 മണിക്ക് മേപ്പാടി വാളത്തൂര്‍ പണിയകോളനിയില്‍ പദ്ധതിയുടെ ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: