പത്തനാപുരം: രാഷ്ട്രീയസമൂഹ്യപ്രവര്ത്തകര് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളാതെ സമൂഹനന്മക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ഇന്ന് പലരും രാഷ്ട്രീയത്തെ കാണുന്നതെന്നും ഇത് മാറണമെന്നും ബിജെപി നേതാവ് ഒ.രാജഗോപാല്‍. പത്തനാപുരം ഗാന്ധിഭവനില്‍ ഒരുവര്‍ഷം നീളുന്ന ജീവകാരുണ്യസംഗമപരമ്പരയുടെ 160-ാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ തിന്മകളെ മാത്രം കാണാതെ നന്മകള് കൂടി കണ്ടറിഞ്ഞ് പൊതുജനങ്ങളിലെത്തിക്കാന്‍ പത്രദൃശ്യമാധ്യമങ്ങള്‍ക്ക് സാധിക്കണം.
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മഹത്വം മറ്റൊന്നിനും ലഭിക്കുകയില്ല. സദാചാരമൂല്യങ്ങളുടെ തകര്‍ച്ചക്കും സാമൂഹ്യതിന്മകള്‍ക്കും എതിരെ ജനകീയഅവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗാന്ധിഭവന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ സിനിമാ നടന് കൊല്ലം തുളസി അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാമണി, മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, ഹൗസിംഗ് ബോര്‍ഡ് പിആര്‍ഒ എം.വി.തോമസ്, ആവണീശ്വരം ജയചന്ദ്രന്, ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: