ബംഗളൂരു: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ അവസാന ദിനം കേരളം ട്രാക്കില്‍ നിന്ന് വെട്ടിപ്പിടിച്ചത് 9 സ്വര്‍ണ്ണം. ഇതില്‍ ഒരെണ്ണം പുതിയ ദേശീയ റെക്കോര്‍ഡോടെയും. 800 മീറ്ററില്‍ സ്കൂള്‍ കായികമേളയിലെ സുവര്ണ്ണതാരവും പി.ടി. ഉഷയുടെ ശിഷ്യയുമായ ജെസ്സിജോസഫാണ് പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. തന്റെ തന്നെ പേരിലുള്ള 2 മിനിറ്റ് 08.67 സെക്കന്റിന്റെ റെക്കോര്‍ഡാണ് 2 മിനിറ്റ് 08.65 സെക്കന്റില്‍ ഫിനിഷ് ചെയ്ത് തിരുത്തിക്കുറിച്ചത്. 2006-ല്‍ ടിന്റു ലൂക്ക സ്ഥാപിച്ച 2 മിനിറ്റ് 10.32 സെക്കന്റിന്റെ മീറ്റ് റെക്കോര്‍ഡും ജെസ്സി മറികടന്നു. കേരളത്തിന്റെ തന്നെ തെരേസ ജോസഫിനാണ് ഈയിനത്തില്‍ വെള്ളിമെഡല്‍.
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയിലും ജെസ്സി ഈയിനത്തില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സില് പരിശീലനം നടത്തുന്ന ജെസ്സി കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഇക്കഴിഞ്ഞ സാഫ് ജൂനിയര്‍ മീറ്റില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി ലോക ജൂനിയര്‍ മീറ്റിനും ഏഷ്യന്‍ ജൂനിയര്‍ മീറ്റിനും യോഗ്യത നേടിയ ഏക മലയാളിതാരം കൂടിയാണ് ജെസ്സി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് പുത്തന്‍പുരയ്ക്കല്‍ ജോസഫിെന്റയും സുജയുടെയു മകളാണ്. വെള്ളി മെഡല്‍ നേടിയ തെരേസ ജോസഫ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ വിദ്യാര്‍ത്ഥിനിയാണ്.
പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ സ്വര്ണ്ണചിത്ര ഡബിള്‍ തികച്ചു. കഴിഞ്ഞ ദിവസം 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണ്ണം നേടി ഡബിള്‍ തികച്ച പാലക്കാട് പറളി സ്കൂളിന്റെ വി.വി. ജിഷക്ക് പിന്നാലെയാണ് ചിത്രയും ഇരട്ട സ്വര്‍ണ്ണം തികച്ചത്. നേരത്തെ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചിത്ര ഇന്നലെ 800 മീറ്ററിലും സ്വര്‍ണ്ണം നേടിയാണ് ഡബിള്‍ തികച്ചത്. ജിഷ ഇന്നലെ റിലേയിലും സ്വര്‍ണ്ണം നേടി.
ചിത്രക്കും ജെസ്സിക്കും പുറമെ അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിസ്ന മാത്യു, ഇതേയിനം അണ്ടര്‍ 18 വിഭാഗത്തില്‍ ഷഹര്‍ബാന സിദ്ദീഖ് എന്നിവര്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. 100 മീറ്ററില്‍ കനത്ത തിരിച്ചടി നേരിട്ട കേരളത്തിന് 200 മീറ്ററിലെ രണ്ട് സ്വര്‍ണ്ണം ആശ്വാസം നല്‍കുന്നതാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.66 മീറ്റര്‍ ചാടി ഏയ്ഞ്ചല്‍ പി. ദേവസ്യ, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പി.കെ. മുഹമ്മദ് റഷീദ്, 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ ഷിജോ ഷാജന് എന്നിവരാണ് വ്യക്തിഗത സ്വര്‍ണ്ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണ്ണം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമല്‍ ജോസഫ്, അനൂപ്. ഡി, മുഹമ്മദ് ഷെര്‍സാദ്, എ. അലക്സ് എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 15.71 സെക്കന്റിലും പി.എസ്. ശ്രുതി, പി.എം. അരുണിമ, സോണിയ തോമസ്, വി.വി. ജിഷ എന്നിവരടങ്ങിയ പെണ്‍കുട്ടികളുടെ ടീം 4 മിനിറ്റ് 00.46 സെക്കന്റില്‍ ഫിനിഷ് ചെയ്തുമാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ സി. രംഗിത വെള്ളിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: