നാലു സംസ്ഥാനങ്ങളില്‍ നിന്നും വന്ന ജനവിധിയെ വ്യത്യസ്ത കോണുകളില്‍ വിലയിരുത്തുന്ന കാഴ്ചയാണെങ്ങും. കോണ്‍ഗ്രസ്സിന്റെ ഭരണ വിരുദ്ധവികാരം കൊടുങ്കാറ്റായി ഉയര്‍ന്നു എന്ന് ഒരു വിഭാഗം. അതുകൊണ്ടു തന്നെ ജനവിധി ബിജെപിക്ക് അനുകൂലമല്ലെന്നും ചിലര്‍ കണ്ടെത്തുന്നു. ബിജെപിയുടെ ജയം താത്കാലികമെന്ന് മറ്റു ചിലര്‍. ഏതാണ്ട് കാഴ്ചശക്തി ഇല്ലാത്ത ആനയെ വര്‍ണിക്കുന്നതുപോലെ. തുമ്പിക്കൈ തൊട്ടവന് ആന ഉലക്കപോലെ, വാല്തൊട്ടവന് ആന ചൂലുപോലെ, ചെവി തൊട്ടവന് ആന മുറം പോലെ, ഉടലുതൊട്ടവന് ആന മതിലുപോലെ, കാല് സ്പര്‍ശിച്ചയാള്‍ ആന തൂണുപോലെ സമഗ്രമായ വീക്ഷണം ആര്‍ക്കുമില്ലെന്ന് നിശ്ചയം. തിരഞ്ഞെടുപ്പിനെ വിലയിരുത്തിയവരൊന്നും കുരുടന്മാരായിരുന്നില്ല. ബിജെപിക്ക് അനുകൂലമാണ് ജനവിധിയെന്ന് പറയാന്‍ വൈമുഖ്യം.
സൂക്ഷ്മ വിശകലനത്തില്‍ ഒന്നുറപ്പാണ്. ഈ തെരഞ്ഞെടുപ്പിലെ ജനിവിധി നിഷേധാത്മകമല്ല. ഭാവാത്മകമാണ്. ഇനി ബിജെപി ഭരിക്കണമെന്ന വ്യക്തമായ ചിന്ത ജനങ്ങള്‍ക്കുണ്ടായി. രാജസ്ഥാനില്‍ എന്ത് ഭരണവിരുദ്ധവികാരമായിരുന്നു ? അശോക് ഗഹലോട്ട് ഒന്നാന്തരം മുഖ്യമന്ത്രി എന്നല്ലെ എല്ലാവരും പറഞ്ഞത്. ജനക്ഷേമ പദ്ധതികള്‍ എന്തൊക്കെ ചെയ്തു. അക്കമിട്ട് നിരത്തിയില്ലെ ! എന്നിട്ടും ജയിക്കാനായില്ലെന്ന് മാത്രമല്ല. ചരിത്രത്തിലില്ലാത്ത തോല്‍വിയാണ് ജനങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചത്. ബിജെപിയാകട്ടെ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
ദല്‍ഹിയില്‍ 15 വര്‍ഷം കൊണ്ട് സൃഷ്ടിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൈയും കണക്കുമില്ലെന്നല്ലെ അവകാശപ്പെട്ടത്. റോഡുകല്‍, പാലങ്ങള്‍, പാളങ്ങള്‍ മികച്ച ഭരണത്തിലൂടെ ഇതൊക്കെ നേടിത്തന്നില്ലേ എന്ന് ഷീലാ ദീക്ഷിത്തും ചോദിച്ചതാണ്. ജനങ്ങള്‍ അതൊക്കെ മനസ്സിലാക്കിയില്ലെന്നാണോ ? ദല്‍ഹി വോട്ടര്‍മാരും ഒരു മാറ്റം ആഗ്രഹിക്കുന്നു. അത് പ്രാദേശികതലത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ. ഗുജറാത്തിലെ സൂറത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയപ്പോള്‍ തമിഴ്നാട്ടിലെ യെര്ക്കാഡില് എഐഎഡിഎംകെ ജയിച്ചു കേറി. കോണ്‍ഗ്രസിന് അവിടങ്ങളിലും ദയനീയ തോല്‍വിയാണ് നല്‍കിയത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പത്തുവര്‍ഷത്തെ ഭരണത്തിനെതിരായി ജനങ്ങള്‍ വിധിയെഴുതുമെന്ന് പറഞ്ഞിരുന്നല്ലൊ. നിവിലുള്ളതിനെക്കാള് ഏറെ സീറ്റ് അധികം നേടിയല്ലെ മധ്യപ്രദേശില്‍ വിജയം ആവര്‍ത്തിച്ചത് ? ഛത്തീസ്ഗഡില്‍ ഒരു സീറ്റ് കുറഞ്ഞെങ്കിലും ഭരണം നിലനിര്‍ത്തി. അവിടെയും ബിജെപി ദേശീയതലത്തില്‍ ഉയര്‍ന്നുവരണമെന്ന ജനങ്ങളുടെ അഭിലാഷം ആവര്‍ത്തിക്കുകയാണ് ചെയ്തത്. പഴയ സീറ്റുകള്‍ നിലനിര്‍ത്തുക മാത്രമല്ല പുതിയ മണ്ഡലങ്ങളില്‍ ആധിപത്യം നേടുകയും ചെയ്തു.
ദേശീയ തലത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നയിക്കാന്‍ നിശ്ചയിച്ച നരേന്ദ്രമോദിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യ പ്രചാരകന്. എല്ലായിടത്തും ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടി. മറ്റൊരു നേതാവിനും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. മോദി ഏതെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാനല്ലല്ലൊ പ്രചാരത്തിനിറങ്ങിയത് ? പ്രധാനമന്ത്രിയാകാനാണ് അദ്ദേഹത്തെ നിശ്ചയിച്ചത്. അതിനുള്ള പ്രചാരണത്തിനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലം ആരേയും സന്തോഷിപ്പിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പല്ലെ ? നരേന്ദ്രമോദിയെ അംഗീകരിക്കുന്ന ജനവിധിയല്ലെ ഉണ്ടായിരിക്കുന്നത്. അതാണല്ലോ ഭാവാത്മകം.
ഇതിനിടയില്‍ മൂന്നാം മുന്നണിയെന്ന തകര്‍ന്നടിഞ്ഞ മോഹവുമായി ഇപ്പോഴും ചിലര്‍ രംഗത്തുണ്ട്. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണവര്ക്ക്. രാജസ്ഥാനില്‍ അവരൊന്നു പരീക്ഷിച്ചു. 140 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. സിപിഎം നേരത്തെ ജയിച്ചിരുന്ന മൂന്ന് സീറ്റടക്കം തോല്പ്പിച്ചെടുക്കാനല്ലാതെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ദേശീയ തലത്തിലും സംഭവിക്കാന്‍ പോകുന്നത് മറിച്ചല്ല. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ആരെങ്കിലും ഇടത് മുന്നണിക്ക് വോട്ട് ചെയ്താലും അത് കോണ്‍ഗ്രസിനെ തുണയ്ക്കാനേ ഉപകരിക്കൂ. 2004ല്‍ കണ്ടത് അതാണല്ലോ. കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ വോട്ട് ചോദിച്ച് ജയിച്ച കേരളത്തിലേതടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിന് അധികാര പാത ഒരുക്കുകയായിരുന്നല്ലൊ. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ എന്നു പറയുന്നവര്‍ ഒടുക്കം കോണ്‍ഗ്രസ്സിനുവേണ്ടി കങ്കാണിപ്പണിചെയ്യുമെന്ന് തീര്‍ച്ച. ഇത് തിരിച്ചറിയാന്‍ രാജസ്ഥാന് ജനതയ്ക്കായി. രാജ്യവ്യാപകമായി സംഭവിക്കുന്നതിന്റെ മാതൃകയാണത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: