ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എ മുതല്‍ ഡി വരെയുള്ള ഗ്രൂപ്പുകളിലെ അവസാന പോരാട്ടങ്ങളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരായ പിഎസ്ജിക്കും നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനും കനത്ത തിരിച്ചടി. ബയേര്‍ ലെവര്ക്യൂസന്, ഒളിമ്പിയാക്കോസ്, മാഞ്ചസ്റ്റര്‍ സിറ്റി, ഗലത്സരെ എന്നീ ടീമുകള്‍ അതത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.
ഗ്രൂപ്പ് ഡിയില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബയേണിനെ അവരുടെ തട്ടകത്തില്‍ അട്ടിമറിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ അപരാജിത കുതിപ്പിനാണ് പരാജയത്തോടെ വിരാമമായത്. തുടര്‍ച്ചയായ പത്ത് വിജയങ്ങളുമായി കുതിക്കുകയായിരുന്നു ബയേണ്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. നേരത്തെ ഗ്രൂപ്പ് പോരാട്ടത്തില്‍ ബയേണിനോട് സ്വന്തം തട്ടകത്തിലേറ്റ പരാജയത്തിന് പകരം വീട്ടലുകൂടിയായി ഈ വിജയം. ചൊവ്വാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ 12 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയശേഷമായിരുന്നു ബയേണിന്റെ പരാജയം. അഞ്ചാം മിനിറ്റില്‍ തോമസ് മുള്ളറാണ് ബയേണിന്റെ ആദ്യ ഗോള്‍ നേടിയത്. ഡെന്റെ നീട്ടിയെറിഞ്ഞ ത്രോ പിടിച്ചെടുത്ത് മുള്ളര്‍ പായിച്ച ഇടംകാലന്‍ ഷോട്ട് സിറ്റി വലയില്‍ തറച്ചുകയറി. പിന്നീട് 12-ാം മിനിറ്റില്‍ ബയേണ്‍ ലീഡ് ഉയര്‍ത്തി. മരിയോ മാന്‍സുകിച്ചിന്റെ തകര്‍പ്പന്‍ ഷോട്ട് സിറ്റി താരം ബ്ലോക്ക് ചെയ്തെങ്കിലും പന്ത് കിട്ടിയ മരിയോ ഗോട്സെ ബോക്സിന്റെ മധ്യത്തില്‍ നിന്ന് തൊടുത്ത വലംകാലന്‍ ഷോട്ട് വലയില്‍ പതിച്ചു. 28-ാം മിനിറ്റില്‍ ജെയിംസ് മില്‍നര്‍ തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് ഡേവിഡ് സില്‍വ ഇടംകാലന്‍ ഷോട്ടിലൂടെ ബയേണ്‍ വലയിലെത്തിച്ചു. ആദ്യപകുതിയില്‍ ബയേണ്‍ 2-1ന് മുന്നിലെത്തി. പിന്നീട് 59-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സിറ്റി സമനില പിടിച്ചു. ജെയിംസ് മില്‍നറെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സിറ്റിയുടെ റഷ്യന്‍ താരം അലക്സാണ്ടര്‍ കൊലറോവ് പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു.
മൂന്നുമിനിറ്റിനുശേഷം സിറ്റി മില്‍നറിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ജീസസ് നവാസിന്റെ പാസില്‍ നിന്നാണ് മില്‍നര്‍ സിറ്റിയുടെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും ഗോള്‍ ആവറേജില്‍ ബയേണ്‍ മ്യൂണിക്കാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. സിറ്റി രണ്ടാമതും. ഗ്രൂപ്പിലെ അപ്രധാനമായ മറ്റൊരു മത്സരത്തില്‍ വിക്ടോറിയ പ്ലസന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിഎസ്കെ മോസ്കോയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ബെനഫിക്കയാണ് പിഎസ്ജിയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെനഫിക്കയുടെ വിജയം. 37-ാം മിനിറ്റില്‍ എഡിസണ് കവാനിയിലൂടെ പിഎസ്ജി ലീഡ് നേടിയെങ്കിലും 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലിമ ബെനഫിക്കയുടെ സമനിലഗോള്‍ നേടി. പിന്നീട് 58-ാം മിനിറ്റില്‍ നിക്കോളാസ് ഗെയ്റ്റാന്‍ ബെനഫിക്കയുടെ വിജയഗോളും സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാക്കോസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആന്‍ഡര്‍ലെക്റ്റിനെ പരാജയപ്പെടുത്തി. 49-ാം മിനിറ്റില്‍ ചീകു കൊയുട്ടേയും 88-ാം മിനിറ്റില്‍ ഫാബ്രിസ് സകാലയും ഇഞ്ച്വറി സമയത്ത് പ്രോര്ട്ടോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ എട്ടുപേരുമായാണ് ആന്‍ഡര്‍ലെക്റ്റ് കളിച്ചത്. ഈ വിജയത്തോടെ ഒളിമ്പിയാക്കോസ് ഗ്രൂപ്പ് ചാമ്പ്യന്മാരായ പിഎസ്ജിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒളിമ്പിയാക്കോസിനും ബെനഫിക്കക്കും 10 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിലാണ് ബെനഫിക്ക പുറത്തായത്.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി. എഫ്സി കോപ്പന്‍ഹേഗനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ റയല്‍ കീഴടക്കിയത്. റയലിനുവേണ്ടി 25-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചും 48-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോളുകള്‍ നേടി. പിന്നീട് മത്സരത്തിന്റെ 89-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ പാഴാക്കി. ക്രിസ്റ്റ്യാനോയുടെ ഷോട്ട് കോപ്പന്‍ഹേഗന്‍ ഗോളി യോഹാന്‍ വിലാന്ഡ് തടുത്തിട്ടു.ഇതോ ഗ്രൂപ്പ് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം ഒമ്പതായി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്പത് ഗോളുകള്‍ നേടുന്നത്.
അതേസമയം ജുവന്റസിനെ വെസ്ലി സ്നൈഡറുടെ ഏക ഗോളിന് കീഴടക്കി ഗലറ്റ്സരെയും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച രാത്രി നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. 32 മിനിറ്റ് കളിക്കുശേഷമായിരുന്നു മത്സരം മാറ്റിവെച്ചത്.
ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഷക്തറിനെ 1-0ന് കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 67-ാം മിനിറ്റില്‍ ഫില്‍ ജോണ്‍സാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. വെയ്ന്‍ റൂണി ഉള്‍പ്പെട്ട മാഞ്ചസ്റ്റര്‍ മുന്നേറ്റനിര നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞ ശേഷമാണ് ജോണ്‍സിലൂടെ വിജയഗോള്‍ പിറന്നത്. മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡിനെ എവേ മത്സരത്തില്‍ 1-0ന് പരാജയപ്പെടുത്തി ബയര്‍ ലെവര്‍ക്യൂസനും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മത്സരത്തിന്റെ 49-ാം മിനിറ്റില്‍ ടൊപ്രാക്കാണ് ലെവര്‍ക്യൂസന്റെ വിജയഗോള്‍ നേടിയത്. 14 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള് 10 പോയിന്റുമായി ലെവര്ക്യൂസന് രണ്ടാം സ്ഥാനക്കാരായി അവസാന 16ലേക്ക് യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: