സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് 302 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ ഡി കോക്ക് (101) ഗംഭീര പ്രകടനം നടത്തി. ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സും (109) ആതിഥേയര്‍ക്കായി സെഞ്ച്വറി കണ്ടെത്തി. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന അഞ്ചാമത്തെ താരമായി ഇന്നലെയും മൂന്നക്കം കടന്നതോടെ ഡി കോക്ക്. പാക് താരങ്ങളായ സഹീര്‍ അബ്ബാസ്, സയീദ് അന്‍വര്‍, ഹെര്‍ഷലെ ഗിബ്സ്, എ.ബി. ഡിവില്ലിയേഴ്സ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളവര്‍. രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. കല്ലിസിനും സ്റ്റെയിനും പകരം ഡേവിഡ്സും ഇംമ്രാന്‍ താഹിറും കളിക്കാനിറങ്ങിയപ്പോള്‍ ഇന്ത്യ രഹാനെക്ക് പകരം യുവരാജ് സിംഗിനെ പരീക്ഷിച്ചു.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ യോഗം. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മക്കും മുഹമ്മദ് ഷാമിക്കും കഴിഞ്ഞു. സ്കോര്‍ 28 റണ്‍സ് മാത്രമുള്ളപ്പോഴാണ് ആംല (13), ഹെന്റി ഡേവിഡ്സ് (1), ജെ.പി. ഡുമ്നി (0) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയെത്തിയത്. ആംലയെ മുഹമ്മദ് ഷാമി മടക്കിയപ്പോള്‍ ഡേവിഡ്സിനെയും ഡുമ്നിയെയും ഇഷാന്ത് പുറത്താക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡികോക്കും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും ചേര്‍ന്ന് ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 171 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 120 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 101 റണ്‍സെടുത്ത ഡി കോക്കിനെ ഇഷാന്ത് ശര്‍മ്മ ബൗള്‍ഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ഡിവില്ലിയേഴ്സും മില്ലറും ചേര്‍ന്ന് സ്കോര്‍ 252 റണ്‍സിലെത്തിച്ചു. ഇതിനിടെ ഡിവില്ലിയേഴ്സ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 96 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളും നാല് സിക്സറുകളുമടക്കമാണ് ദക്ഷിണാഫ്രിക്കന്‍ നായകന് സെഞ്ച്വറി തികച്ചത്. പിന്നീട് വ്യക്തിഗത സ്കോര്‍ 109 റണ്‍സിലെത്തിയപ്പോള്‍ ഡിവില്ലിയേഴ്സ് മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഉജ്ജ്വലമായ ഇന്നിംഗ്സിന് അവസാനമായത്. പിന്നീട് സ്കോര്‍ 269-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത മക്ലാരനെയും ഇഷാന്ത് ശര്‍മ്മ മടക്കി. സ്കോര്‍ 291 റണ്‍സിലെത്തിയപ്പോള്‍ ഒമ്പത് റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലിനെ മുഹമ്മദ് ഷാമി രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. രണ്ട് പന്തുകള്‍ക്ക് ശേഷം ഫിലാന്‍ഡറെയും ഷാമി ബൗള്‍ഡാക്കി. ഇതിനിടെ മില്ലര്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷാമി 10 ഓവറില്‍ 69 റണ്‍സിന് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: