ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടുന്നു എന്നാരോപിച്ചുള്ള ഹര്‍ജിയില്‍ സഹാറ ഗ്രൂപ്പ് ചെയര്മാന് സുബ്രതാ റോയിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. റോയിയുടെ വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന മറ്റു രണ്ടു പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അവര്‍ക്കെതിരെ അന്വേഷണം നടത്താതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.
സ്പെക്ട്രം കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് രാജേശ്വര് സിംഗാണ് ഹര്‍ജി നല്‍കിയത്. മാദ്ധ്യമ പ്രവര്‍ത്തകരായ ഉപേന്ദ്ര റായ്, സുബോധ് ജയിന് എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. അതേസമയം അഴിമതി എ.രാജയെ മാത്രം റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്ന ഏകപക്ഷീയ റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശൂന്യവേളയിലാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് വച്ചത്.
ബി.ജെ.പി അംഗങ്ങളായ യശ്വന്ത് സിന്‍ഹ, ഹരിന്‍ പതക്, സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി തുടങ്ങിയവര്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നു. പ്രധാനമന്ത്രിയെയും ചിദംബരത്തെയും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധം ആണെന്നായിരുന്നു ഇവരുടെ നിലപാട്.
സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സി.എ.ജിയുടെ കണക്കും ജെ.പി.സി റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്. കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈസന്‍സ് ലേലം ചെയ്യാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ നല്‍കുകയാണ് താന്‍ ചെയ്തത് എന്നാണ് രാജയുടെ വാദം. ഇക്കാര്യം പ്രധാനമന്ത്രിക്കും അറിയാമായിരുന്നു എന്നും രാജ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: