മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഭീഷണിയുമായി മുസ്ലീംലീഗ്. മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജയിക്കുമെന്നും ലീഗ് ജില്ലാകമ്മിറ്റി വിലയിരുത്തുന്നു. ഒറ്റയ്ക്ക് മത്സരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അങ്ങനെ ആണെങ്കില്‍ മലപ്പുറം ജില്ലയിലെ പൊന്നാനി, മലപ്പുറം ലോകസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ജയിക്കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് വ്യക്തമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്. സാദിഖലി ശിഹാബ് തങ്ങളും മുസ്ലീം യൂത്ത്ലീഗ് ജില്ലാ ഭാരവാഹികളും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് പി. അബ്ദുള്‍ ഹമീദ് ജില്ലാഘടകത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഇ. അഹമ്മദ് മലപ്പുറത്തു നിന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്നും ലീഗിനെ പ്രതിനിധീകരിച്ച് ഇപ്പോള്‍ ലോക്സഭയില്‍ ഉണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളും കഴിഞ്ഞദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന് വിരുദ്ധമായ തരംഗം നിലനില്‍ക്കുന്നതിന് സൂചനയാണെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പ് പോരും സംസ്ഥാന ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കുറ്റപ്പെടുത്തലുകളും യുഡിഎഫിലെ കെട്ടുറപ്പില്ലായ്മയും സംസ്ഥാനത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയും ലീഗിനുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി യുഡിഎഫ് എങ്ങനെ മുന്നോട്ടുപോകുമെന്ന ചിന്തയും ലീഗിലെ ചില നേതാക്കള്‍ക്കുണ്ട്. ഒന്നിച്ച് നിന്ന് മത്സരിച്ച് നേടുന്നതിനെക്കാള്‍ ഒറ്റയ്ക്ക് നിന്ന് വിജയിച്ച് ശക്തി കാണിക്കണമെന്ന് ലീഗിലെ ഒരു വിഭാഗം പറയുന്നു. ഒറ്റയ്ക്ക് നിന്ന് വിജയിച്ചാല്‍ ഭരണത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും കരുതുന്നവരുണ്ട്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും തങ്ങള്‍ക്ക് രക്ഷപ്പെടുകയും ചെയ്യാം.
ജില്ലയില്‍ യുഡിഎഫിനകത്തെ അസ്വാരസ്യങ്ങളും ലീഗിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ ഇടയാക്കിയെന്നുവേണം കരുതാന്‍. മന്ത്രി ആര്യാടന് മുഹമ്മദും ലീഗ് നേതൃത്വവും തമ്മില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വാക് പയറ്റും ജില്ലയില്‍ യുഡിഎഫിനകത്ത് പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: