തിരുവനന്തപുരം: ഹൈന്ദവാചാരങ്ങളെ അടച്ചാക്ഷേപിക്കുകയും ആറ്റുകാല്‍ പൊങ്കാലയെ അവഹേളിക്കുകയും ചെയ്യുന്ന ‘വെടിവഴിപാട്’ എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. ശംഭു പുരുഷോത്തമന് രചനയും സംവിധാനവും നിര്‍വ്വഹിച്ച് അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മ്മിച്ച സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഹൈന്ദവീകതയെ ആക്ഷേപിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ പിന്നീട് ചിത്രം കണ്ട ഷാജി.എന്‍.കരുണിന്റെ നേതൃത്വത്തിലുള്ള റിവൈസിംഗ് കമ്മിറ്റി യാതൊരു വെട്ടിക്കളയലുമില്ലാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. എ സര്‍ട്ടിഫിക്കറ്റോടെയാണ് അനുമതി.
സെന്‍സര്‍ ഓഫീസര്‍ മധുകുമാര്‍ അടക്കം അഞ്ചുപേരടങ്ങിയ സമതിയാണ് ആദ്യ സ്ക്രീനിംഗിന് ശേഷം ചിത്രത്തിന് അനുമതി നിഷേധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസം വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സ്ക്രീനിംഗ് കമ്മിറ്റി വിലയിരുത്തിയിരുന്നു. ഒപ്പം, റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം പരിശോധിക്കുന്നതിനായി ശുപാര്‍ശയും നല്കി. പ്രമുഖ സംവിധായകന് ഷാജി എന്‍ കരുണിന്റെ നേതൃത്വത്തിലുള്ള പത്തംഗ റിവൈസിംഗ് കമ്മിറ്റിയാണ് ഇപ്പോള്‍ വെട്ടിത്തിരുത്തലുകളൊന്നുമില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഷാജി.എന്‍.കരുണിന്റെ നേതൃത്വത്തിലുള്ള റിവൈസിംഗ് കമ്മിറ്റിയെ സ്വാധീനിച്ചാണ് ഇപ്പോള്‍ അനുമതി നേടിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ദിവസത്തില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ആറ്റുകാല്‍ പൊങ്കാലയുടെ യഥാര്‍ത്ഥ ദൃശ്യങ്ങളാണ് ചിത്രത്തിന് വേണ്ടി പകര്‍ത്തിയിരിക്കുന്നത്. സദാചാര വാദികള്‍ പൊറുക്കുക എന്ന തലക്കെട്ടോടെയാണ് നേരത്തെ ചിത്രത്തിന്റെ പ്രചരണ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നത്. മുരളി ഗോപിക്കും ഇന്ദ്രജിത്തിനും പുറമേ സൈജു കുറുപ്പ്, ശ്രീജിത്ത് രവി, മൈഥിലി, അനുമോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകളെല്ലാം പൊങ്കാലയ്ക്കു പോകുമ്പോള്‍ വീട്ടിലിരിക്കുന്ന പുരുഷന്മാര് എന്താണ് ചെയ്യുന്നതെന്നാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ആണുങ്ങള് വീട്ടിലേക്ക് വിളിച്ചു വരുത്തുന്ന അഭിസാരികയായ സ്ത്രീയുടെ വൃത്തികെട്ട സംസാര രീതിയും ഇതു തന്നെയാണ് പൊങ്കാല നിവേദ്യമെന്നു പറയുന്നതുമെല്ലാം സദാചാരത്തിനും വിശ്വാസങ്ങള്‍ക്കും എതിരായിരുന്നു. ആണുങ്ങളും സ്ത്രീയുമൊത്തുള്ള രംഗത്തിനൊപ്പം ടീവിയിലെ പൊങ്കാലയുടെ കമന്ററിയും കേള്‍പ്പിക്കുന്നു. ചിത്രത്തിലുടനീളം ഹൈന്ദവ ആരാധനാ രീതികളെയും ആറ്റുകാല്‍ പൊങ്കാല ഉത്സവത്തെയുമെല്ലാം അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഒരു കാരണവശാലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് സെന്സര്കമ്മിറ്റി നിര്‍ദ്ദേശിക്കുകയും ചിത്രം പുറത്തു വന്നാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കിടയാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതാണ്. ഇത്തരത്തിലുള്ള എല്ലാ നിര്‍ദ്ദേശങ്ങളെയും അവഗണിച്ചുകൊണ്ടാണ് ഷാജി.എന്‍.കരുണിന്റെ നേതൃത്വത്തിലുള്ള പത്തംഗ കമ്മിറ്റി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ ചിത്രത്തിലെ നായകനായ മുരളിഗോപി സെന്‍സര്‍ കമ്മിറ്റി അംഗങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കേരള റീജിയന് അനുമതി നിഷേധിച്ച ചിത്രത്തിന് റിവൈസിംഗ് കമ്മിറ്റിക്ക് വേണമെങ്കില്‍ അനുമതി നല്‍കാവുന്നതാണ്. എന്നാല്‍ ആദ്യം ചിത്രം കണ്ട കമ്മിറ്റി പ്രദര്‍ശിപ്പിക്കരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ച ചിത്രത്തിന് യാതൊരു മാറ്റവും വരുത്താതെ പ്രദര്‍ശനാനുമതി നല്കിയ നടപടി സംശയമുണര്‍ത്തുന്നതാണ്. ഏതുവിധേനെയും പ്രദര്‍ശനാനുമതി നേടിയെടുക്കുമെന്ന വാശിയിലായിരുന്നു സിനിമയുടെ സംഘാടകര്‍. പിന്നില്‍ വഴിപിട്ട ഇടപാടുകളുണ്ടെന്ന ആക്ഷേപത്തിന് പ്രസക്തിയുണ്ടാകുന്നതും അതിനാലാണ്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: