അല്‍മിത്രാ പട്ടേല്‍ സുപ്രീംകോടതിയില്‍ നല്കിയ കേസിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത മുനിസിപ്പല്‍ കമ്മീഷണര്‍ അസിം ബര്‍മന്റെ നേതൃത്വത്തില്‍ അല്‍മിത്രാ പട്ടേലിനെക്കൂടി ഉള്‍പ്പെടുത്തി നഗരമാലിന്യ സംസ്കരണത്തിനുള്ള വഴികള്‍ പഠിക്കുവാന്‍ സുപ്രീംകോടതി കമ്മറ്റിയെ നിയോഗിച്ചത്. ഈ കമ്മറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് 2000-ല്‍ മുനിസിപ്പല്‍ ഖരമാലിന്യം (പരിപാലനവും കൈകാര്യം ചെയ്യലും)നിയമമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പുറത്തിറക്കിയത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 3, 6, 25 പ്രകാരമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികള്‍ക്കും ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുവാനായില്ല എന്നതാണ് സത്യം. ഖരമാലിന്യ സംസ്ക്കരണം ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തലവേദനയായിട്ടാണ് കണക്കാക്കി വരുന്നത്. പല മുനിസിപ്പാലിറ്റികളും ഈ നിയമം അഴിമതിയുടെ കൂത്തരങ്ങായിട്ടാണ് കാണുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കാര്യമാത്ര പ്രസക്തവും ആത്മാര്‍ത്ഥവുമായ ഇടപെടലുകള്‍ നടത്താറുമില്ല. ബട്ടണ്‍ അമര്‍ത്തിയാല്‍ മാലിന്യ പ്രശ്നം തീര്‍ക്കാമെന്ന വ്യാമോഹത്തിലാണ് ഭരണനേതൃത്വം. എന്നാല്‍ ഇച്ഛാശക്തിയോടെ പ്രശ്നം കൈകാര്യം ചെയ്യുവാന്‍ മെനക്കെടുന്നത് വളരെ ചുരുക്കം ചില മുനിസിപ്പാലിറ്റികള്‍ മാത്രമാണെന്നുള്ളതാണ് ഈ പ്രശ്നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്ക്കരണത്തിനായി വാങ്ങേണ്ട സ്ഥലങ്ങള്‍, മാലിന്യ നീക്കത്തിനുള്ള വണ്ടികള്‍ വാങ്ങല്‍, ജോലിക്കാരെ നിശ്ചയിക്കല്‍, മാലിന്യത്തിന്റെ അളവു തിട്ടപ്പെടുത്തല്‍, സംസ്കരണത്തിനുള്ള ഏജന്‍സിയെ നിശ്ചയിക്കല്‍, സംസ്കരണ രീതി തിരഞ്ഞെടുക്കല്‍, സംസ്കരണത്തിനുള്ള ഷെഡ് നിര്‍മാണം, യന്ത്ര സാമഗ്രികളുടെ വാങ്ങല്‍ തുടങ്ങി അഴിമതിയ്ക്കുള്ള പഴുതുകള്‍ നിരവധിയാണ്. മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന മുനിസിപ്പാലിറ്റികള്‍ വളരെ കുറവാണ്. പദ്ധതിയുടെ എല്ലാ ഘട്ടത്തിലും അഴിമതി നടത്തി പദ്ധതി നടപ്പാക്കല്‍ ഘട്ടമെത്തുമ്പോള്‍ മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പാക്കുവാനുള്ള പണത്തിന് പഞ്ഞം വരുന്നു എന്നതാണ് വാസ്തവം.
ശാസ്ത്രീയമായ സമീപനത്തിന്റെ അപര്യാപ്തതയാണ് മാലിന്യ സംസ്കാരണ പ്ലാന്റുകളുടെ പ്രവര്‍ത്തനക്ഷമതയുടെ കുറവിന് പ്രധാന കാരണം. മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിച്ച് കൈയും കെട്ടിയിരിക്കുന്ന മുനിസിപ്പാലിറ്റികളാണ് നമുക്കുള്ളത്. സമയാസമയങ്ങളില്‍ മാലിന്യ സംസ്കരണ പദ്ധതിയ്ക്കായി വേണ്ടിവരുന്ന നിരന്തരമായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകാത്തതും ഖരമാലിന്യ സംസ്ക്കരണം പരാജയപ്പെടുന്നതിന് കാരണമാകുന്നു. മാലിന്യം കണ്ണിന്റെ മുന്നില്‍നിന്നും നീക്കംചെയ്യുക മാത്രമല്ല മാലിന്യ സംസ്കരണത്തിന്റെ പ്രധാന തത്വം. അത് സംസ്കരിച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതുവരെയും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി ലാഭകരമായി മാലിന്യ സംസ്കരണ പ്ലാന്റുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതുവരെയും ഖരമാലിന്യ സംസ്കരണ പ്രക്രിയ തുടരണം. മാലിന്യസംസ്ക്കരണം, സമയബന്ധിതമായി നടപ്പാക്കേണ്ടതും ഒരു നഗരസഭ വേണ്ടത്ര കാര്യ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുമായ ഒരു പ്രവൃത്തിയാണ്.
ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവിര്‍ഭാവം തന്നെ മനുഷ്യമാലിന്യം കൈകാര്യം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. സുപ്രീംകോടതി മുനിസിപ്പല്‍ മാലിന്യ സംസ്ക്കരണത്തിന്റെ വഴികള്‍ തേടി നിയോഗിച്ച കമ്മറ്റി ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലെയും മാലിന്യത്തോത് കണ്ടെത്തുകയും അത് നിര്‍മാര്‍ജ്ജനം ചെയ്യേണ്ട രീതികളും മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന മുനിസിപ്പാലിറ്റികള്‍ മാത്രമാണ് ഖരമാലിന്യ പ്രശ്നത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ പരിശ്രമിച്ചത്. കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളിലും 26 മുനിസിപ്പാലിറ്റികളിലും മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ‘കുടുംബശ്രീ’കളെ ഉപയോഗിച്ച് മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുവാന്‍ ശ്രമിച്ചുവരുന്നുണ്ട്. എന്നാല്‍ ഭാഗികമായി വിജയിച്ചവപോലും വിരലിലെണ്ണാവുന്നവ മാത്രമാണ്. ഇതിനിടെ മാലിന്യ സംസ്കരണത്തിന്റെ പേരില്‍ നാല് മന്ത്രിമാരും ഭരണ-പ്രതിപക്ഷ എംഎല്‍എമാരും ഗുജറാത്തിലെ സൂറത്ത് സന്ദര്‍ശിക്കുവാന്‍ പദ്ധതിയിട്ടത് വിവാദമായതോടെ ഉപേക്ഷിച്ചു. കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും മെമ്പര്‍മാര്‍ മൈസൂര്‍-മദ്രാസ്-സൂറത്ത് തുടങ്ങി ഇതിനോടകം തന്നെ സന്ദര്‍ശിച്ച് ‘മാലിന്യ സംസ്ക്കരണം’ പഠിച്ചതിന് ഖജനാവില്‍നിന്നും ചെലവായത് കോടികളാണ്. ഖരമാലിന്യ സംസ്കരണം നടക്കാത്തതിനാല്‍ ജനങ്ങള്‍ വിവിധതരം പനികളാലും മറ്റ് ആരോഗ്യപ്രശ്നങ്ങളാലും നട്ടം തിരിയുമ്പോഴും ഭരണക്കാര്‍ സരിതോര്‍ജ്ജം, കള്ളക്കടത്തുകാര്‍ക്ക് സഹായം, ടിപി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കല്‍, പാറമടക്കാര്‍ക്ക് പശ്ചിമഘട്ടം വിട്ടു നല്കല്, വരവില്ലാതെ ഖജനാവ് മുടിക്കുന്ന ജനസമ്പര്‍ക്ക പരിപാടി എന്നിവയുമായി മുന്നേറുകയാണ്.
മാലിന്യം കുടിവെള്ള സ്രോതസ്സുകളില്‍ കലരുകയാണ്. ഭൂഗര്‍ഭജലം ഖരമാലിന്യ വിമുക്തമല്ലാത്ത രോഗാതുരമായ അന്തരീക്ഷം കേരളത്തിലെവിടെയും നിലനില്ക്കുന്നു. ഭരണം ജനലക്ഷ്യമല്ലാത്ത ഏതൊരു ഭരണ സംവിധാനത്തിനും പദ്ധതികള്‍ ജനോപകാര പ്രദമായി നടപ്പാക്കുകയെന്നത് വളരെ പ്രയാസമായിരിക്കും. സീപ്ലെയിന്‍ പദ്ധതിക്കായും (7 കോടി)ഏമര്‍ജിംഗ് കേരളയ്ക്കായും (13.5 കോടി) ഫലവത്താകാതെ കോടികള്‍ മുടിച്ചതു കാണുമ്പോള്‍ ഖരമാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലും ഖജനാവിന് വന്‍ നഷ്ടമുണ്ടാകുവാനേ സാധ്യതയുള്ളൂ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മുനിസിപ്പല്‍ ഖരമാലിന്യം (പരിപാലനവും കൈകാര്യം ചെയ്യലും) നിയമം 2013 നെ വിലയിരുത്തേണ്ടത്. 2000 ത്തിലെ നിയമത്തിലെ ഭേദഗതികള്‍ ഉള്‍പ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നോട്ടിഫിക്കേഷന്‍ നമ്പര്‍ 1978 (ഇ)ആയി 2013 ആഗസ്റ്റ് 29 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ 60 ദിവസം പൂര്‍ത്തീകരിക്കുന്നതിന് 17 ദിവസം മുമ്പ് അതായത് 43 ദിവസത്തിനുശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രസ്തുത നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മുനിസിപ്പല്‍ ഖരമാലിന്യം (പരിപാലനവും കൈകാര്യം ചെയ്യലും)നിയമം 2013 കരട് നിര്‍ദ്ദേശം 17 ദിവസം മുമ്പ് പിന്‍വലിച്ചത് ശരിയായില്ല എന്നു കര്‍ണാടക ഹൈക്കോടതി വിധി വന്നു. അതുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാണംകെട്ട് ഖരമാലിന്യ പരിപാലന നിയമം 2013 കരട് 17 ദിവസം പൂര്‍ത്തിയാക്കുവാന്‍ വെബ്സൈറ്റില്‍ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കയാണ്. 2013 ഡിസംബര്‍ 8 വരെ ഈ നിയമത്തിന് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുവാനുളള സമയം നല്‍കിയിരുന്നു.
2000 ത്തിലെ മുനിസിപ്പല്‍ ഖരമാലിന്യ സംസ്കരണ നിയമത്തില്‍ നിന്നും സുപ്രധാനമായ മാറ്റങ്ങളാണ് 2013 ലെ കരട് നിര്‍ദ്ദേശത്തിലുളളത്. മുനിസിപ്പല്‍ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അനുവര്‍ത്തിക്കേണ്ട ചുമതലകള്‍ ഇതില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പ്രഥമ ഉത്തരവാദിത്തമുള്ള പ്രക്രിയയില്‍ പദ്ധതിയുടെ നടത്തിപ്പ് പരിശോധിക്കുന്നത് കേന്ദ്ര നഗരവികസന മന്ത്രാലയമായിരിക്കും.
ഖരമാലിന്യ സംസ്കരണ പദ്ധതികള്‍ ഇന്ത്യയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ട ചുമതല കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സെക്രട്ടറിക്കായിരിക്കും. ഇതിന് കീഴില്‍ സംസ്ഥാനങ്ങളിലെ നഗരവികസന സെക്രട്ടറിമാരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും മുനിസിപ്പല്‍ സെക്രട്ടറിമാരും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും, ചുമതലകള്‍ പങ്കുവെക്കുന്നു. ഓരോ സര്‍ക്കാര്‍ വിഭാഗത്തിന്റേയും ഉത്തരവാദിത്വങ്ങള്‍ വ്യക്തമാക്കുന്നതാണ് കരട് നിയമം. 2000 ത്തിലെ നിയമം അനുശാസിക്കുന്നതുപോലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാലിന്യ സംസ്കരണത്തിനായി തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത് നിശ്ചിത വിസ്തീര്‍ണം സ്ഥലം ഖരമാലിന്യ സംസ്കരണത്തിനായി കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ നഗരങ്ങള്‍ ഈ ആവശ്യത്തിന് ഗ്രാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഇതോടെ നിര്‍ത്തണം. വിവിധ മുനിസിപ്പാലിറ്റികള്‍ ഖരമാലിന്യ സംസ്കരണ നിയമത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ തങ്ങളുടെ മുനിസിപ്പല്‍ ബെയിലോകളിലും നഗരവികസന അതോറിറ്റിയുടെ ബെയിലോകളിലും ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്.
മാലിന്യംകൊണ്ട് ഭൂമി നികത്തലിന് വ്യക്തമായ നിയമങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന് പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തുകയും അതിലെ നിര്‍ദ്ദേശങ്ങള്‍ മുനിസിപ്പാലിറ്റി അക്ഷരംപ്രതി അനുസരിക്കുകയും വേണം. കഴിവതും ഖരമാലിന്യം കൊണ്ട് ഭൂമി നികത്തുന്നതും കുഴിയടക്കുന്നതും ഒഴിവാക്കണമെന്ന് നിയമം അനുശാസിക്കുന്നു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഖരമാലിന്യ സംസ്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ സംസ്ഥാനതല ഉപദേശക സമിതി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കണം. ഈ സമിതി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൂടിയിരിക്കണം.
മുനിസിപ്പല്‍ മാലിന്യത്തില്‍ ഇ-മാലിന്യം കലര്‍ത്തുന്നത് നിരോധിച്ചിരിക്കുന്നു. ആശുപത്രിമാലിന്യങ്ങളും മാരക വിഷമാലിന്യങ്ങളും കലര്‍ത്തുന്നത് മുമ്പേ തടഞ്ഞിട്ടുണ്ട്. 1998 ലെ ബയോ മെഡിക്കല്‍ (പരിപാലനവും കൈകാര്യം ചെയ്യലും) നിയമം 2008 എന്നിവ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം അതത് മുനിസിപ്പാലിറ്റിക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിനുമായിരിക്കും. ഖരമാലിന്യം ഉപരിതല ജലസ്രോതസ്സുകളിലും കലരുന്നത് തടയുവാന്‍ നടപടി സ്വീകരിക്കണമെന്ന് കരട് ഖരമാലിന്യം (പരിപാലനവും കൈകാര്യം ചെയ്യലും) നിയമം 2013 പ്രത്യേകം അനുശാസിക്കുന്നുണ്ട്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വളരെ കൃത്യമായി ഈ നിയമം നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണി സൃഷ്ടിക്കും. പാര്‍ട്ടികളിലെ ഗ്രൂപ്പ് വൈരങ്ങളും മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള പടല പിണക്കങ്ങളും മറന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമായ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ ഭരണ നേതൃത്വം പ്രതിജ്ഞാബദ്ധമാകണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: