കേരളം കുറ്റവാളികളുടെ നാടായി മാറുമ്പോള്‍ ജയിലധികൃതരും ആഭ്യന്തര വകുപ്പും ജയിലുകളെ സുഖവാസ കേന്ദ്രങ്ങളാക്കി മാറ്റുന്നു. സംസ്ഥാന പോലീസിന് മികവ് പോരാ എന്ന് വിമര്‍ശിച്ച ഹൈക്കോടതി പോലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്നും ആവശ്യപ്പെട്ടു. സിബിഐ മാതൃകയില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നുമുള്ള 2011 ലെ നിര്‍ദ്ദേശം അവഗണിച്ചതിനെയും കോടതി വിമര്‍ശിച്ചു. കണ്ണൂര്‍ ജയിലില്‍ കുറ്റവാളികള്‍ക്ക് എല്ലാ സൗകര്യവും ലഭ്യമാക്കുന്ന രാഷ്ട്രീയപാര്ട്ടികളാണുള്ളതെന്ന തിരിച്ചറിവിലാണ് ടിപി വധക്കേസ് പ്രതികളെ കോഴിക്കോട് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
കുറ്റവാളികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് ജയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂണില്‍ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടിപി വധക്കേസില്‍ പ്രതികള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഫോട്ടോകള്‍ ഫേസ് ബുക്കിലിട്ടതും കേരളത്തെ ഞെട്ടിക്കുകയുണ്ടായി. കിര്‍മാണി മനോജ് എന്ന പ്രതി ടിപി വധക്കേസില്‍ ഗൂഢാലോചന നടത്തിയപ്പോള്‍ ഉപയോഗിച്ച മൊബെയില്‍ തന്നെയാണ് ജയിലിലും ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരിക്കുകയാണ്. ജയിലില്‍നിന്ന് ഫോണ്‍ വിളിച്ചതിന് തെളിവില്ല എന്ന വിവാദപ്രസ്താവന നടത്തിയ ജയില്‍ ഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പോലീസിനെതിരായ വിമര്‍ശനത്തിന് അയവുവന്നിട്ടില്ല. ടിപി വധക്കേസിലെ പ്രതികളോട് പോലീസ് കാണിക്കുന്ന മൃദുസമീപനത്തിനെതിരെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നപ്പോഴും നിരുത്തരവാദപരമായാണ് ജയില്‍ ഡിജിപിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ് പ്രതികരിച്ചത്. ജയിലില്‍നിന്നും മൊബെയില്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ജഡ്ജിയെ സ്വാധീനിച്ച് ടിപി വധക്കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് ഫേസ്ബുക്ക് വിവാദം എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ജയിലില്‍നിന്നുതന്നെ പ്രതികള്‍ ഉപയോഗിച്ച മൊബെയില്‍ ഇതിനിടെ കണ്ടെടുക്കുകയുണ്ടായി. ഇതിലൂടെ തകര്‍ന്നത് ഡിജിപിയുടെ വിശ്വാസ്യതയാണ്.
മൊബെയില്‍ ഉപയോഗത്തിന്റെ പേരില്‍ പ്രതികള്‍ക്ക് ആറുമാസം ശിക്ഷ നേടിക്കൊടുക്കാനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന് പറഞ്ഞത് ഉത്തരവാദിത്വപ്പെട്ട ഒരു ഡിജിപിയാണെന്നോര്ക്കണം. ജയില്‍ നരകമാക്കാനാകില്ല എന്നു പറഞ്ഞ ഇദ്ദേഹം അത് സ്വര്‍ഗമാകട്ടെ എന്ന് കരുതിയാകാം പ്രതികളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ കണ്ണടച്ചത്. ജയിലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ട് നീക്കം ചെയ്തിരുന്നു. ജയിലില്‍ ചില തടവുകാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ടെന്നത് പുതിയ വാര്‍ത്തയല്ല. സരിത നായര്‍ ജയിലിലായിരുന്നപ്പോള്‍ രണ്ടുകിലോ വീതം ആപ്പിളും മുന്തിരിയും അവള് ആവശ്യപ്പെട്ട പ്രകാരം നല്കിയത്രെ. സരിതയ്ക്ക് കോടതിയില്‍ പോകുമ്പോള്‍ ധരിക്കാന്‍ 20 ജോഡി ഡ്രസ്സുകളും ജയില്‍ അധികൃതര്‍ ലഭ്യമാക്കി. രാഷ്ട്രീയ തടവുകാര്‍ക്ക് പാര്‍ട്ടികളുടെ നിര്‍ദ്ദേശപ്രകാരം ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നു. അലക്സാണ്ടര്‍ ജേക്കബിന്റെ നിലപാടും ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നതായിരുന്നു. ഇത് വിവാദമായി കത്തിജ്വലിക്കാന്‍ തുടങ്ങിയപ്പോള്‍ ആഭ്യന്തര മന്ത്രിയും ജയില്‍ മേധാവിയും നേര്‍ക്കുനേരായി പോര്. ഡിജിപിയെ ആഭ്യന്തര മന്ത്രി ടെലിഫോണില്‍ വിളിച്ച് കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഡിജിപിയുടെ ഒളി അജണ്ടയാണ് ജയിലിലെ പ്രതികളുടെ മൊബെയില്‍ ഉപയോഗത്തിലൂടെ വെളിപ്പെട്ടത്. അതേസമയം രണ്ടുവഞ്ചിയില്‍ കാല് ചവിട്ടുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാജിവെയ്ക്കണം എന്ന ആവശ്യം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ഉയര്‍ന്നു.
ജയില്‍ ഡിജിപി സിപിഎമ്മിന് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ആര്‍എംപിയും കുറ്റപ്പെടുത്തുകയുണ്ടായി. പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സൗകര്യങ്ങള്‍ നല്‍കുകയാണ്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണ തീരുംവരെ കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്. ഇന്റലിജന്‍സ് എഡിജിപിയും ഇപ്പോള്‍ ജയിലിന്റെ ചുമതലയുമുള്ള സെന്‍കുമാര്‍ മെയ് മാസത്തിലും നവംബറിലും നല്കിയ റിപ്പോര്‍ട്ടുകളും ആഭ്യന്തര വകുപ്പ് അവഗണിച്ചു. തടവുകാര്‍ക്ക് ഒത്താശ ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂണ്‍ 12 ന് ജയില്‍ ഡിജിപിയ്ക്ക് ഉത്തരവ് കൈമാറിയതാണ്. എന്നിട്ടും ഫലമുണ്ടായില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് വിവിധ ജയിലുകളില്‍നിന്നായി 68 മൊബെയിലുകള്‍ പിടിച്ചെടുത്തു. ജയിലില്‍ ജീവനക്കാര്‍ കുറവാണെന്നും 448 ഒഴിവുകള്‍ നികത്താനുണ്ടെന്നും വാര്‍ത്തയുണ്ട്. ആഭ്യന്തര മന്ത്രി ജയില്‍ ഡിജിപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കുകയുണ്ടായി. ജയില്‍ ഡിജിപി പോലും പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടിവരുന്ന കൃത്യങ്ങള്‍ ജയിലുകളില്‍ അരങ്ങേറിയാല്‍ ജയിലുകള്‍ക്ക് എന്ത് പ്രസക്തി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: