സഖാവിനെ വഴിയില്‍ കണ്ടപ്പോള്‍ ചോദിച്ചു പോയി. അല്ലയോ സഖാവെ വലിയ തിരക്കിലാണെന്ന് കേട്ടല്ലോ. നിസ്കാരപ്പായ വിരിക്കുന്നതും പള്ളി പണിയുന്നതുമൊക്കെ പാര്‍ട്ടി ഏറ്റെടുത്തുവെന്ന് കേട്ടല്ലോ.
മറുപടി ഉടനെ വന്നു. ന്യൂനപക്ഷ വോട്ടുകള്‍ അങ്ങനെ കോണ്‍ഗ്രസിനും ലീഗിനുമായി വിട്ടുകൊടുക്കേണ്ട എന്നു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. പുതിയ നിസ്കാര പായകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. പള്ളി പണിയാനുള്ള മണല്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.
അപ്പോള്‍ സഖാവെ, സഖാവ് വിയര്‍പ്പൊഴുക്കുന്ന മതക്കാരെ കണ്ടിട്ടല്ലെ മാര്‍ക്സ് പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്. മാര്‍ക്സ് കറുപ്പെന്ന് വിളിച്ച മതങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവൃത്തിക്കുന്നത് അദ്ദേഹത്തോടു കാട്ടുന്ന അനാദരവല്ലേ.
മാര്ക്സിന് വോട്ടു ബാങ്കിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. മാര്‍ക്സ് അധികാരം തോക്കിന് കുഴലിലൂടെയാണ് സ്വപ്നം കണ്ടത്. ഞങ്ങളാകട്ടെ വോട്ടു ബാങ്കിലൂടെയും. മാര്‍ക്സിന്റെ പഴഞ്ചന്‍ ചിന്താഗതി കാലാനുസൃതമായി മാറ്റാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതാണ് അടവ് നയം.
അപ്പോള്‍ സഖാവെ മാര്‍ക്സിസത്തിന്റെ പേര് വഹിക്കുന്ന പാര്‍ട്ടി മാര്‍ക്സിനെ തള്ളിപ്പറയുന്നത് ശരിയാണോ. സിപിഐ (എം)എന്നല്ലെ താങ്കളുടെ പാര്‍ട്ടിയുടെ പേര്.
മാര്‍ക്സിനെപ്പോലെ നിങ്ങള്‍ക്കും ഒരു ചുക്കും അറിയില്ലെന്ന് തോന്നുന്നു. എം എന്നുപറഞ്ഞാല്‍ “മാര്‍ക്സിസ്റ്റ്” എന്നുമാത്രമേ അര്‍ത്ഥമുള്ളൂവെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. “മാര്‍ത്തോമ”, “മുസ്ലിം” എന്നീ പേരിനേയും എം കൊണ്ടു സൂചിപ്പിച്ചു കൂടെ. വിവരക്കേട് പറയരുത്.
അപ്പോള്‍ സഖാവെ ഒരു സംശയം. നിസ്ക്കാരപ്പായ വിരിക്കുകയും പള്ളി പണിയുകയും ചെയ്യുന്ന നിങ്ങളുടെ പാര്‍ട്ടി ഹിന്ദുവിനോട് മാത്രം ആ മനസ്ഥിതി കാണിക്കാത്തത് എന്തുകൊണ്ടാണ്? വീട്ടില്‍ മുത്തപ്പന് തെയ്യം കെട്ടിച്ചതിന് ഒരു പാര്‍ട്ടിക്കാരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായും ശബരിമലയ്ക്കു പോയ ഒരു ഭക്തനെ ശാസിച്ചതായും വായിച്ചല്ലോ.
അതിന് കാരണമുണ്ട്. ഞങ്ങളുടെ കുഞ്ഞാടുകള്‍ പ്രതികരണശേഷി കാട്ടാറില്ല. തൊഴി കൊടുത്താലും സഹിച്ചുകൊള്ളും. അവര്‍ വേറെ എവിടെ പോകാനാണ്. പോയാലത്തെ ഗതി എന്താണെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടു കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലും. ചാവാന്‍ പറഞ്ഞാല്‍ ചാകും. പിന്നെ ഒരു കാര്യം കൂടി. ഞങ്ങള്‍ സിപിഐ(എച്ച്)എന്നു പറയുന്നില്ലല്ലോ.
ലാല്‍ സലാം, പിന്നെ കാണാം.
സി.രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: