ഈരാറ്റുപേട്ട: ഗ്രാമപഞ്ചായത്തു പ്രസിഡന്റിനുള്ള പിന്തുണ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടംഗങ്ങള്‍ പിന്‍വലിച്ചു. മുസ്ലീം ലീഗ് പ്രതിനിധിയായ പ്രസിഡന്റ് മുഹമ്മദ് ഹാഷിമിനുള്ള പിന്തുണയാണ് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ ജമീല അബ്ദുള്‍ ഖാദര്‍, മുസ്ലീം ലീഗ് അംഗമായ മെമ്പര്‍ ഹസീന നൂര്‍സലാം എന്നിവര്‍ പിന്‍വലിച്ചത്.
പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളും ധിക്കാരപരമായ പെരുമാറ്റവുമാണ് കാലങ്ങളായി തങ്ങള്‍ അനുഭവിക്കുന്നതെന്ന് പിന്തുണ പിന്‍വലിച്ച് സെക്രട്ടറിക്ക് നല്കിയ കത്തുകളില്‍ ഇരുവരും ചൂണ്ടിക്കാട്ടി.
തങ്ങളുടെ വാര്‍ഡുകളില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ അമിതമായി ഇടപെടുകയും ഏകാധിപതിയെപ്പോലെ പെരുമാറുന്നതായും ഇരുവരും നല്കിയ കത്തില്‍ സൂചിപ്പിക്കുന്നു.
17അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് 2, മുസ്ലീം ലീഗ് 7, സിപിഎം 5, സിപിഐ 1, എസ്ഡിപിഐ 1, കേരളാ കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് കക്ഷിനില, ഭരണപക്ഷത്തിന് കോണ്‍ഗ്രസ് , ലീഗ്, കേരളാ കോണ്‍ഗ്രസ് കക്ഷികള്‍ ചേര്‍ന്ന് പത്തുപേരുടെ പിന്തുണയാണ് ഉള്ളത്. പ്രസിഡന്റിനെതിരെ 2 പേര് കത്തു നല്കിയപ്പോള് പ്രസിഡന്റിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റിനെ മാറ്റുകയല്ലാതെ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് പിന്തുണ പിന്‍വലിച്ച ഇരുവരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: