കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോള്‍ ബംഗളൂരു എഫ്സിക്ക് മികച്ച വിജയം. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുഹമ്മദന്‍സ് പോര്ട്ടിംഗിനെയാണ് ബംഗളൂരു എഫ്സി തകര്‍ത്തത്. സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ബംഗളൂരു ടീമിന് മികച്ച വിജയം സമ്മാനിച്ചത്. 21-ാം മിനിറ്റില്‍ ജോണ്‍ മെന്യോന്ഗറിലൂടെയാണ് ബംഗളൂരു എഫ്സി ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് ജോസിമറിലൂടെ മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് സമനില പിടിച്ചു. പിന്നീട് 48-ാം മിനിറ്റില്‍ ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയിലൂടെ ബംഗളൂരു ടീം വീണ്ടും ലീഡ് നേടിയെങ്കിലും 57-ാം മിനിറ്റില്‍ ജോസിമറിലൂടെ മുഹമ്മദന്‍സ് വീണ്ടും സമനില പിടിച്ചു. പിന്നീട് 71-ാം മിനിറ്റില്‍ സുനില്‍ ഛേത്രി വീണ്ടും ലക്ഷ്യം കണ്ടതോടെ വിജയം ബംഗളൂരു എഫ്സിക്ക് സ്വന്തമായി.
കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു പോരാട്ടത്തില്‍ മുംബൈ എഫ്സിയെ മോഹന്ബഗാന് 1-1ന് സമനിലയില്‍ തളച്ചു. മുംബൈ എഫ്സിക്കുവേണ്ടി 10-ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫി ലക്ഷ്യം കണ്ടപ്പോള്‍ മോഹന്‍ബഗാന്റെ ഗോള്‍ 80-ാം മിനിറ്റില്‍ മലയാളിയായ സി.എസ്. സബീത്താണ് നേടിയത്.
ആവേശകരമായ മറ്റൊരു പോരാട്ടത്തില്‍ അവസാന ഒരുമിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളുടെ കരുത്തില്‍ രംഗ്ദജിത്യുണൈറ്റഡ് എഫ്സി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൂനെ എഫ്സിയെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാളും സാല്‍ഗോക്കര്‍ ഗോവയും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: