ജോഹന്നനാസ്ബര്ഗ്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറില്ലാത്ത ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കോച്ച് റസ്സല്‍ ഡൊമിംഗോ. ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഈ പ്രസ്താവനയുമായി രംഗത്തെത്തിയത്. 2010-11-ല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ സച്ചിന് രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു.
സച്ചിനില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തോല്‍പ്പിക്കാന്‍ എളുപ്പമാണെന്നും ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യ ഇനിയും പഠിക്കേണ്ടതുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് പറഞ്ഞു. സച്ചിന് മഹാനാനായ ക്രിക്കറ്ററായിരുന്നെന്നും സച്ചിനെ പുറത്താക്കുന്നതിനേക്കാള്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംങ്ങ് റൂമില്‍ ചെലുത്തിയിരുന്ന സ്വാധീനത്തെയാണ് ഭയപ്പെടേണ്ടിയിരുന്നതെന്നും റസ്സല്‍ പറഞ്ഞു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ കരുത്ത് പേസ് ബൗളിംഗ് നിരയാണെന്നും ഇന്ത്യയുടെ യുവനിര പേസ് ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് പറഞ്ഞു. അതിനാല്‍ തന്നെ ഏകദിനം പോലെ തന്നെ ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് അനായാസം വിജയിക്കാനാകുമെന്നും കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രണ്ട് ഏകദിനങ്ങളിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: