കാസര്‍കോട്: കിനാനൂറ്‍ കരിന്തളത്തെ കടലാടിപ്പാറയില്‍ ഖനനം നടത്താനുള്ള ആഷാപുര കമ്പനിയുടെ നീക്കം ജില്ലയില്‍ രാഷ്ട്രീയ ആയുധമാകുന്നു. ജനകീയ സമര സംഘടനകള്‍ക്കു പുറമെ സിപിഎം സ്വന്തം സമരവുമായി മുന്നോട്ട് പോകുന്നതിനിടെ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല തന്നെ നേരിട്ട് കടലാടിപ്പാറയിലെത്തി. ഇടത് സര്‍ക്കാരിണ്റ്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം നല്കിയ ഖനനാനുമതി അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത തലയടുക്കത്ത് പൊതുമേഖലാ സ്ഥാപനമായ കേരള ക്ളേസ് ആണ്റ്റ് സിറാമിക്സ് പ്രോഡക്ടിണ്റ്റെ കെപിസിസിഎല്‍ ഖനനത്തിനെതിരെ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി നടത്തുന്ന സമരത്തെ പിന്തുണക്കാന്‍ ചെന്നിത്തല തയ്യാറായില്ല. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ പത്രലേഖകരുടെ ചോദ്യത്തിന് അങ്ങനെയൊരു സമരം നടക്കുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പാര്‍ട്ടി നേതാവ് തന്നെ സമരത്തെ തള്ളിപ്പറഞ്ഞതോടെ ഐഎന്‍ടിയുസിയുടെ സമരം നാണക്കേടിലുമായി. മാസങ്ങള്‍ക്കുമുമ്പ് തന്നെ കെസിസിപിഎല്ലിണ്റ്റെ ഖനനത്തിനെതിരെ സമരവുമായി ഐഎന്‍ടിയുസി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് കടലാടിപ്പാറ ഖനനം വീണ്ടും ഉയര്‍ന്നുവന്നത്. ആഷാപുരയെ എതിര്‍ക്കുന്ന സിപിഎം തലയടുക്കത്തെ കെസിസിപിഎല്ലിണ്റ്റെ ഖനനത്തെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഐഎന്‍ടിയുസി പ്രചരണം നടത്തിയിരുന്നു. സിപിഎമ്മിനുള്ളിലും ഇതേ ചിന്താഗതി വെച്ച് പുലര്‍ത്തുന്നവരും ഏറെയുണ്ട്. എന്നാല്‍ ചെന്നിത്തല കടലാടിപ്പാറ സന്ദര്‍ശിക്കുകയും ഐഎന്‍ടിയുസിയുടെ സമരത്തെ തള്ളിപ്പറയുകയും ചെയ്തതോടെ ആരോപണം തിരിഞ്ഞുകുത്തുകയാണ്. കടലാടിപ്പാറയിലേയും തലയടുക്കത്തേയും ഖനനത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടനിലപാടാണെന്ന് ഇതോടെ വ്യക്തമാവുകയാണ്. പൊതുമേഖലാ സ്ഥാപനത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്ന സിപിഎമ്മിണ്റ്റെ നിലപാട് തന്നെയാണ് ഇന്നലെ ചെന്നിത്തലയും പറഞ്ഞത്. ഒരുഖനനവും വേണ്ടെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. ഐഎന്‍ടിയുസിയുടെ സമരത്തിനെതിരെ വിശദീകരണയോഗങ്ങള്‍ വിളിച്ചുകൂട്ടി കെസിസിപിഎല്‍ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ നടപടിയും തിരിച്ചടിയായിരിക്കുന്നത്. ൨൦൦൭-ല്‍ എളമരം കരീം ആഷാപുരക്ക് നല്കിയ ഖനനാനുമതിക്കെതിരെ ശക്തമായ ജനരോഷമുയരുകയും മുഖ്യമന്ത്രിയായിരുന്ന വിഎസ് ഇടപ്പെട്ട് നടപടി തടയുകയുമായിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറയില്‍ സ്വകാര്യകമ്പനിക്ക് കരീം നല്കിയ ഖനനാനുമതിയില്‍ അഴിമതിയുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സമാനമായ അഴിമതി കടലാടിപ്പാറയുടെ കാര്യത്തിലും നടന്നിട്ടുണ്ടാകുമെന്ന സംശയവും ന്യായവുമാണ്. ൨൦൦൭-ലെ അനുമതി ചൂണ്ടിക്കാട്ടി ഖനനത്തിന് ആഷാപുര വീണ്ടും നീക്കം തുടങ്ങിയിട്ടുണ്ട്. കടലാടിപ്പാറ വിഷയം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് രാഷ്ട്രീയമായി ഏറെ ദോഷം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ സമരവുമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. എളമരം കരീമിനെതിരെ ഉയരുന്ന ആരോപണത്തെ തടയുക എന്ന ലക്ഷ്യവും സമരത്തിനുപിന്നിലുണ്ട്. കെസിസിപിഎല്ലിനെതിരെയും നേരത്തെ സിപിഎം ശക്തമായ സമരം നടത്തിയിരുന്നുവെങ്കിലും പിന്മാറുകയായിരുന്നു. സമരത്തിന് നേതൃത്വം നല്കിയവരും ബന്ധുക്കളും ഇന്ന് സ്ഥാപനത്തില്‍ ജോലിക്കാരായെന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ കെസിസിപിഎല്ലിനെ എതിര്‍ക്കാന്‍ സിപിഎമ്മിനാകുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഐഎന്‍ടിയുസി സമരം ശക്തിപ്പെടുത്തിയത്. എന്നാല്‍ കടലാടിപ്പാറ സമരത്തെ തങ്ങളുടേതാക്കാന്‍ ചെന്നിത്തലയെ ഇറക്കി കോണ്‍ഗ്രസ് നടത്തിയ ശ്രമം കെസിസിപിഎല്ലിനെതിരായ സമരത്തെ അപഹാസ്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: