ചെന്നൈ: അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിക്കായുള്ള ദക്ഷിണമേഖലാ മത്സരത്തില്‍ കേരളത്തിന് ഇന്നിംഗ്സ് വിജയം. ഒരിന്നിംഗ്സിനും 73 റണ്‍സിനുമാണ് കേരള യുവതാരങ്ങള്‍ ഗോവന്‍ യുവനിരയെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്സില്‍ 294 റണ്‍സിന്റെ ലീഡ് നേടിയ കേരളം ഗോവയെ രണ്ടാം ഇന്നിംഗ്സില്‍ 120 റണ്‍സിന് ഓള് ഔട്ടാക്കിയാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. നേരത്തെ ഗോവ ഒന്നാം ഇന്നിംഗ്സില്‍ 152 റണ്‍സിന് പുറത്തായിരുന്നു. കേരളം ഒന്നാം ഇന്നിംഗ്സില്‍ 9ന് 346 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. 97 റണ്‍സെടുത്ത അഖില്‍ അനില്‍, 60 റണ്‍സെടുത്ത ഉണ്ണിമോന് സാബു, 56 റണ്‍സെടുത്ത അശ്വിന് അശോക്, 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പ്രേം സാഗര്‍, 28 റണ്‍സെടുത്ത അനീഷ്, 26 റണ്‍സെടുത്ത ആനന്ദ് കൃഷ്ണന് എന്നിവരുടെ മികച്ച ബാറ്റിംഗാണ് കേരള യുവനിരക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസമായ ഇന്നലെ കളി പുനരാരംഭിച്ച ഗോവക്ക് വേണ്ടി ഒരാളും മികച്ച ബാറ്റിംഗ് പുറത്തെടുത്തില്ല. പുറത്താകാതെ 26 റണ്‍സെടുത്ത എം.എന്‍. ഹഗ്ഗിയാണ് ഗോവന്‍ നിരയിലെ ടോപ് സ്കോറര്‍. പ്രഭുദേശായി 22ഉം എം.എ. കുട്കര് 21ഉം ആര്.എസ്. ബുക്കാം 15 എന്നിവരാണ് ഗോവന്നിരയില് രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാര്. കേരളത്തിന് വേണ്ടി സിജിമോന് ജോസഫ് 42 റണ്‍സ് വഴങ്ങി നാലും ഫനൂസ് 31 റണ്‍സിന് മൂന്നും അഖില്‍ അനില്‍ 18 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ രണ്ട് മത്സരങ്ങളിലായി 10 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. കേരളത്തിന്റെ അടുത്ത മത്സരം 13 ന് കര്‍ണാടകക്കെതിരെ ചെന്നൈയില്‍ വെച്ചു നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: