ദേശീയ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പൂര്‍ത്തിയായിരിക്കുന്നു. ജനവിധി എന്താണെന്ന് മണിക്കുറുകള്‍ക്കകം അറിയാം. ഫലം എന്തായാലും മത്സരത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കുക, കളിയുടെ നിയമങ്ങളെല്ലാം പാലിക്കുക എന്നതാണ് യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. രാഷ്ട്രീയ മത്സരങ്ങളില്‍ പലപ്പോഴും ഇത് പ്രകടമാകാറില്ലെങ്കിലും. സ്പോര്‍ട്സിലായാലും രാഷ്ട്രീയത്തിലായാലും ഫൗളുകളും കള്ളക്കളികളും ശരിയല്ല. ജനാധിപത്യത്തില്‍ പ്രത്യേകിച്ചും. ഇപ്പോള്‍ കാര്യങ്ങള്‍ പഴയതുപോലെയല്ല. മാധ്യമ സാന്ദ്രത വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. പുതു തലമുറ വിദ്യാഭ്യാസത്തിലും ജീവിതാവബോധത്തിലും ഏറെ മുന്നിലാണ്. ഇക്കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ പരിഹാസ പാത്രങ്ങളായി മാറും.
അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞടുപ്പുകളില്‍ നിര്‍ണ്ണായകമായ വിഭാഗം പുതിയ വോട്ടര്‍മാരായിരുന്നു. ആവേശപൂര്‍വ്വം ഈ പുതിയ തലമുറ ജനാധിപത്യപ്രക്രിയയില്‍ അണിചേര്‍ന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ദല്‍ഹിയിലും ഛത്തീസ്ഗഢിലും. ദല്‍ഹിയും ഛത്തീസ് ഗഢും പല കാരണങ്ങള്‍ കൊണ്ടും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന സംസ്ഥാനങ്ങളാണ്. ദല്‍ഹിയില്‍ 80 ശതമാനവും മധ്യ- ഉപരി വര്‍ഗ്ഗ വോട്ടര്‍മാരാണെങ്കില്‍ ഛത്തീസ്ഗഢില്‍ 70 ശതമാനവും പിന്നോക്ക- ഗോത്ര വിഭാഗങ്ങളാണ്. എല്ലാ വിഭാഗത്തിലും പെട്ട യുവാക്കള്‍ ആവേശ പൂര്‍വ്വം തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാല്‍ ഇത്തരം രജതരേഖകള്ക്കിടയിലും അത്യന്തം നിരാശപ്പെടുത്തുന്ന സംഭവങ്ങളും അരങ്ങേറി. ജാതി രാഷ്ട്രീയത്തിന്റെ അതിപ്രസരമായിരുന്നു പല മണ്ഡലങ്ങളിലും. ജാതിയുടെ പേരില്‍ പരസ്യമായിത്തന്നെ പലമണ്ഡലങ്ങളിലും വോട്ട് ചോദിക്കുന്ന സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍പ്പോലും പരാതിയായെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വം അവശേഷിപ്പിച്ചു പോയ രാഷ്ട്രീയ കൊളോണിയലിസ്റ്റ് തന്ത്രങ്ങള്‍ പതിവു പോലെ ഇക്കുറിയും അരങ്ങേറുകയായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് മുതലെടുക്കുക എന്ന പഴയ കൊളോണിയലിസ്റ്റ് തന്ത്രം.
അത്തരം തന്ത്രത്തിന്റെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഐഎസ്ഐ പ്രസംഗം. അതിന്റെ പേരില്‍ കോണ്‍്ഗ്രസിന്റെ യുവരാജാവ് പുലിവാല് പിടിക്കുകയും ചെയ്തു.
ജാതി -വര്‍ഗ്ഗീയ പ്രചരണങ്ങള്‍ പഴയതുപോലെ ഇക്കുറി വിജയിച്ചിട്ടില്ലെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നാലെ ഇതെക്കുറിച്ച് പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയൂ. പുതുതലമുറ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തരം പ്രചരണങ്ങള്ക്കായിട്ടില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ മാര്‍ക്കറ്റ് വാല്യു ഈ തെരഞ്ഞടുപ്പ് പ്രചരണത്തോടെ വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഇത്തരം വിലകുറഞ്ഞ വര്‍ഗീയ കാര്‍ഡ് കളിക്കാന്‍ ശ്രമം നടത്തിയതാണ് അതിനുള്ള പ്രധാന കാരണം. നിയമസഭ തെരഞ്ഞടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കിയാലും ഇല്ലെങ്കിലും ഈ തെരഞ്ഞെടുപ്പുകളുടെ അജണ്ട ഇക്കുറി തീരുമാനിച്ചത് ബിജെപിയായിരുന്നു. സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന സര്‍ക്കാരുകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരായ ജനവികാരവും നരേന്ദ്ര മോദിയെക്കുറിച്ചുള്ള പ്രതീക്ഷകളും വോട്ടര്മാരിലേക്കെത്തിക്കുന്നതില് ബിജെപി വിജയിച്ചു. ഇതിന്റെ സ്വാധീനം വോട്ടര്‍മാരില്‍ എന്തു ചലനമുണ്ടാക്കിയെന്നത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാലെ വ്യക്തമായി പറയാന്‍ കഴിയൂ.
സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ എന്നതിനുപരിയായി ദേശീയ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിരുന്നു ഈ തെരഞ്ഞടുപ്പുകള്‍ എന്ന് വിലയിരുത്തപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. വാചാടോപങ്ങള്‍ക്ക് പകരം യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്ത് ചെയ്യാനുദ്ദേശിക്കുന്നു എന്ന് വോട്ടര്‍മാര്‍ തിരിച്ച് ചോദിക്കാനാരംഭിച്ചിരിക്കുന്നു.
വാചകക്കസര്‍ത്തുകള്‍ കൊണ്ട് മാത്രം തെരഞ്ഞടുപ്പുകള്‍ നേരിടാന്‍ കഴിയില്ല എന്ന വ്യക്തമായ പാഠവും ഈ തെരഞ്ഞടുപ്പുകള്‍ മുന്നോട്ട് വക്കുന്നുണ്ട് . അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെതിരായി പൊതുവെ ഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്ന് ഒരു കണക്കുകൂട്ടലുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്ന് ഇക്കുറി പൊതുവെ വ്യക്തമാവുകയാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കരിന്റെ ചെയ്തികളെ കൃത്യമയി വിലയിരുത്തി ബുദ്ധിപൂര്‍വ്വം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഇന്ത്യന്‍ ഇലക്ട്റേറ്റ് സജ്ജമായിക്കൊണ്ടിരിക്കുന്നു.
ക്വാളിറ്റി ഓഫ് ഗവേണന്‍സ് അഥവാ ഭരണത്തിന്റെ മേന്മ ഒരാശയമായി തെരഞ്ഞടുപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോവുകയാണ്. ഇക്കുറി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അത് സംഭവിച്ചില്ലെങ്കിലും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അടുത്ത തെരഞ്ഞടുപ്പുകളിലും തീര്‍ച്ചയായും അത് ഒരജണ്ടയായിത്തന്നെ ശ്രദ്ധയാകര്‍ഷിക്കും.
അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിലപാടുകളിലെ സുതാര്യത, സത്യസന്ധത, വികസനോന്മുഖത ,എന്നിവയോടൊപ്പം തന്നെ പരാജയങ്ങളും വിലയിരുത്തപ്പെടും. ശരാശരിയിലും താഴെ മാത്രം നില്ക്കുന്ന പ്രകടനം കൊണ്ട് ഒരു സര്‍ക്കാരിനും ഭരണത്തുടര്‍ച്ച ലഭിക്കില്ല. അതിന് വ്യക്തമായ നയവും പരിപാടികളും ആവശ്യമാണ്. ഇത്തരം നയങ്ങളും പരിപാടികളും നടപ്പിലാക്കുന്ന സര്‍ക്കാരുകള്‍ക്ക് തീര്‍ച്ചയായും വോട്ടര്‍മാര്‍ ഒരവസരം കൂടി നല്‍കും. മധ്യ പ്രദേശ് ഛത്തീസ് ഗഢ് എന്നിവിടങ്ങളില്‍ ഭരണമാറ്റമുണ്ടാകാനിടയില്ല എന്ന വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ്. എന്നാല്‍ ഈ ക്വാളിറ്റി ഓഫ് ഗവേണന്‍സ് നിലനിര്‍ത്തുന്നതില്‍ ഷീലാ ദീക്ഷിതും അശോക് ഗഹ്ലോട്ടും പരാജയപ്പെട്ടിരിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
രാജ്യത്തിന്റെ പ്രതിരോധ നയം , വിദേശ നയം, സാമ്പത്തികനയം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെറിറ്റിനെ അടിസ്ഥാനപ്പെടുത്തി വിലയിരുത്താന്‍ ഇലക്ട്രേറ്റ് കരുത്താര്ജിക്കുന്നുവെന്നത് ജനാധിപത്യത്തെ സംബന്ധിച്ച് ശുഭസൂചകമാണ്.
മോദി വിരുദ്ധ പ്രചരണവും വര്‍ഗീയ അജണ്ടകളും കൃത്യമായി നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോഴും വോട്ടര്‍മാര്‍ യഥാര്‍ത്ഥ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിവുള്ളവരായി മാറുന്നു എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞടുപ്പുകള്‍. അതുകൊണ്ടുതന്നെ ഫൈനലിനായുള്ള കാത്തിരിപ്പ് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
പംക്തി അവസാനിക്കുന്നു
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: