ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു ചെലവില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന് തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസ് അയച്ചു. കേജ്രിവാള് നല്കിയ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ ശേഖരിച്ച കണക്കുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തര്‍ മന്ദറില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംഗീതപരിപാടിയുടെ കണക്കിലാണ് പൊരുത്തക്കേട്. വ്യാഴാഴ്ചയാണ് കേജ്രിവാളിന് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നതെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഏതാനും ദിവസങ്ങള്‍ കൂടി അനുവദിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.
16 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കേജ്രിവാളും സംഘവും വിനിയോഗിച്ചത്. എന്നാല്‍ 14 ലക്ഷം രൂപമാത്രമാണ് പ്രചാരണ പരിപാടികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നത്. നവംബര്‍ 23ന് ജന്തര്‍ മന്ദറില്‍ നടന്ന പ്രചാരണപരിപാടിയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുത്ത പരിപാടിക്ക് പണം വാങ്ങിയിരുന്നില്ലെന്നാണ് ആം ആദ്മിയുടെ വിശദീകരണം. എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട കണക്കുകളിലാണ് ഇപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരിക്കുന്നത്. ജന്തര്‍മന്തറില്‍ പരിപാടിയുമായി ബന്ധപ്പെട്ട് 12 ലക്ഷം രൂപയുടെ കണക്കുകള്‍ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഗീത പരിപാടി സംഘടിപ്പിച്ചതിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കണക്കുകള്‍ വിശദീകരിക്കാതിരുന്നത് മനപ്പൂര്‍വ്വമല്ലെന്നും പരിപാടിക്ക് അവര്‍ പണം വാങ്ങാതിരുന്നതിനാലാണ് അതിന്റെ വിവരങ്ങള്‍ കണക്കില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം. ദല്‍ഹി തെരഞ്ഞെടുപ്പിനുശേഷം മൂന്ന് ദിവസത്തെ മെഡിറ്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയാണ് അരവിന്ദ്കേജ്രിവാള്. നോട്ടീസ് നല്‍കിയിട്ടും അതിന് മറുപടി നല്‍കാതിരുന്ന കേജ്രിവാളിന്റെ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: