ശബരിമല: സ്വാമിശരണം, താങ്കളെ കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട് ; ഉടന്‍ വരിക…. സന്നിധാനത്ത് അനൗണ്‍സ്മെന്റ് വിഭാഗത്തില്‍ മുഴങ്ങുന്ന ഈ വാക്കുകള്‍ അയ്യപ്പ ഭക്തര്‍ക്ക് സാന്ത്വനമാകുകയാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലാണ് അനൗണ്‍സ്മെന്റ് നടത്തുന്നത്. കേവലം അനൗണ്‍സ്മെന്റിന് ഉപരിയായി കൂട്ടുപിരിഞ്ഞ അയ്യപ്പഭക്തരെ തിരഞ്ഞ് ബന്ധുക്കളോ സുഹൃത്തുക്കളോ എത്തുന്നതുവരെ അവരെ പാര്‍പ്പിച്ച് ഭക്ഷണവും സൗകര്യങ്ങളും ഇവര്‍ നല്കുന്നു.
തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുരളി കോട്ടയ്ക്കകത്തിന്റെ നേതൃത്വത്തില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ ജി ശശിധരന് നായര്‍ , അക്കൗണ്ട്സ് വിഭാഗത്തിലെ ജി സനല്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അനൗണ്‍സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അഞ്ച് ജീവനക്കാരും പത്ത് ദിവസ വേതനക്കാരും ഇവിടെ സജീവമാണ്. ആറ് ഭാഷകളില്‍ പ്രാവീണ്യമുള്ള ബാംഗ്ലൂര്‍ സ്വദേശിയായ ആര് എം ശ്രീനിവാസനാണ് അനൗണ്‍സ്മെന്റ് വിഭാത്തിലെ മുഖ്യ അനൗണ്സര്. 2001 മുതല്‍ അദ്ദേഹം സന്നിധാനത്തെ അനൗണ്‍സ്മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി എസ് എഫ് ജവാനായിരുന്ന ശ്രീനിവാസന് ഔദ്യോഗിക ജീവിതത്തിനിടയില്‍ വിവിധ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളുമായുള്ള സൗഹൃദമാണ് വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടുന്നതിന് അദ്ദേഹത്തെ സഹായിച്ചത്. സാമൂഹ്യസേവനരംഗത്തും അദ്ദേഹം സജീവമാണ്. സുമന് എല്‍ എന്‍ എന്ന പേരില്‍ ലഹരിവിമുക്ത സംഘടനയുടെ പ്രവര്ത്തകന് കൂടിയാണ് അദ്ദേഹം. ഇതിനൊപ്പം കോഴഞ്ചേരി ഗോപാലകൃഷ്ണന് തുടങ്ങിയവരും അനൗണ്‍സ്മെന്റ് രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: