‘ഗാന്ധിനഗറില്‍ നിന്നും നരേന്ദ്രമോദി ദല്‍ഹിയില്‍ എത്താന്‍ ഏറെ കാത്തിരിക്കേണ്ടിവരും.’ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി നരേന്ദ്രമോദിയെ നിശ്ചയിച്ചപ്പോള്‍ പലരും പ്രഖ്യാപിച്ചതങ്ങനെയാണ്. അടല്‍ ബിഹാരി വാജ്പേയിയെ പോലെ ലാല്‍ കൃഷ്ണ അദ്വാനിയെ പോലെ പൊതു സ്വീകാര്യനല്ല നരേന്ദ്രമോദി എന്നാണവര്‍ കണ്ടെത്തിയ ന്യായം. മാത്രമല്ല നരേന്ദ്രമോദി തീവ്രഹിന്ദുത്വത്തിന്റെ വക്താവാണ്. ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണ് മോദിക്ക്. ഇങ്ങനെ കുറേ കാര്യങ്ങള്‍ നിരത്തിയ രാഷ്ട്രീയനിരീക്ഷകരും(?) നിഷ്പക്ഷ (?) മാധ്യമങ്ങളും മോദിയെ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ സാധ്യത മങ്ങിയെന്ന് വിലയിരുത്തി. മാത്രമല്ല ഘടകകക്ഷികളോരോന്നും വിട്ടു പിരിയും. അതിന്റെ തുടക്കം ബീഹാറില്‍ കണ്ടില്ലേ എന്നൊക്കെ ചൂണ്ടിക്കാട്ടി. ഇത് നരേന്ദ്രമോദിയോടുള്ള വിരോധവും ബിജെപിയോടുള്ള മമതയും കൊണ്ടാണെന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അവര്‍ക്കു തെറ്റി.
നരേന്ദ്രമോദിയല്ല ബിജെപി തന്നെയാണ് അവര്‍ക്ക് കണ്ണിലെ കരട്. ബിജെപി ജയിക്കുന്നതും ഭരിക്കുന്നതും കപടമതേതരക്കാര്‍ക്ക് സഹിക്കില്ല. സദ്ഭരണവും ഉറച്ച കാല്‍വയ്പ്പും രാജ്യത്തുണ്ടാകുന്നത് അവര്‍ക്കിഷ്ടമല്ല. നരേന്ദ്രമോദിയെയല്ല ആരെ നിശ്ചയിച്ചാലും മോദിയോടുള്ളതു പോലുള്ള വിരോധം മറ്റേതെങ്കിലും രീതിയില്‍ കണ്ടെത്തി നിലംപരിശാക്കാന്‍ നോക്കും. നിതിന്‍ ഗഡ്ഗരി എന്തെങ്കിലും തെറ്റും കുറ്റവും ചെയ്തിട്ടാണോ അദ്ദേഹത്തെ വേട്ടയാടിയത് ? നശിപ്പിക്കാന്‍ നിശ്ചയിച്ചാല്‍ അതിനവര്‍ കാരണം കണ്ടെത്തും വേട്ടയാടും. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി വകവരുത്തുന്ന ശൈലിയാണ് പ്രതിയോഗികള്‍ എന്നും ബിജെപിക്കെതിരെ പ്രയോഗിച്ചിരുന്നത്. ഇന്ന് നരേന്ദ്രമോദിയായിരുന്നെങ്കില് ഇന്നലെ ലാല്‍കൃഷ്ണ അദ്വാനിയായിരുന്നു. അതിന് മുമ്പ് അടല്‍ ബിഹാരി വാജ്പേയിയും ദീനദയാല്‍ ഉപാധ്യായയും ശ്യാമപ്രസാദ് മുഖര്‍ജിയുമായിരുന്നു. വേട്ടക്കാര്‍ അങ്ങനെയാണ്. അവര്‍ക്ക് ഇരയെ കിട്ടിയാല്‍ മതി.
എല്‍.കെ. അദ്വാനി തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായിരുന്നു എന്നായിരുന്നല്ലോ ആക്ഷേപിച്ചിരുന്നത്. അദ്വാനിയെ കൂട്ടം കൂടി എതിര്‍ക്കാന്‍ പറഞ്ഞിരുന്ന കാരണം അതായിരുന്നല്ലോ. ഇപ്പോള്‍ അദ്വാനി നന്നായി. മോദി മോശവുമായി. അടല്‍ ബിഹാരി വാജ്പേയിയും ലാല്‍ കൃഷ്ണ അദ്വാനിയും കേന്ദ്രമന്ത്രിസഭയിലെത്തിയാല്‍ രാജ്യത്തിന്റെ നാശം എന്ന് വിളിച്ചലറിയവരുണ്ടായിരുന്നു. മുസ്ലിങ്ങള്‍ക്ക് ഇവിടെ രക്ഷ കിട്ടില്ലെന്ന് പറഞ്ഞു. എല്ലാവരെയും പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കുമെന്ന് പ്രചരിപ്പിച്ചു. ശേഷിക്കുന്ന മുസ്ലിങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് നിസ്കരിക്കാന്‍ അറബിക്കടലില്‍ പായ വിരിക്കേണ്ടി വരുമെന്നുവരെ തട്ടിവിട്ടു.
1977ല്‍ വാജ്പേയിയും അദ്വാനിയും മൊറാര്‍ജി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. വിദേശകാര്യ വകുപ്പ് ഭരിച്ച വാജ്പേയി അയല്പക്കത്ത് ശത്രുക്കളില്ലാത്ത ഒരിന്ത്യയെ സൃഷ്ടിച്ചു. പാക്കിസ്ഥാനും ചൈനയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചു. മൊറാര്‍ജി മന്ത്രിസഭയിലെ ഏറ്റവും മികവുറ്റ മന്ത്രിമാര്‍ ഇവര്‍ രണ്ടുപേരുമാണെന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. ഒരു മുസല്‍മാനും അറബിക്കടലില്‍ പായ വിരിച്ച് നിസ്കരിക്കേണ്ടി വന്നിട്ടില്ല. പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയവരുടെ ഇന്ത്യയിലെ ബന്ധുക്കളെ കാണാനും പരസ്പരം യാത്ര ചെയ്യാനുള്ള സംവിധാനങ്ങളുമൊക്കെ ചെയ്യാന്‍ കഴിഞ്ഞു. ബിജെപിക്കാര്‍ ഭരണത്തിലെത്തിയാല്‍ അപകടമെന്ന കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. ആ ബോധ്യം തന്നെയാണ് വാജ്പേയി പ്രധാനമന്ത്രിയാകാനും അദ്വാനി ആഭ്യന്തരമന്ത്രിയാകാനും സാഹചര്യമൊരുക്കിയത്. രണ്ടു ഡസനോളം സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്തി ആറുവര്‍ഷം തുടര്‍ച്ചയായി കേന്ദ്രഭരണത്തെ നയിച്ചത് വാജ്പേയിയും അദ്വാനിയുമാണല്ലോ.
നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയാല്‍ എന്‍ഡിഎ ഘടകകക്ഷികളെല്ലാം കൊഴിഞ്ഞു പോകുമെന്ന് സ്വപ്നം കണ്ടവര്‍ക്ക് തെറ്റുപറ്റിയിരിക്കുകയാണ്. ബീഹാറിലെ ഘടകകക്ഷിയായ ജനതാദള്‍ (യു) ഒരു കാരണം കണ്ടെത്താന്‍ കാത്തിരിക്കുകയായിരുന്നു. അവരല്ലാതെ എന്‍ഡിഎയുടെ ഒരു ഘടകകക്ഷിയും മോദിയോട് അപ്രിയം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല നരേന്ദ്രമോദിയോട് ആഭിമുഖ്യം പ്രകടിപ്പിക്കാന്‍ നിരവധി പ്രാദേശിക കക്ഷികള്‍ സന്നദ്ധമാകുകയും ചെയ്തു. ചന്ദ്രബാബു നായിഡുവിന്റെയും ജയലളിതയുടെയും മറ്റും സമീപനം അതിന് തെളിവാണ്. മറ്റു പാര്‍ട്ടികളും സമാനമായ സമീപനം സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കക്ഷികളുടെ നിലപാടല്ല ജനങ്ങളുടെ മനസ്സാണ് മുഖ്യം. ജനങ്ങള്‍ ബിജെപിക്കും നരേന്ദ്രമോദിക്കും ഒപ്പമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് തന്നെ എന്നവര്‍ ഊറ്റം കൊണ്ടു. ദല്‍ഹി അവര്‍ക്കല്ലാതെ മറ്റാര്‍ക്ക് എന്ന ചോദ്യമാണവര്‍ ഉന്നയിച്ചത്. രാജസ്ഥാന് ഭരണം നിലനിര്‍ത്തുമെന്നും ആവര്‍ത്തിച്ചു. അതിമോഹിക്ക് ഉള്ളതും നശിക്കും എന്നൊരു ചൊല്ലുണ്ടല്ലോ. ആ ചൊല്ലാണ് ഇപ്പോള്‍ അന്വര്‍ഥമായിരിക്കുന്നത്.
ഒരു സായിപ്പിനാല്‍ ഉദയം ചെയ്ത കോണ്‍ഗ്രസിന് ഉദകക്രിയ ചെയ്യാന്‍ വിധിക്കപ്പെട്ടത് ഒരു മദാമ്മയായത് വിധിവൈപരീത്യം എന്നല്ലാതെ മേറ്റ്ന്തു പറയാന്‍? കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുദശാബ്ദം ജീവിച്ചത് തന്നെ കൃത്രിമ ശ്വാസോച്ഛ്വാസം ലഭിച്ചതു കൊണ്ടായിരുന്നല്ലോ. പത്തുവര്‍ഷം മുമ്പ് യുപിഎ എന്ന അശ്ലീലമുന്നണി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എന്ന ഈ മാരണം എഴുന്നേറ്റ് നടക്കില്ലായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിന്റെ ദുഷ്ടബുദ്ധി പ്രയോഗമാണ് യുപിഎക്ക് ജന്മം നല്‍കിയത്. തെങ്ങില്‍ നിന്ന് വീണവനെപോലെ സര്‍വാംഗം തകര്‍ന്നു നിന്ന കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയ യുപിഎ കക്ഷികള്‍ക്കു പോലും ആ വൃത്തികെട്ട കക്ഷിയെ പേറി നില്ക്കാനായില്ല.
ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട ഘടകകക്ഷികള്‍ മിക്കതും കൈയൊഴിഞ്ഞ കോണ്‍ഗ്രസിന്റെ അഞ്ചുവര്‍ഷത്തെ ഭരണം കയ്യാലപ്പുറത്തായിരുന്നു. അവര്‍ക്കറിയാമായിരുന്നു ഇനിയൊരു ചാന്‍സ് കേന്ദ്രഭരണത്തില്‍ ലഭിക്കില്ലെന്ന് അവര്‍ക്കും വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ ‘മൂപ്പിറക്കല്‍’ തന്ത്രമാണ് അവര്‍ പ്രയോഗിച്ചത്. കിട്ടാവുന്ന കലങ്ങളിലെല്ലാം കൈയ്യിട്ടു. നേതാക്കളുടെ കീശ വീര്‍പ്പിച്ചു. നെഹ്റുവിന്റെയും ഇന്ദിരയുടെയും കാലത്ത് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം! അഴിമതിയില്‍ ലോകറെക്കോര്ഡിടാന് കോണ്‍ഗ്രസിന് കഴിഞ്ഞു. ലക്ഷക്കണക്കിന് കോടികളുടെ അഴിമതി. സര്‍വരെയും ഞെട്ടിച്ച പകല്‍ക്കൊള്ള. യാതൊരു ഉളുപ്പുമില്ലാതെ പിന്നെയും ഭരണത്തില്‍ തൂങ്ങുകയും പുതിയ പുതിയ അഴിമതിപ്പാടങ്ങള് കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ ഇംഗിതം മാത്രം നോക്കി. രാജ്യം മുടിഞ്ഞാലും ജനങ്ങള്‍ ചത്തൊടുങ്ങിയാലും നമ്പര്‍ 10 ജനപഥില്‍ അല്ലലും അലട്ടും ഉണ്ടാകാന്‍ പാടില്ലെന്നേ കോണ്‍ഗ്രസ് ചിന്തിച്ചുള്ളൂ.
വില വാണം പോലെ കയറി. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വില കയറുമ്പോള്‍ അതെല്ലാം ആഗോള പ്രതിഭാസമെന്നവര്‍ ആശ്വസിച്ചു. വിലക്കയറ്റം സൃഷ്ടിക്കാനുള്ള പഴുതുകളെല്ലാം അവരുണ്ടാക്കി. പലവ്യഞ്ജനങ്ങള്‍ക്ക് മാത്രമല്ല പെട്രോളിയം ഉത്പന്നങ്ങള്‍ക്കും തീ വിലയായി. വില കുറഞ്ഞത് രൂപയ്ക്ക് മാത്രം. പിന്നെ കോണ്‍ഗ്രസിനും. ഗുജറാത്തിലേത് മികച്ച ഭരണമാണെന്നറിഞ്ഞിട്ടും പഴകിപ്പൊളിഞ്ഞ മുറം കൊണ്ട് സൂര്യനെ മറച്ചുവയ്ക്കാനുള്ള ശ്രമം പോലെ ചിലതൊക്കെ ചെയ്തു. എല്ലാം പാഴായി. ജനങ്ങളെല്ലാം അറിയുന്നു. കൊള്ളരുതായ്മകള്‍ ആരു ചെയ്താലും ഇന്ത്യന്‍ ജനത പൊറുക്കില്ല. സത്യവും ധര്‍മവും മേല്‍ക്കൈ പുലര്‍ത്തിയിരുന്ന രാജ്യത്ത് അധര്‍മം അംഗീകരിക്കില്ല. അധര്‍മം കാണുമ്പോള്‍ ജനങ്ങളുടെ മനസ്സു പിടയും. ആ ഒരു പിടയലാണ് ഇപ്പോള്‍ കണ്ടത്.
മോദിയെ അടുപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുത്തവര്‍ക്ക് കനത്ത പ്രഹരമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. മോദിക്ക് ദല്‍ഹി ദൂരെയല്ല, കൈയ്യെത്തും അകലെ മാത്രമാണെന്ന് ഏറ്റവും ഒടുവിലത്തെ ജനഹിതം വ്യക്തമാക്കുന്നു.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: