തിരുവനന്തപുരം: സിനിമയില്‍ തലമുറകളുടെ വ്യത്യാസമില്ലെന്ന് പ്രശസ്ത അഭിനേത്രി ശബാന ആസ്മി. പഴയതലമുറ സിനിമയും പുതുതലമുറ സിനിമയുമൊന്നുമില്ല. പ്രതിഭയുള്ളവരുടെ നല്ല സിനിമയും പ്രതിഭയില്ലാത്തവരുടെ മോശം സിനിമകളുമാണുള്ളത്. മറ്റു തരത്തിലുള്ള വ്യാഖ്യാനങ്ങളൊന്നും നല്ലതല്ലെന്നും അവര്‍ പറഞ്ഞു.
സിനിമയെ പലതരത്തില്‍ വേര്‍തിരിക്കുന്നത് നല്ല പ്രവണതയല്ല. അത് സിനിമയ്ക്ക് ഗുണം ചെയ്യുകയുമില്ല. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന ജീവിതഗന്ധികളായിട്ടുള്ള സിനിമകളെടുത്തിട്ടുള്ള പഴയ സംവിധായകര്‍ നമുക്കുണ്ട്. ഏതു കാലത്തിന്റെയും സിനിമകളാണവ. പുതിയ കാലത്തിലെ ഒരു സംവിധായകന് ചിന്തിക്കുന്നതിനപ്പുറം പുരോഗമനപരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള സംവിധായകരാണവര്. സ്ത്രീപക്ഷ സിനിമ, പുതുതലമുറ സിനിമ എന്നോക്കെ വേര്‍തിരിക്കരുത്. സിനിമ, സിനിമ മാത്രമാണ്. ശബനാആസ്മി പറഞ്ഞു. രാജ്യാന്തര ചലച്ചിത്രോത്സവത്തിനെത്തിയ അവര്‍ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു.
സിനിമയിലെ സ്ത്രീസാന്നിധ്യം ഇപ്പോള്‍ വളരെ കൂടുതലാണ്. സ്ത്രീ കേന്ദ്രീകൃതമായ ധാരാളം സിനിമകളുണ്ടാകുന്നു. കൂടാതെ വളരെക്കൂടുതല്‍ സ്ത്രീകള്‍ സംവിധാനം, എഴുത്ത് മേഖലകളിലും ധാരളമായി പ്രതിഭ തെളിയിച്ചു. ചലച്ചിത്രമേളയില്‍ തന്നെ സ്ത്രീകളുടെ സാന്നിധ്യം ഓരോവര്‍ഷവും കൂടിക്കൂടി വരുന്നു. ഇത് നല്ല പ്രവണതയാണെന്നും ശബാന പറഞ്ഞു.
കേരളത്തില്‍ നിന്ന് ധാരാളം നല്ല സിനിമകളുണ്ടാകുന്നുണ്ട്. അതോടൊപ്പം മോശം പടങ്ങളും വരുന്നു. മറ്റു സ്ഥലങ്ങളില്‍ മോശം സിനിമകളാണ് കൂടുതലായി ഉണ്ടാകുന്നത്. വല്ലപ്പോഴുമാണൊരു നല്ല സിനിമയുണ്ടാകുന്നത്. മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ വിജയിക്കുന്നത് പുതിയ തരംഗമായി കാണേണ്ടതില്ല. പ്രേക്ഷകന് ഇഷ്ടപ്പെടുന്നതു കൊണ്ടാണ് അവര്‍ തീയറ്ററിലെത്തുന്നത്. സാമ്പത്തികമായി വിജയിക്കുന്ന സിനിമകള്‍ മാത്രമാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നത് എന്നു പറയുന്നതും ശരിയല്ല. തിയറ്ററില്‍ വിജയിക്കാത്ത പല മികച്ച സിനിമകളുമുണ്ടായിട്ടുണ്ട്.
സിനിമാ പ്രവര്‍ത്തകരുടെ സാമൂഹ്യമേഖലയിലെ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും കുറഞ്ഞു വരികയാണെന്ന് ശബാന ആസ്മി പറഞ്ഞു. സമൂഹത്തില്‍ പല നല്ല കാര്യങ്ങളും ചെയ്യാന്‍ താരങ്ങള്‍ക്ക് കഴിയും. സാമ്പത്തികമായ സഹായം മാത്രമല്ല. അവര്‍ സജീവമായി മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പലതും നേടിയെടുക്കാവുന്നതാണ്.
കൂടുതല്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷേ അതിനെല്ലാം വിലങ്ങുതടിയായി നില്‍ക്കുന്നത് സാമ്പത്തികമാണ്. സര്‍ക്കാരിന്റെ ഇടപെടലും സഹായവും ഉണ്ടെങ്കില്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും. നല്ല സിനിമകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കണം. ചലച്ചിത്രഅക്കാദമി പോലുള്ള സംവിധാനങ്ങള്‍ വഴി സഹായം നല്‍കാവുന്നതാണ്. കേരളം പോലെ സാംസ്കാരികമായി ഉന്നതിയിലുള്ള ഒരു സംസ്ഥാനം അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വരണം. ചലച്ചിത്ര നിര്‍മ്മാണത്തിലും വിതരണത്തിലും സര്‍ക്കാരിന്റെ ഇടപെടലും പങ്കാളിത്തവും ഉണ്ടാകേണ്ടതുണ്ട്. വലിയ മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാരിടപെടല്‍ ഉണ്ടാകണം.
സിനിമ കലാപ്രവര്‍ത്തനം പോലെ വ്യവസായവുമാണെന്ന് ശബാനആസ്മി പറഞ്ഞു. ഓരോ സിനിമയ്ക്കു പിന്നിലും നൂറുകണക്കിന് വ്യത്യസ്ത മേഖലകളിലുള്ള തൊഴിലാളികളുടെ പ്രവര്‍ത്തനമുണ്ട്. സിനിമ സംരക്ഷിക്കപ്പെടുമ്പോള്‍ അവരെക്കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ സര്‍ക്കാര്‍ സഹായവും സബ്സിഡികളുമില്ലാതെ നല്ല സിനിമയുണ്ടാകില്ലെന്നു ശബാന പറഞ്ഞു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: