ഹാട്രിക് വിജയം തികച്ച ബിജെപി മുഖ്യമന്ത്രിമാരുടെ ക്ലബ്ബിലേക്ക് ശിവരാജ്സിങ് ചൗഹാനൊപ്പമാണ് ഡോ.രമണ്‍സിങ് നടന്നു കയറിയത്. മൂന്നാംവട്ടവും ഭരണം നേടുകയെന്ന കഠിനദൗത്യവും രമണ്‍സിങ് പൂര്‍ത്തീകരിച്ചു. 90 അംഗ നിയമസഭയില്‍ 49 സീറ്റുകള്‍ നേടിയ ബിജെപി കോണ്‍ഗ്രസിനെ 39 സീറ്റുകളില്‍ ഒതുക്കി. കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടക്കൊല സൃഷ്ടിച്ച സഹതാപതരംഗവും പത്തുവര്‍ഷത്തെ ഭരണത്തുടര്‍ച്ചയില്‍ പ്രചരിപ്പിക്കപ്പെട്ട വിരുദ്ധ തരംഗവും മറികടന്നാണ് രമണ്‍സിങ്ങും ബിജെപിയും വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ച ഛത്തീസ്ഗഢ് നേതൃത്വത്തെ ബിജെപി ദേശീയനേതാക്കള്‍ അഭിനന്ദിച്ചു.
2003ല്‍ അവിചാരിതമായി മുഖ്യമന്ത്രിക്കസേരയിലെത്തിയതാണ് ആയുര്‍വ്വേദ ഡോക്ടറായ ഡോ. രമണ്‍സിങ്. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ഛത്തീസ്ഗഢിലെ ശക്തനായ രാഷ്ട്രീയ നേതാവ് എന്നതിലുപരി ഏറ്റവും ജനകീയനായ ഭരണാധികാരിയായി രമണ്‍സിങ് ഉയര്‍ന്നു കഴിഞ്ഞു. 35,887 വോട്ടുകള്‍ക്കാണ് രാജ്നന്ദ്ഗാവ് മണ്ഡലത്തില്‍ രമണ്‍സിങ് വിജയിച്ചത്.
രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 77 ശതമാനം പോളിംഗാണ് ഛത്തീസ്ഗഢില്‍ രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടിംഗ് നടന്ന 18 മണ്ഡലങ്ങളില്‍ 12ലും കോണ്‍ഗ്രസ് വിജയിച്ചു. 2009ല്‍ ബസ്തറിലെ 12 മണ്ഡലങ്ങളില്‍ 11ഉം ബിജെപിക്കൊപ്പമായിരുന്നത് സഹതാപ തരംഗത്തില്‍ ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പം പോയി.
രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളില്‍ വലിയ ഇടിവുണ്ടാകുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായി.
രാജ്യത്താദ്യമായി ഭക്ഷ്യസുരക്ഷാ പദ്ധതി വിജയകരമായി നടപ്പാക്കിയതുള്‍പ്പെടെയുള്ള ജനപ്രിയ ഭരണത്തിന്റെ നേട്ടങ്ങളാണ് രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനു വീണ്ടും മൂന്നാമൂഴം ലഭിക്കുമെന്നതിനു പ്രധാന കാരണമായത്. ജനങ്ങളില്‍ 90 ശതമാനവും പദ്ധതിയുടെ ഉപഭോക്താക്കളാണ്.
കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിക്കു വരെ പ്രചോദനമായത് ഛത്തീസ്ഗഢില്‍ ഡോ.രമണ്‍സിങ് സര്‍ക്കാര്‍ 2012ല്‍ വിജയകരമായി നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമമാണ്. കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികളിലൂടെ വികസനത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കാനാവും അടുത്ത അഞ്ചുവര്‍ഷം ഉപയോഗിക്കുകയെന്ന് ഡോ.രമണ്‍സിങ് വ്യക്തമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: