സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പേസ് പടക്ക് മുന്നില്‍ മുട്ടിടിച്ച് ആദ്യ രണ്ട് ഏകദിനങ്ങളും നഷ്ടപ്പെട്ട് പരമ്പര അടിയറവെച്ച നാട്ടിലെ സിംഹങ്ങളായ ടീം ഇന്ത്യ അവസാന ഏകദിനത്തിന് ഇറങ്ങുന്നു. ഇതിലെങ്കിലും വിജയിച്ച് ടീം ഇന്ത്യ മാനംകാക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 141 റണ്‍സിനും രണ്ടാം ഏകദിനത്തില്‍ 134 റണ്‍സിനുമാണ് പരാജയപ്പെട്ടിരുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയും വെസ്റ്റിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്രപരമ്പരയും പിന്നീട് സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും വിന്‍ഡീസിനെയും തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയത്. എന്നാല്‍ യഥാര്‍ത്ഥ കളിക്കളത്തിലെത്തിയപ്പോള്‍ ടീം ഇന്ത്യയുടെ മുട്ടുവിറക്കുന്നതാണ് കണ്ടത്. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മറ്റ് മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തിയ ശിഖര്‍ധവാനും രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഉള്‍പ്പെട്ട ഇന്ത്യന്‍ മുന്‍നിര ബാറ്റ്്സ്മാന്മാര് ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ രണ്ട്മത്സരങ്ങളില്‍ ഒന്നില്‍പോലും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയുടെ പതിനൊന്ന് പേര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യയിലെ ചത്ത പിച്ചുകളില്‍ ഉഗ്രപ്രതാപികളാകുന്ന നാട്ടിലെപുലിക്കുട്ടികള് യഥാര്‍ത്ഥ പിച്ചുകളില്‍ കളിക്കാനിറങ്ങുമ്പോള്‍ എലിക്കുട്ടികളാകുന്ന കാഴ്ച അത്യന്തം ദയനീയമാണെന്ന പറയാതെ വയ്യ.
സ്റ്റെയിനും മോര്‍ക്കലും സൊസൊബേയും ഉള്‍പ്പെട്ട പേസ് ആക്രമണത്തിന് മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യയെയാണ് കാണാന്‍ കഴിഞ്ഞത്. ജോഹന്നസ്ബര്‍ഗില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഈ മത്സരത്തില്‍ കോഹ്ലി 31ഉം റണ്‍സെടുത്തു. ധവാന് ആദ്യ ഏകദിനത്തില്‍ 12 റണ്‍സാണെടുത്തത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ കോഹ്ലിയും ധവാനും പൂജ്യത്തിനു പുറത്തായി. 18, 19 എന്നിങ്ങനെയായിരുന്നു രോഹിത് ശര്‍മ്മ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നേടിയ റണ്‍സ്. ആദ്യ മത്സരത്തില്‍ 14 റണ്‍സ്നേടിയ സുരേഷ് റെയ്ന രണ്ടാം മത്സരത്തില്‍ 36 റണ്‍സെടുത്ത് ടോപ്സ്കോററായി. തമ്മില്‍ ഭേദം രവീന്ദ്ര ജഡേജയായിരുന്നു. ആദ്യ മത്സരത്തില്‍ 29ഉം രണ്ടാം ഏകദിനത്തില്‍ 26ഉം റണ്‍സെടുത്തു.
ഇതിനേക്കാളൊക്കെ പരിതാപകരമാണ് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ പ്രകടനം. രണ്ട് ഏകദിനത്തിലും മൂന്നുവിക്കറ്റുകള്‍ വീതം നേടിയ മുഹമ്മദ് ഷാമിയെ ഒഴിച്ചുനിര്‍ത്തിയാല്‍ വേഗവും ബൗണ്‍സുമുള്ള പിച്ചുകളില്‍ എങ്ങിനെ ബൗള്‍ ചെയ്യണമെന്ന് ഇന്ത്യക്കാര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ആദ്യ ഏകദിനത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത മോഹിത് ശര്‍മ്മ 10 ഓവറില്‍ 82 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതോടെ രണ്ടാം ഏകദിനത്തില്‍ മോഹിതിന് പുറത്തിരിക്കേണ്ടിവന്നു. പകരം വന്ന ഉമേഷ് യാദവ് രണ്ടാം ഏകദിനത്തില്‍ 6 ഓവറില്‍ 45 റണ്‍സാണ് വിട്ടുകൊടുത്തത്. അതുപോലെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അശ്വിനും രവീന്ദ്ര ജഡേജയും ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞു. പാര്‍ട്ട് ടൈം ബൗളര്‍മാരായ സുരേഷ് റെയ്നയും വിരാട് കോഹ്ലിയും തരക്കേടില്ലായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തിലെ പരാജയത്തിന് ശേഷം ബാറ്റ്സ്മാന്മാര്ക്കെതിരെ ക്യാപ്റ്റന്‍ ധോണി രംഗത്തെത്തിയിരുന്നു. അതേസമയം രണ്ടാം ഏകദിനത്തില്‍ ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെന്നും ധോണി പറഞ്ഞിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയാകട്ടെ പരമ്പര തൂത്തുവാരാനായാണ് ഇന്ന് ഇറങ്ങുന്നത്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളുമായി അരങ്ങുവാഴുന്ന 20കാരന് ഡി കോക്കും പരിചയസമ്പന്നനായ ഹാഷിം ആംലയും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നല്‍കുന്നത്. കഴിഞ്ഞ രണ്ട് ഏകദിനത്തിലും ഒന്നാം വിക്കറ്റില്‍ 150 ലേറെ റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. പിന്നാലെയെത്തുന്ന ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്, ജെ.പി. ഡുമ്നി, മില്ലര്‍ എന്നിവരും മികച്ച ഫോമിലാണ്. വിശ്വസ്തനായ ജാക്ക് കല്ലിന്റെ ഫോമില്ലായ്മ മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ദുഃഖം. കല്ലിസും കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും.
ഫാസ്റ്റ് ബൗളര്‍മാരായ സ്റ്റെയിന് നയിക്കുന്ന പേസ് ബൗളിംഗിന് മുന്നില്‍ ഇന്ത്യക്കാര്‍ മുട്ടുകുത്തുകയാണ്. സ്റ്റെയിന് പിന്തുണയുമായി മോര്‍ക്കലും സൊസൊബേയും മക്ലാരനും ഫിലാന്‍ഡറും കല്ലിസും ഒത്തുചേരുന്നത് ഇന്ത്യന്‍ ടീമിന്റെ ചങ്കിടിപ്പ് കൂട്ടുകയാണ്. ഇന്ത്യയുടെ ദൗര്‍ബല്യം കൃത്യമായി മനസ്സിലാക്കി അഞ്ച് പേസ് ബൗളര്‍മാരുമായാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയത്. ഓള് റൗണ്ടര്‍ ജെ.പി. ഡുമ്നി മാത്രമാണ് സ്പിന്നറായി ടീമിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച അതേ ടീമിനെതന്നെയായിരിക്കും ദക്ഷിണാഫ്രിക്ക ഇന്നത്തെ അവസാന പോരാട്ടത്തിനിറങ്ങുകയെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: