ബാങ്കോക്ക്: പ്രതിപക്ഷസമരത്തെത്തുടര്ന്നു പാര്‍ലമെന്റ് പിരിച്ചുവിട്ട തായ്ലന്ഡിലെ വനിതാ പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്ര ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്നു വ്യക്തമാക്കി. ഇതേസമയം 24 മണിക്കൂറിനകം പ്രധാനമന്ത്രി രാജിവയ്ക്കണമെന്നു പ്രക്ഷോഭകരുടെ നേതാവ് സുതേപ് അന്ത്യശാസനം നല്കി. ഇന്നലെ ആര്‍മി ക്ലബില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ നിലപാടിനെച്ചൊല്ലി കണ്ണീരൊഴുക്കി. നാം എല്ലാം തായ്ലന്‍ഡുകാരാണ്. ഞാന്‍ ഇത്രയും വിട്ടുവീഴ്ച ചെയ്തു. ഇനി എങ്ങോട്ടു പോകണം. തായ് മണ്ണില്‍ ഞാന്‍ കാലുകുത്തരുതെന്നാണോ നിങ്ങള്‍ (സമരക്കാര്‍) ആഗ്രഹിക്കുന്നത്? കണ്ണീരോടെ യിംഗ്ലക്ക് ചോദിച്ചെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. ഷിനവത്ര കുടുംബത്തെ താറടിക്കരുതെന്നും ജനാധിപത്യം നിലനിര്‍ത്താനായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്നും സമരത്തിനു നേതൃത്വം നല്കുന്ന പ്രതിപക്ഷ ഡെമോക്രാറ്റുകളോട് യിംഗ്ലക്ക് ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിനു വോട്ടെടുപ്പു നടത്താനാവുമെന്ന് നേരത്തെ ഇലക്ഷന് കമ്മീഷന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് രാജിവയ്ക്കില്ലെന്ന് യിംഗ്ലക്ക് ആവര്‍ത്തിച്ചു. യിംഗ്ലക്കിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന് ഷിനവത്ര ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നു പറഞ്ഞാണ് പ്രതിപക്ഷം സമരം തുടങ്ങിയത്. സൈന്യം പുറത്താക്കിയ താക്സിന് വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്. സമരം ശക്തമായതോടെയാണു പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഇതിനിടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം കിട്ടിയാല്‍ 46കാരിയായ യിംഗ്ലക്കിനെത്തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് ഭരണകക്ഷിയായ ഫുവേതായി പാര്‍ട്ടിയുടെ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: