നരേന്ദ്ര മോദി നേടിയ എട്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം എന്നാണ് മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ്, ദല്‍ഹി എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയത്തെ ശരിയായി വിലയിരുത്താനാവുക. 2002, 2007, 2012 എന്നീ വര്‍ഷങ്ങളില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് മോദി നേടിയതാണ് ഇതില്‍ ആദ്യത്തെ മൂന്ന് വിജയങ്ങളെങ്കില് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയെന്ന നിലയ്ക്ക് അദ്ദേഹം നേടിയതാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍.
മാസങ്ങള്‍ക്കകം നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ബിജെപിയെപ്പോലെ കോണ്‍ഗ്രസും നാല് നിയമസഭാ തെരഞ്ഞെടുപ്പുകളെയും കണ്ടത്. അതുകൊണ്ടുതന്നെ ബിജെപിയുടെ എതിരാളി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വങ്ങളായിരുന്നില്ല. മറിച്ച് കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരുമായിരുന്നു. സ്വാഭാവികമായും കോണ്‍ഗ്രസിനെ മുന്‍നിരയില്‍നിന്ന് നേരിട്ടത് നരേന്ദ്ര മോദി എന്ന നായകന്. കോണ്‍ഗ്രസിനെ നയിച്ചത് ജ്യോതിരാദിത്യ സിന്ധ്യയോ അശോക് ഗെഹ്ലോട്ടോ അജിത് ജോഗിയോ ഷീലാ ദീക്ഷിതോ ആയിരുന്നില്ല. പ്രധാനമന്ത്രി മന്മോഹന്സിംഗുമായിരുന്നില്ല. മറിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുമായിരുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് ഭരണം നിലനിര്‍ത്താനാവാതെ വന്നിരുന്നുവെങ്കില്‍, രാജസ്ഥാനില്‍ ഭരണം തിരിച്ചുപിടിക്കാനോ ദല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാനോ കഴിയാതെ വന്നിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അജണ്ടയെ തന്ത്രപരമായി പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ അവകാശപ്പെടുക നരേന്ദ്ര മോദി പരാജയപ്പെട്ടിരിക്കുന്നു എന്നാവും. ഇതേ മാധ്യമങ്ങള്‍ തന്നെയാണ് നാല് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഉജ്വല വിജയം നേടിയപ്പോള്‍ അതിന് നരേന്ദ്ര മോദിയുമായി ബന്ധമില്ലെന്ന് വ്യാഖ്യാനിക്കുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജനവിധിയെ അപകീര്ത്തിപ്പെടുത്തുന്നതാണിത്.
മധ്യപ്രദേശില്‍ ശിവരാജ്സിംഗ് ചൗഹാന് നേടിയ വിജയത്തിനും രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയും നേടിയ വിജയത്തിനും മോദിയുമായി ബന്ധമില്ലെന്ന് വാദിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്. ഇക്കൂട്ടര്‍ക്ക് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി വസുന്ധരരാജെ സിന്ധ്യ മറുപടി നല്‍കും. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിഫലിക്കുന്നത് ‘മോദി മാജിക്’ തന്നെയാണെന്ന പ്രഖ്യാപനമാണ് ബിജെപിക്ക് അനുകൂലമായ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ വസുന്ധരരാജെ സിന്ധ്യ പ്രഖ്യാപിച്ചത്.
“കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ വശംകെട്ടിരിക്കുന്നു. ഗുജറാത്തില്‍ മോദി എന്താണ് ചെയ്തിട്ടുള്ളതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരു മുഖ്യഘടകമായിരുന്നു. ഗുജറാത്തില്‍ വികസനം ഉണ്ടായിട്ടുണ്ടെന്ന് മാത്രമല്ല അത് മേറ്റ്വിടെയും കൈവരിക്കാനാവുമെന്നും മോദി ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. അതിനാല്‍ മോദി ഒരു വലിയ ഘടകംതന്നെയാണ്. അടുത്തുതന്നെ സംഭവിക്കാനിരിക്കുന്നതിന്റെ (ലോക്സഭാ തെരഞ്ഞെടുപ്പ്) സെമിഫൈനലാണിത്.” വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും അതിന്റെ ബഹുമതി മോദിക്ക് നല്കാന് വസുന്ധരരാജെയ്ക്ക് ഒരു മടിയുമില്ല.
പ്രതീക്ഷിച്ച വിജയം ബിജെപിക്ക് കൈവരിക്കാനായില്ലെങ്കില് നരേന്ദ്ര മോദിയെ എഴുതിത്തള്ളാനിരുന്നവരാണ് നാലിടങ്ങളിലും പാര്‍ട്ടി നിര്‍ണായക വിജയം നേടിയപ്പോള്‍ അതില്‍ ‘മോദി ഫാക്ടര്‍’ ഇല്ലെന്ന് വാദിക്കുന്നത്. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോദിതരംഗം ഉണ്ടായിരുന്നുവെങ്കില്‍ അത് പ്രകടമാവേണ്ടിയിരുന്നത് ദല്‍ഹിയിലാണെന്നും എന്നാല്‍ അവിടെ ജയിച്ചത് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്രിവാളാണെന്നും കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സോണിയാ ഗാന്ധിയെപ്പോലെ നിരാശപൂണ്ടവര്‍ വലിയ കണ്ടുപിടിത്തമായി അവതരിപ്പിക്കുകയാണ്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ല ഈ വിലയിരുത്തലെന്ന് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക പരിശോധനയില്‍നിന്ന് വ്യക്തമാവും.
പതിനഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിനൊടുവിലാണ് ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ദയനീയമായ പരാജയം നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിജയം ഒറ്റസംഖ്യയില്‍ ഒതുങ്ങിയിരിക്കുന്നു. ഇത് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മാത്രം പരാജയമായി ചുരുക്കിക്കാണാനാവില്ല. പത്ത് വര്‍ഷത്തോളമായി അധികാരത്തില്‍ തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരവുമാണ് ദല്‍ഹിയില്‍ പ്രകടമായത്. ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവിലൂടെ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയായിരുന്നു. ബിജെപിയുടെ അടിത്തറ ഭദ്രമായി നിലനിന്നപ്പോള്‍തന്നെ പാര്‍ട്ടിക്ക് ലഭിക്കേണ്ട വലിയൊരു ശതമാനം കോണ്‍ഗ്രസ്വിരുദ്ധ വോട്ട് ആം ആദ്മിക്ക് പോയി. എന്നിട്ടും കേവലഭൂരിപക്ഷത്തിന് തൊട്ടടുത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിക്ക് ആയെങ്കില്‍ അത് ബിജെപിയുടെ തിളങ്ങുന്ന വിജയംതന്നെയാണ്. അരവിന്ദ് കേജ്രിവാളല്ല, നരേന്ദ്ര മോദിതന്നെയാണ് ഇവിടെ താരം.
അരവിന്ദ് കേജ്രിവാളിനെ രക്ഷകനായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തെ രണ്ട് പതിറ്റാണ്ടിന് മുമ്പ് ആസാമില്‍ ആസാം ഗണപരിഷത്ത് നേടിയ വിജയവുമായും ആന്ധ്രയില്‍ എന്‍.ടി. രാമറാവുവും സമീപകാലത്ത് ചിരഞ്ജീവിയും നേടിയ വിജയങ്ങളുമായും ഇതിനെ താരതമ്യപ്പെടുത്തുന്നു. എന്നാല്‍ പ്രധാനപ്പെട്ട ഒരു വസ്തുത ഇവിടെ വിസ്മരിക്കപ്പെടുകയാണ്. ആം ആദ്മി പാര്‍ട്ടി നേടിയ ഇപ്പോഴത്തെ വിജയം സത്യത്തില്‍ അരവിന്ദ് കേജ്രിവാളിന് അവകാശപ്പെട്ടതല്ല. അതിന്റെ അവകാശി അണ്ണാ ഹസാരെ എന്ന ഗാന്ധിയനാണ്. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തിയ ഹസാരെയെ പിന്നില്‍നിന്ന് കുത്തിയാണ് അരവിന്ദ് കേജ്രിവാള് സ്വന്തം പാര്‍ട്ടി രൂപീകരിച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും. ആം ആദ്മി പാര്‍ട്ടി നേടിയ വിജയം യഥാര്‍ത്ഥത്തില്‍ ഹസാരെക്ക് അവകാശപ്പെട്ടതാണ്. ഗാന്ധിയന്‍ സമരമുറയിലൂടെ ഹസാരെ ഉയര്‍ത്തിയ കോണ്‍ഗ്രസ്വിരുദ്ധ തരംഗം സങ്കുചിതമായ രാഷ്ട്രീയം മുന്‍നിര്‍ത്തി കേജ്രിവാള് ഹൈജാക്ക് ചെയ്യുകയാണുണ്ടായത്. ഒരുവര്‍ഷം മുമ്പ് രൂപീകരിച്ച പാര്‍ട്ടിയാണ് ഈ മഹത്തായ വിജയം നേടിയതെന്ന് പറഞ്ഞ് മഹത്വവല്‍ക്കരിക്കുന്നവര്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ അരവിന്ദ് കേജ്രിവാള് സൃഷ്ടിച്ച പണത്തിന്റെ കുത്തൊഴുക്ക് മറച്ചുപിടിക്കുകയാണ്.
ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണരംഗത്തേക്ക് വരുമ്പോള്‍ 272+ എന്ന ലക്ഷ്യമാണ് നരേന്ദ്ര മോദി മുന്നോട്ടുവെച്ചത്. 20 ശതമാനം ലോക്സഭാ സീറ്റുകളിലേക്കുമാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നിരിക്കുന്നത്. അതില്‍ മോദിതരംഗമുണ്ടായിരിക്കുന്നു. ബിജെപി വിജയിച്ചിരിക്കുന്നു.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: