കോട്ടയം: ഭാരതത്തിന്റെ ഉരുക്ക് മനുഷ്യന് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും യുവതലമുറയിലേക്ക് പകരുന്നതിനുമായി ഗുജറാത്ത് സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു.
ഗുജറാത്തിലെ നര്‍മ്മദയില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമാ രൂപീകരണവുമായി ബന്ധപ്പെട്ട് വല്ലഭഭായി പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സംസ്ഥാനതല സംഘാടകസമിതിയോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവ് പട്ടേലാണ്. സ്വാതന്ത്ര്യാനന്തരം വ്യത്യസ്തരാജ്യങ്ങളായി വിഘടിച്ച് നിന്ന 565 ഓളം പ്രവിശ്യകളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. യഥാര്‍ത്ഥ മതേതരവാദിയായിരുന്നു സര്‍ക്കാര്‍ പട്ടേല്‍.
1947 ആഗസ്റ്റ് 15 ന് ശേഷം തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ഐക്യരാഷ്ട്രസഭയിലേക്ക് പ്രതിനിധിയെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പട്ടേലിന്റെ ഇടപെടലിനെ തുടര്‍ന്ന് മൂന്ന് ദിവസത്തിനകം തിരുവിതാംകൂര്‍ ഇന്ത്യന്‍യൂണിയനില്‍ ലയിക്കാന്‍ തയ്യാറായി. പട്ടേലിനൊപ്പം പ്രവര്‍ത്തിക്കാന്‍ മലയാളിയായ വി.പി മേനോനും സജീവമായി രംഗത്തുണ്ടായിരുന്നുവെന്നതില് നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വല്ലഭഭായ് പട്ടേലിന്റെ ഇച്ഛാശക്തിയും കര്‍മ്മശേഷിയും ധീരതയും യുവതലമുറ മാതൃകയാക്കേണ്ടതാണ്. അദ്ദേഹത്തിന്റെ കീര്‍ത്തി നിലനിര്‍ത്തുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയത്തിനതീതമായി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും ജസ്റ്റിസ് കെ.ടി തോമസ് അഭ്യര്‍ത്ഥിച്ചു.
ഏകതാട്രസ്റ്റിന്റെ സംസ്ഥാന ചെയര്‍മാനായി അദ്ദേഹം ചുമതലയേറ്റു. ഗുജറാത്ത് സര്‍ക്കാരിന്റെ പുരസ്കാരം ഗുജറാത്ത് കൃഷിമന്ത്രി ബാബുഭായി ഭോവരിയ, ജസ്റ്റിസ് കെ.ടി തോമസിന് നല്കി. രാജ്യത്തെ ഏഴ് ലക്ഷം ഗ്രാമങ്ങളില്‍ നിന്നും ഒരു പിടി മണ്ണുവീതം ശേഖരിച്ച് പ്രതിമാ നിര്‍മ്മാണ സ്ഥലത്ത് സമര്‍പ്പിക്കും. എല്ലാ ഗ്രാമങ്ങളിലെയും കാര്‍ഷിക ഉപകരണങ്ങളില്‍ നിന്നുള്ള ഇരുമ്പ് ശേഖരിച്ചായിരിക്കും പ്രതിമാ നിര്‍മ്മാണത്തിന് ഉപയോഗിക്കുകയെന്ന് ബാബുഭായി ഭോ വരിയ പറഞ്ഞു. പാര്‍ലമെന്റംഗം ദര്‍ശനബെന്‍, എംഎല്‍എമാരായ വിഭാവതി ദാവേ, ദേവശ്രീചൗഹാന്, ശബ്ദശരണ് തഡ്വി, കേതന് ഭായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയന്തിഭായ് പട്ടേല്‍, സച്ചുഭായി പട്ടേല്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഐ.കെ ജഡേജ, ഹര്‍ഷദ് ഗിരി ഗോസ്വാമി, സ്റ്റാച്യു ഓഫ് യൂണിറ്റി കണ്‍വീനര്‍ സഞ്ജയ് ക്വാള്‍, സ്വാമി അഭയാനന്ദ തീര്‍ത്ഥ, മംഗളം എം.ഡി സാബു വര്‍ഗ്ഗീസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്, കെ.പി ശ്രീശന്, ഉമാകാന്തന്‍, സെക്രട്ടറിമാരായ ബി. രാധാകൃഷ്ണമേനോന്, അഡ്വ. എന്‍. കെ. നാരായണന് നമ്പൂതിരി, ട്രഷറര്‍ എം.ബി രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി എന്‍.ഹരി, കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി മോഹനന് മാസ്റ്റര്‍, സംസ്ഥാന പ്രസിഡന്റ് കെ.എസ് രാജന്, ഏകതാട്രസ്റ്റ് സംസ്ഥാന കണ്‍വീനര്‍ വി. രാജേഷ്, പി.ആര് മുരളീധരന്, കെ.കെ മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: