കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യ വികസനത്തിനും ഏറ്റെടുക്കല്‍ സഹായകമാവും. സാമ്പത്തിക പ്രതിസന്ധിയും ഭരണ പരാജയവും നിമിത്തം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്.
വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമാണിത്. സഹകരണ മേഖലയിലെ അമിത രാഷ്ട്രീയ ഇടപെടലുകളും തുടര്‍ന്നുണ്ടായ നിരവധി അഴിമതി ആരോപണങ്ങളും സഹകരണ മെഡിക്കല്‍ കോളേജിന്റെ വികസനത്തെ തടസപ്പെടുത്തിയിരുന്നു. 2000ലാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും മെഡിക്കല്‍ കോളേജിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാകുന്നത 2004 ല്‍ മാത്രമാണ്. അതുവരെ ജനറല്‍ ആശുപത്രിയിലും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുമായിട്ടായിരുന്നു മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം. ക്ലാസുകള്‍ നടന്നിരുന്നത് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മുറികളിലും.
2004 ല്‍ എഛ് എം ടിയുടെ കയ്യിലുണ്ടായിരുന്ന 65 ഏക്കര്‍ ഭൂമി ഏറ്റെടുത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചിട്ടും മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ശോചനീയമായി തുടര്‍ന്നു. ഭരണ സമിതിയിലെ ചേരിപ്പോരുകളും ഇതിന് കാരണമായി. ഒട്ടേറെ അഴിമതി ആരോപണങ്ങളും ഇക്കാലത്തിനുള്ളില്‍ ഉയര്‍ന്നു. അഡ്മിഷന്റെ പേരിലും മറ്റും വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണവും ഉയര്‍ന്നു. ഇതിനെല്ലാം പരിഹാരമെന്നോണമാണ് സര്‍ക്കാര്‍ ഏറ്റടുക്കല്‍ തീരുമാനം. മന്ത്രിസഭായോഗത്തില്‍ തീരുമാനമായെങ്കിലും ഏറ്റെടുക്കലിന് ഒട്ടേറെ പ്രതിബന്ധങ്ങല്‍ അവശേഷിക്കുന്നുണ്ട്. വലിയ ബാധ്യതയാണ് ഇതുമൂലം ഖജനാവിനുണ്ടാകുക. അടിസ്ഥാന സൗകര്യ വികസനം, ശമ്പളം, മറ്റുചെലവുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ നേരിട്ട് വഹിക്കേണ്ടി വരും. ഇതിനു പുറമേ ഇപ്പോഴത്തെ നഷ്ടവും ബാധ്യതകളും. 500 കോടിയിലേറെ രൂപ ഈ ഇനത്തില്‍ കണ്ടെത്തേണ്ടി വരുമെന്നാണ് സൂചന. സര്‍ക്കാര്‍ ഏറ്റടുക്കുന്നതോടെ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി കാന്‍സര്‍ സെന്റര്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: